Sarvam Maya: ബോക്സോഫീസിനെ തൂക്കിയടിച്ച് പ്രഭേന്ദുവും കൂട്ടരും; നിവിൻ പോളിയുടെ ആദ്യ 100 കോടിയെന്ന് വിലയിരുത്തൽ
Sarvam Maya Box Office: നിവിൻ പോളിയുടെ സർവം മായ ബോക്സോഫീസിൽ നടത്തുന്നത് സമാനതകളില്ലാത്ത കുതിപ്പ്. ഓരോ ദിവസവും സിനിമയുടെ കളക്ഷനിൽ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്.
ബോക്സോഫീസിൽ തേരോട്ടം തുടർന്ന് സർവം മായയുടെ കുതിപ്പ്. ആദ്യ ദിവസത്തേക്കാൾ കളക്ഷൻ നേടിയ രണ്ടാം ദിവസവും അതിനെക്കാൾ കളക്ഷൻ നേടിയ മൂന്നാം ദിവസവുമാണ് നിവിൻ പോളിച്ചിത്രത്തിൻ്റെ കുതിപ്പിന് തെളിവാകുന്നത്. താരത്തിൻ്റെ കരിയറിൽ ആദ്യമായി 100 കോടി കളക്ഷൻ നേടുന്ന സിനിമയാകാൻ സർവം മായയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.
ആദ്യ ദിനം മൂന്നരക്കോടി രൂപ കളക്ഷനാണ് കേരള ബോക്സോഫീസിൽ നിന്ന് സർവം മായ നേടിയത്. ആഗോളബോക്സോഫിൽ എട്ട് കോടി രൂപയും സർവം മായ റിലീസ് ദിവസം നേടി. പിറ്റേദിവസം കേരള ബോക്സോഫീസിലും ആഗോള ബോക്സോഫീസിലും കളക്ഷനിൽ വർധനവുണ്ടായി. കേരള ബോക്സോഫീസിൽ 20 ശതമാനം വർധനയോടെ 4.2 കോടി രൂപയാണ് സിനിമ രണ്ടാം ദിനം കളക്ട് ചെയ്തത്. ആഗോളതലത്തിൽ രണ്ടാം ദിവസം 12 കോടി രൂപ കളക്ഷൻ നേടിയെന്നും റിപ്പോർട്ടുകളുണ്ട്. രണ്ട് ദിവസത്തിൽ കേരള ബോക്സോഫീസിൽ നിന്ന് 7.7 കോടി രൂപയും ആഗോളതലത്തിൽ 20 കോടിയും.
സിനിമ റിലീസായി മൂന്നാം ദിവസമാണ് ഇന്ന്. ഇന്നത്തെ അഡ്വാൻസ് ബുക്കിംഗ് രണ്ടാം ദിവസത്തെക്കാൾ 30 ശതമാനം അധികമാണെന്ന് ട്രാക്കർമാർ പറയുന്നു. മൂന്നാം ദിവസം കേരള ബോക്സോഫീസിൽ നിന്ന് സിനിമ അഞ്ച് കോടി രൂപ സ്വന്തമാക്കാൻ സാധ്യതയുണ്ടെന്നും ട്രാക്കർമാർ വിലയിരുത്തുന്നു. കേരളത്തിൽ നിന്ന് ഞായറാഴ്ച വരെ 18-19 കോടി രൂപ സിനിമ കളക്ട് ചെയ്തേക്കും. ആഗോളതലത്തിൽ 45 കോടി രൂപ ഈ സമയത്ത് സിനിമ വാരിയേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ഒരാഴ്ച കൂടി തീയറ്ററിൽ തുടർന്നാൽ സർവം മായ 100 കോടി രൂപയെന്ന മാജിക് സംഖ്യയിലും എത്തിച്ചേരും.