Ramesh Narayan: “പുരസ്കാരം തരുന്നത് ആസിഫ് അലിയാണെന്ന് അറിഞ്ഞിരുന്നില്ല, അപമാനിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു”; രമേശ് നാരായൺ
Ramesh Narayan Asif Ali Controversy: ഒരിക്കലും താനാരെയും ബോധപൂർവം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നുമാണ് രമേശ് നാരായൺ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
തിരുവനന്തപുരം: ‘മനോരഥങ്ങൾ’ ആന്തോളജി സീരിസിന്റെ ട്രെയിലർ റിലീസിനിടെ നടൻ ആസിഫ് അലിയെ (Asif Ali) അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്ന ആരോപണത്തിൽ വിശദീകരണവുമായി സംഗീത സംവിധായകൻ രമേശ് നാരായൺ (Ramesh Narayan) രംഗത്ത്. ഒരിക്കലും താനാരെയും ബോധപൂർവം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നുമാണ് രമേശ് നാരായൺ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
“ആസിഫ് അലിയെ താൻ അപമാനിച്ചിട്ടില്ല. അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഒരിക്കലും കരുതികൂട്ടി ഞാൻ ആസിഫ് അലിയുടെ കൈ തട്ടി മാറ്റിയിട്ടില്ല. എൻ്റെ മനസ്സിൽ ജയരാജ് കൂടെ അവിടെ വേണമെന്നുണ്ടായിരുന്നു. ഒരാളെയും വിഷമിപ്പിക്കാനോ അധിക്ഷേപ്പികാനോ ഞാൻ ഉദ്ദേശിക്കുന്നില്ല. ആസിഫ് അലിയാണ് പുരസ്കാരം തരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. മറ്റ് ശബ്ദങ്ങൾ കാരണം അനൗൺസ്മെൻ്റ് കേട്ടില്ല. സ്റ്റേജിൽ അല്ല ഞാൻ കയറിയത്. താഴെയാണ് നിന്നത്. ആസിഫ് അലി വന്നു തന്നു. പിന്നീട് അസിഫിനെ ഞാനവിടെ കണ്ടില്ല. ഞാൻ ഇപ്പോഴും ചെറിയ ആളാണ് എനിക് അതിൽ ബോധമുണ്ട്. ഞാൻ ഒന്നുമല്ല. എന്റെ പേരിൽ തെറ്റിദ്ധാരണ വന്നതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ആസിഫ് എന്റെ പ്രിയപ്പെട്ട നടൻമാരിൽ ഒരാളാണ്. ഞാൻ ആസിഫിനെ വിളിക്കാനിരിക്കുകയാണ്. തെറ്റുപ്പറ്റിയെങ്കിൽ മാപ്പ് ചോദിക്കും. എനിക്ക് മാപ്പ് ചോദിക്കാൻ യാതൊരു മടിയുമില്ല” രമേശ് നാരായൺ മാധ്യമങ്ങളോട് പറഞ്ഞു.
നടൻ അസിഫ് അലിയുടെ കൈയ്യിൽ നിന്നും അവാർഡ് വാങ്ങാൻ രമേഷ് നാരായൺ വിസമ്മതിച്ചുവെന്നായിരുന്നു ആരോപണം. പകരം സംവിധായകൻ ജയരാജൻ കൈയ്യിൽ നിന്നും രമേഷ് നാരയണൻ അവാർഡ് ഏറ്റു വാങ്ങുകയായിരുന്നു. എംടിയുടെ ഒമ്പത് കഥകൾ കോർത്തിണിക്കി ഒരുക്കിയ ആന്തോളജിയിൽ ഒരു ഭാഗം സംവിധാനം ചെയ്യുന്നത് ജയരാജാണ്. സ്വർഗം തുറക്കുന്ന സമയം എന്ന ജയരാജ് ഒരുക്കുന്ന ഭാഗത്തിന് സംഗീത നൽകിയിരിക്കുന്നത് രമേഷ് നാരായണനാണ്.
അതേസമയം രമേഷ് നാരയണനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പൊതുവേദിയിൽ ഒരുക്കിലും പാടില്ലാത്ത പ്രവർത്തിയാണ് സംഗീത സംവിധായകൻ ചെയ്തെന്നാണ് പലരും വിമർശനമായി ഉന്നയിക്കുന്നത്. സംവിധായകൻ പ്രിയദർശനാണ് ആന്തോളജി ചിട്ടപ്പെടുത്തിയിരിക്കുന്നത്. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി കൊണ്ട് പ്രിയദർശൻ തന്നെ ഒരുക്കിയ ഓളവും തീരവും ശിലാലിഖിതം, മമ്മൂട്ടിയെ വെച്ച് രഞ്ജിത്ത് ഒരുക്കുന്ന കടുഗണ്ണാവ ഒരു യാത്ര, ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന കാഴ്ച, എം.ടിയുടെ മകൾ അശ്വതി വി നായർ സംവിധാനം ചെയ്യുന്ന വിൽപന, ഷെർലോക്ക് സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണൻ, സന്തോഷ് ശിവൻ ഒരുക്കിയ അഭയം തേടി വീണ്ടും, രതീഷ് അമ്പാട്ട് ഒരുക്കുന്ന കടൽക്കാറ്റ്, ജയരാജ് സംവിധാനം ചെയ്യുന്ന സ്വർഗം തുറക്കുന്ന സമയം തുടങ്ങിയവാണ് ആന്തോളജിയുടെ ഭാഗമായ കഥകൾ. കമൽ ഹാസനും ആന്തോളിയുടെ ഭാഗമായിട്ടുണ്ട്.