Renju Renjimar: കണ്ണില്‍ കണ്ട കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്, അമ്മ ഷോയിൽ നടന്നതിന് ഞാനും ദൃക്‌സാക്ഷി; നടിക്ക് വേണ്ടി സംസാരിച്ച ശേഷം ഭീഷണി ഉണ്ടായി’
Renju Renjimar On Dileep Actress Assault Case: മുൻപ് ആ നടിക്ക് എത്രയോ മേക്കപ്പുകള്‍ താൻ ചെയ്തിട്ടുണ്ടെന്നും എന്നാൽ ആ സംഭവത്തിന് ശേഷം ആ നടിക്കോ അവരുമായി ചേര്‍ന്ന് നില്‍ക്കുന്ന ഒരു നടിക്കും താന്‍ മേക്കപ്പ് ചെയ്‌തിട്ടില്ലെന്നുമാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്.
മലയാള സിനിമ മേഖലയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു നടിയെ ആക്രമിക്കപ്പെട്ട സംഭവം. കേസിൽ വിധി വരാൻ ഇനി രണ്ട് ദിവസം മാത്രം അവശേഷിക്കെ നടൻ ദിലീപിന്‍റെ കാര്യത്തില്‍ കോടതി എന്തുപറയുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്. ഇപ്പോഴിതാ കേസിനെ കുറിച്ച് സംസാരിക്കുകയാണ് പ്രമുഖ മേക്കപ്പ് ആർട്ടിസ്‌റ്റ് ആയ രഞ്ജു രഞ്ജിമാർ.
കേസിന്റെ ആദ്യ ഘട്ടം മുതൽ ആക്രമിക്കപ്പെട്ട നടിക്ക് പൂർണ പിന്തുണ നൽകിയവരിൽ ഒരാളായിരുന്നു ഞ്ജു രഞ്ജിമാർ. നടിക്ക് പിന്തുണ നൽകിയതിന്റെ പേരിൽ ഏറെ ഭീഷണികൾ അവർ നേരിടേണ്ടി വന്നിരുന്നു. അതിനെ കുറിച്ച് പ്രതികരിക്കുകയാണ് അവരിപ്പോൾ. സമകാലികം മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം.
നടിക്ക് വേണ്ടി സംസാരിച്ചതിനു തന്നെ ഇപ്പോഴും സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നുണ്ടെന്നും ഇത് സാമ്പത്തികമായി തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്നും രഞ്ജു രഞ്ജിമാർ പറയുന്നു. കോടതി വിധി എന്ത് തന്നെയായാലും ജനങ്ങളുടെ മനസ്സിൽ നടിക്ക് നീതി ലഭിച്ചുവെന്നും 2013-ൽ അമ്മയുടെ ഷോയിൽ നടന്ന സംഭവങ്ങളില്‍ താനും ദൃക്‌സാക്ഷിയായിരുന്നുവെന്നും അവർ പറയുന്നു.
Also Read:ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
സംഭവത്തിനു ശേഷം പല രാത്രികളിലും നടിയെ താൻ വിളിക്കാറുണ്ട്. പല സമയത്തും ആത്മഹത്യയുടെ തുമ്പത്തു നിന്നും രക്ഷിച്ചിട്ടുണ്ട്. ജനങ്ങളുടെ മനസിലും ദൈവത്തിന്റെ നീതിന്യായ കോടതിയിലും നടിക്ക് നീതി കിട്ടിക്കഴിഞ്ഞു എന്ന് താൻ പറയാറുണ്ട്. എന്ത് വില കൊടുത്തും വാങ്ങാൻ കഴിയുന്ന നീതിന്യായ വ്യവസ്ഥ ഉണ്ടാവുമ്പോൾ അവിടെ നീതി കിട്ടുമോ എന്ന് തനിക്കറിയില്ലെന്നും അവർ പറയുന്നു.
മുൻപ് ആ നടിക്ക് എത്രയോ മേക്കപ്പുകള്‍ താൻ ചെയ്തിട്ടുണ്ടെന്നും എന്നാൽ ആ സംഭവത്തിന് ശേഷം ആ നടിക്കോ അവരുമായി ചേര്‍ന്ന് നില്‍ക്കുന്ന ഒരു നടിക്കും താന്‍ മേക്കപ്പ് ചെയ്‌തിട്ടില്ല. വ്യക്തമായി അറിയുന്ന കാര്യങ്ങള്‍ മാത്രമാണ് താൻ പറഞ്ഞതെന്നും തന്റെ കണ്ണില്‍ കണ്ട കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞതെന്നും രഞ്ജു പറയുന്നു