Kalyanaraman Movie: അതെന്താടാ നിനക്ക് ചോറ് വേണ്ടാത്തെ? കല്യാണരാമനിലെ ഈ സീനിനു പിന്നിലും ഉണ്ട് ഒരു കഥ
Kalyanaraman Movie Comedy Scene:സിനിമയിൽ കല്യാണം കഴിഞ്ഞതിനു ശേഷം സദ്യ കഴിക്കുന്ന ഇന്നും ആളുകൾ ചിരി പടർത്തുന്നതാണ്.ഈ സീനിൽ സലിംകുമാർ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും ദിലീപ് വന്ന് തർക്കിക്കുന്നതും എല്ലാം ആദ്യമേ എഴുതിയിരുന്നതാണ്. ആ സമയത്ത് ഭക്ഷണം വിളമ്പുന്ന ആള് മാത്രമായിട്ടായിരുന്നു ഇന്നസെന്റ് ചേട്ടൻ ഉണ്ടായത്. പക്ഷേ അവിടെ അദ്ദേഹത്തിന് പെർഫോം ചെയ്യാനായിട്ട് ഒന്നുമില്ല എന്നൊരു തോന്നൽ ഉണ്ടായി. അപ്പോൾ ഇന്നസെന്റ് തന്നെയാണ്....
ചില സിനിമയും സീനുകളും എല്ലാം എത്ര കണ്ടാലും മടുക്കില്ല. അത്തരത്തിൽ മലയാളികൾ എന്നും മടുപ്പില്ലാതെ കാണുന്ന ഒരു സിനിമയാണ് കല്യാണരാമൻ. സിദ്ദിഖ് ലാൽ കൂട്ടുകെട്ടിന്റെ തിരക്കഥയിൽ 2002 ൽ റിലീസ് ചെയ്ത ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത് ദിലീപ്, കുഞ്ചാക്കോ ബോബൻ, നവ്യാനായർ എന്നിവരാണ്. തെക്കേടത്ത് രാമൻകുട്ടി എന്ന കല്യാണരാമന്റെയും കുടുംബത്തിന്റെയും കഥയാണ് സിനിമയുടെ പശ്ചാത്തലം. കോമഡി രംഗങ്ങളാൽ നിറഞ്ഞു നിന്ന സിനിമ ഒരു നല്ല കുടുംബ ചിത്രം കൂടിയാണ്. ആദ്യപകുതിയിൽ കോമഡി രംഗങ്ങൾ ആണെങ്കിൽ അടുത്ത പകുതിയിൽ ഇമോഷണൽ സീനുകളും വൈകാരികമായ നിരവധി മുഹൂർത്തങ്ങളാലും സിനിമ സമ്പന്നമായിരുന്നു.
ചിത്രത്തിലെ മറ്റു അഭിനേതാക്കളായിരുന്നു സലിംകുമാർ, ഇന്നസെന്റ് എന്നിവർ. ഇവരുടെ സീനുകൾ എല്ലാം തന്നെ ഒന്നിനൊന്ന് മെച്ചം. അത്തരത്തിൽ സിനിമയിലെ ഇന്നും കാഴ്ചക്കാരിൽ ചിരി പടർത്തുന്ന ഒരു രംഗമാണ് കല്യാണം കഴിഞ്ഞ് സദ്യ കഴിക്കുന്ന സീൻ. ഇന്നസെന്റ് വന്ന് ചേട്ടാ കുറച്ചു ചോറ് ഇടട്ടെ എന്ന ഒറ്റ ചോദ്യത്തിൽ തുടങ്ങുന്ന സീൻ അതെന്താടാ നീ ചോറ് കഴിക്കാത്തത് എന്ന തലത്തിലേക്ക് എത്തുന്ന രംഗം ഏവർക്കും ഇഷ്ടമുള്ളതാണ്. ഇപ്പോഴിതാ ആ സീനിനു പിന്നിലുള്ള കഥയെ കുറിച്ച് പറയുകയാണ് തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലം. ഈ സീനിൽ സലിംകുമാർ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും ദിലീപ് വന്ന് തർക്കിക്കുന്നതും എല്ലാം ആദ്യമേ എഴുതിയിരുന്നതാണ്.
