Rapper Vedan: ‘വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു’; വേടനെതിരെ ബലാത്സംഗ കേസ്
Rapper Vedan Case: പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കഴിഞ്ഞ ദിവസം രാത്രിയാണ് വേടനെതിരെ കേസെടുത്തത്. കൂടുതൽ തെളിവ് ശേഖരിക്കാനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം.
കൊച്ചി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിക്കെതിരെ ബലാത്സംഗ കേസ്. കോട്ടയം സ്വദേശിനിയായ യുവഡോക്ടറുടെ പരാതിയിൽ കൊച്ചി തൃക്കാക്കര പൊലീസാണ് കേസെടുത്തത്. ഐപിസി 376 (2) (n) വകുപ്പനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ബിഎൻഎസ് വരുന്നതിന് മുമ്പാണ് കുറ്റകൃത്യം നടന്നു എന്നതുകൊണ്ടാണ് ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2021 ആഗസ്റ്റ് മുതൽ 2023 മാർച്ച് മാസം വരെ തൃക്കാക്കരയിലേയും മറ്റു പലയിടങ്ങളിലേയും ഫ്ലാറ്റുകളിൽ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനം.
എന്നാൽ പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് വേടൻ പിൻമാറി. ഇത് തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകൾ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നത് എന്നും യുവതി പൊലീസിനോട് പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നാണ് യുവ ഡോക്ടർ പറയുന്നത്.
പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കഴിഞ്ഞ ദിവസം രാത്രിയാണ് വേടനെതിരെ കേസെടുത്തത്. കൂടുതൽ തെളിവ് ശേഖരിക്കാനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം. വേടനെതിരെ നേരത്തെ മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു.