“അച്ഛൻ്റെയും അമ്മയുടെയും പ്രണയം, വിവാഹം’; സംഗീത് എന്ന പേരിന് പിന്നിലെ കഥ പറഞ്ഞ് സംഗീത് പ്രതാപ്
Sangeeth Prathap Opens Up About His Parents' Love Story: വിവാഹശേഷം അച്ഛനും അമ്മയും ഒരു ചെറിയ വീട്ടിലേക്കാണ് താമസം മാറിയത്. കോഴിക്കൂട് പോലെയുള്ള ഒരു ചെറിയ വീടായിരുന്നു അതെന്നാണ് അവർ എപ്പോഴും പറയാറുള്ളത്. ഒരു ക്യാമറാമാനായിരുന്ന അച്ഛന് ലഭിച്ചിരുന്നന്ന വരുമാനത്തിലായിരുന്നു അന്നത്തെ ജീവിതം മുന്നോട്ട് പോയിരുന്നത്. അച്ഛന് അത്യാവശ്യം വർക്ക് ഉണ്ടായിരുന്നു. അതിൻ്റെ ഭാഗമായി ആളുകൾ വന്നിരുന്നത് ആ കുടുസ്സ് വീട്ടിലേക്കാണ്

സംഗീത് പ്രതാപ്
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തൻ്റെ ജീവിതത്തിൽ സംഗീതത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് തുറന്നുപറഞ്ഞ് യുവനടൻ സംഗീത് പ്രതാപ്. അച്ഛനും അമ്മയും തനിക്ക് ‘സംഗീത്’ എന്ന് പേരിടാൻ ഉണ്ടായ കാരണവും, അവരുടെ പ്രണയവും ജീവിതത്തിലെ പ്രതിസന്ധികളുമെല്ലാം ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ താരം പങ്കുവെച്ചു. മാതാപിതാക്കളുടെ പ്രണയവിവാഹമായിരുന്നുവെന്നും, അതിന് ശേഷം അവർ നേരിട്ട കടുത്ത ജീവിത പോരാട്ടങ്ങൾക്കൊടുവിൽ ലഭിച്ച സന്തോഷത്തിൻ്റെയും സംഗീതത്തിൻ്റെയും ഒരു നിമിഷമാണ് തൻ്റെ ഈ പേരിന് പിന്നിലെ കാരണമായതെന്നും താരം പറയുന്നു.
വിവാഹശേഷം അച്ഛനും അമ്മയും ഒരു ചെറിയ വീട്ടിലേക്കാണ് താമസം മാറിയത്. കോഴിക്കൂട് പോലെയുള്ള ഒരു ചെറിയ വീടായിരുന്നു അതെന്നാണ് അവർ എപ്പോഴും പറയാറുള്ളത്. ഒരു ക്യാമറാമാനായിരുന്ന അച്ഛന് ലഭിച്ചിരുന്നന്ന വരുമാനത്തിലായിരുന്നു അന്നത്തെ ജീവിതം മുന്നോട്ട് പോയിരുന്നത്. അച്ഛന് അത്യാവശ്യം വർക്ക് ഉണ്ടായിരുന്നു. അതിൻ്റെ ഭാഗമായി ആളുകൾ വന്നിരുന്നത് ആ കുടുസ്സ് വീട്ടിലേക്കാണ്. അടുക്കളയിലെ പാത്രങ്ങളടക്കം അവർ രണ്ട് പേരും ചെർന്ന് പലപ്പോഴായി വാങ്ങിയാണ് ജീവിതം തുടങ്ങിയത്.
പിന്നീട് ഇരുവരും ഒരുമിച്ച് കഷ്ടപ്പെട്ടാണ് ഇന്നത്തെ നിലയിലുള്ള ഒരു വീട്ടിലേക്ക് എത്തിയത്. ജീവിതത്തിൽ അവർ അത്രത്തോളം പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ട്. ഡെലിവറി ആകുന്നത് വരെ വരെ അമ്മയും ജോലിക്ക് പോയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ അച്ഛൻ്റെ സുഹൃത്തുക്കൾ ചേർന്നാണ് ആശുപത്രി ചിലവുകൾക്കുള്ള പണം പോലും കണ്ടെത്തി നൽകിയതെന്ന് അച്ഛനും അമ്മയും പറഞ്ഞത് സംഗീത് ഓർക്കുന്നു.
Also Read: ‘പഴയ പയ്യനല്ല, കട്ടി മീശയും പൊലീസ് യൂണിഫോമും’; പുതിയ വേഷത്തെ കുറിച്ച് മാത്യു തോമസ്
ഈ കഷ്ടപ്പാടുകൾക്കിടയിലും അച്ഛന് ഏറ്റവും കൂടുതൽ ആശ്വാസം നൽകിയിരുന്നത് പാട്ടുകളായിരുന്നു. അങ്ങനെ ആശുപത്രിയിലെ ദിവസങ്ങൾക്ക് ശേഷം അമ്മയും കുഞ്ഞും വീട്ടിൽ തിരിച്ചെത്തി. ഒരു ദിവസം അച്ഛൻ ചാരുകസേരയിൽ കിടന്ന് പ്രശസ്ത സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിൻ്റെ ‘സംഗീതമേ…’ എന്ന ഗാനം ആസ്വദിക്കുന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു. ആ നിമിഷത്തിലാണ് മകന് ‘സംഗീത്’ എന്ന് പേരിടാമെന്ന തീരുമാനത്തിലേക്ക് അവർ എത്തിയത്.
അച്ഛനെപ്പോലെ തന്നെ തൻ്റെയും സമാധാനം സംഗീതം തന്നെയാണെന്ന് സംഗീത് പ്രതാപ് വ്യക്തമാക്കുന്നു. സംഗീതത്തിനൊപ്പം ഡ്രൈവിംഗും തനിക്ക് വലിയ ഇഷ്ടമാണ്. ലോകത്തിൻ്റെ ബഹളങ്ങളിൽ നിന്ന് മാറിനിൽക്കാനും മനസ്സൊന്ന് ശാന്തമാക്കാനും ഈ രണ്ട് കാര്യങ്ങളാണ് തന്നെ സഹായിക്കുന്നത്. ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും ഒരു പാട്ട് കേൾക്കുമ്പോൾ ഇല്ലാതാകുമെന്നും, അതാണ് സംഗീതവുമായുള്ള തൻ്റെ ആത്മബന്ധമെന്നും താരം കൂട്ടിച്ചേർത്തു.
English Summary
Actor Sangeeth Prathap revealed the touching story behind his name in a recent interview. He shared that his parents, who had a love marriage, faced severe financial struggles early on. Finding solace in music, his parents named him ‘Sangeeth’ while listening to a classic song by Raveendran Master.