ഉണ്ണുന്നവനും വിളമ്പുന്ന വരും തമ്മിലുള്ള തർക്കം
ആ സമയത്ത് ഭക്ഷണം വിളമ്പുന്ന ആള് മാത്രമായിട്ടായിരുന്നു ഇന്നസെന്റ് ചേട്ടൻ ഉണ്ടായത്. പക്ഷേ അവിടെ അദ്ദേഹത്തിന് പെർഫോം ചെയ്യാനായിട്ട് ഒന്നുമില്ല എന്നൊരു തോന്നൽ ഉണ്ടായി. അപ്പോൾ ഇന്നസെന്റ് തന്നെയാണ് അദ്ദേഹത്തിന്റെ നാട്ടിൽ ഇത്തരത്തിൽ കല്യാണസദ്യ വിളമ്പുന്ന സമയത്ത് ഉണ്ടായ ഒരു പ്രശ്നത്തെക്കുറിച്ച് ദിലീപിനോട് പറയുന്നത്. ഇത്ര മാത്രമേ പറഞ്ഞിരുന്നുള്ളൂ ഉണ്ണുന്നവനും വിളമ്പുന്ന വരും തമ്മിലുള്ള തർക്കം. അതിന്റെ പേരിൽ അവസാനം വിളമ്പുന്നയാൾ ബേസിനിൽ ഉണ്ടായ ചോറ് മുഴുവൻ കഴിക്കുന്ന ആളുടെ ഇലയിലേക്ക് വിളമ്പി.
അത് ശരിക്കും ഇന്നസെന്റിന്റെ നാട്ടിൽ നടന്നൊരു തർക്കം ആയിരുന്നു. പിന്നീട് അതാണ് താൻ സെറ്റിൽ ഇരുന്നുകൊണ്ട് എഴുതി പൂർത്തിയാക്കി ചിത്രത്തിൽ ഒരു രംഗമായി ഉൾക്കൊള്ളിച്ചത് എന്ന് ബെന്നി പറയുന്നു. അതിൽ ഇന്നസെന്റ് ചേട്ടന്റെ കൂടെ അഭിനയിച്ച ആൾ തന്റെ നാട്ടുകാരനാണ്. നിരവധി നാടകങ്ങളിലൊക്കെ അഭിനയിച്ച അദ്ദേഹവും സിനിമയുടെ സെറ്റിൽ വന്നിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന് കാര്യമായ റോൾ ഒന്നുമില്ലാതിരിക്കുമ്പോഴാണ് ഇങ്ങനെയൊരു രംഗം കടന്നുവന്നത്. അങ്ങനെ രണ്ടുപേരും കൂടെ ചേർന്ന് ആ സീൻ നന്നായി തന്നെ പൂർത്തീകരിച്ചു എന്നും ബെന്നി പറഞ്ഞു.
എടുത്ത് തുടങ്ങുമ്പോൾ തങ്ങൾക്ക് ഈ സീൻ ഇത്രത്തോളം ഹിറ്റ് ആകും എന്ന് അറിയില്ലായിരുന്നു പക്ഷേ എടുത്തു കഴിഞ്ഞപ്പോൾ ആ സെറ്റിലുള്ളവർ എല്ലാവരിലും വലിയ ചിരിയായിരുന്നു എന്നും ബെന്നി പി നായരമ്പരം ഓർക്കുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്.സിനിമയും സിനിമയിലെ രംഗങ്ങളെയും പോലെ തന്നെ ഇതിലെ ഓരോ ഗാനങ്ങൾക്കും ഇന്നും ആരാധകർ ഏറെയാണ്.പല ഗാനങ്ങളും മലയാളികളുടെ ഹിറ്റ് ലിസ്റ്റിൽ ഇന്നും ആദ്യം തന്നെ ഇടം പിടിച്ചിട്ടുണ്ട്.
ENGLISH SUMMARY
Screenwriter Benny P. Nayarambalam talks about the scene that took place while eating sadhya in the movie Kalyanaraman. Actor Innocent says that the comedy scene is based on a real incident that happened in his hometown.