Samantha Ruth Prabhu: ‘രണ്ട് വർഷത്തെ ഇടവേള പലതും പഠിപ്പിച്ചു’; മനസ് തുറന്ന് സാമന്ത
Samantha Ruth Prabhu: സിനിമയിൽ നിന്ന് വിട്ട് നിന്നത് വിജയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറാൻ സഹായിച്ചുവെന്നും ഇന്ന്, വിജയത്തിന്റെ എന്റെ നിർവചനം സ്വാതന്ത്ര്യമാണെന്നും സാമന്ത പറയുന്നു.
അഭിനയ രംഗത്തെ രണ്ട് വർഷത്തെ ഇടവേളയെ കുറിച്ചും ആ സമയത്തെ മാറ്റങ്ങളെ കുറിച്ചും മനസ് തുറന്ന് സാമന്ത റൂത്ത് പ്രഭു. സിനിമയിൽ നിന്ന് വിട്ട് നിന്നത് വിജയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറാൻ സഹായിച്ചുവെന്ന് താരം പറയുന്നു,
ഇന്ന്, വിജയത്തിന്റെ എന്റെ നിർവചനം സ്വാതന്ത്ര്യമാണെന്ന് സാമന്ത പറഞ്ഞു. രണ്ട് വർഷത്തെ ഇടവേള എടുക്കാനുള്ള സ്വാതന്ത്ര്യം, വളരാനുള്ള സ്വാതന്ത്ര്യം, പരിണമിക്കാനുള്ള സ്വാതന്ത്ര്യം, ഒരു പെട്ടിയിലും ഒതുങ്ങാത്ത സ്വാതന്ത്ര്യം. രണ്ട് വർഷമായി എന്റെ ഒരു സിനിമയും റിലീസ് ചെയ്തിട്ടില്ല. കൂടുതൽ വ്യക്തതയും ലക്ഷ്യബോധവും ഈ ഇടവേള നൽകിയതായും താരം ചൂണ്ടിക്കാട്ടി.
മുമ്പുള്ളതുമായി താരതമ്യം ചെയ്യുമ്പോൾ പലരും താനൊരു പരാജയമാണെന്ന് കരുതുന്നുണ്ടാവാം. എന്നാൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതിനേക്കാൾ കൂടുതൽ വിജയിച്ചത് ഇപ്പോഴാണെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് താല്പര്യമുള്ളതും എന്റെ ലക്ഷ്യങ്ങളുമായി ചേർന്ന് നിൽക്കുന്നതുമായ പല കാര്യങ്ങളും ഇപ്പോൾ ചെയ്യുന്നുണ്ട്. അതിനാൽ ഓരോ ദിവസവും സന്തോഷത്തോടെയും ആകാംക്ഷയോടെയുമാണ് താൻ ഉണരുന്നതെന്ന് സാമന്ത പറയുന്നു.
ALSO READ: ‘എംഡിഎംഎ അടിച്ചിട്ടാണോ സ്റ്റേജിൽ കയറുന്നത്’? വിമർശിച്ചവർക്ക് മറുപടിയുമായി അഭിരാമി സുരേഷ്
2023-ൽ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം അഭിനയിച്ച ‘കുശി’ എന്ന ചിത്രത്തിന് ശേഷമാണ് സാമന്ത ശേഷം ഇടവേള എടുത്തത്. അതിനിടെ വരുൺ ധവാനോടൊപ്പമുള്ള ‘സിറ്റാഡൽ: ഹണി ബണ്ണി’ എന്ന ആക്ഷൻ പരമ്പരയിലെ ശക്തമായ വേഷം ഒരുപാട് ശ്രദ്ധിക്കപ്പെട്ടു.
രാജ് നിദിമോരു, കൃഷ്ണ ഡികെ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘രക്ത ബ്രഹ്മാണ്ഡ്: ദി ബ്ലഡി കിംഗ്ഡം’ എന്ന സീരീസാണ് സാമന്തയുടേതായി റിലീസിന് ഒരുങ്ങുന്നത്. ആദിത്യ റോയ് കപൂർ, അലി ഫസൽ, വാമിക ഗബ്ബി, ജയ്ദീപ് അഹ്ലാവത് എന്നിവരും ഇതിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഈ വർഷം പുറത്തിറങ്ങിയ ‘ശുഭം’ എന്ന തെലുങ്ക് ചിത്രത്തിലൂടെ സാമന്ത നിർമ്മാതാവായി അരങ്ങേറ്റം കുറിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ‘മാ ഇൻതി ബംഗാരം’ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിലും താരം തിരിച്ചുവരവിന് ഒരുങ്ങുകയാണ്.