Shine Tom Chacko: ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചതിന് തെളിവില്ല; പോലീസിന് വൻ തിരിച്ചടി
Shine Tom Chacko Drug Case, Forensic Test Report: ഷൈനും സുഹൃത്തും ഹോട്ടലില്‍ മുറിയെടുത്ത് ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്. ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയത് വലിയ വിവാദമായിരുന്നു.
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരായ ലഹരിക്കേസിൽ പോലീസിന് തിരിച്ചടി. നടന് അനുകൂലമായി ഫോറൻസിക് റിപ്പോർട്ട്. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് പരിശോധനയില്‍ തെളിയിക്കാൻ കഴിഞ്ഞില്ല. ഇതോടെ ഷൈനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടുമെന്നാണ് വിവരം. ഇന്നലെയാണ് ഫോറൻസിക് റിപ്പോർട്ട് പുറത്ത് വന്നത്.
കഴിഞ്ഞ ഏപ്രിലില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. ഷൈനും സുഹൃത്തും ഹോട്ടലില്‍ മുറിയെടുത്ത് ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്. ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയത് വലിയ വിവാദമായിരുന്നു. ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം ഹോട്ടലിൽ പരിശോധനയ്ക്കായെത്തിയത്. ഇതറിഞ്ഞ ഷൈൻ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു.
ALSO READ: കല്ല്യാണം കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ… ജീവിതം വഴിമുട്ടുമെന്ന പേടി! ഓർമ്മകളുമായി ലാൽ ജോസ്
അതേസമയം, ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലും ഷൈൻ ടോം ചാക്കോയ്ക്ക് ബന്ധമില്ലെന്ന് നേരത്തെ എക്സൈസ് വ്യക്തമാക്കിയിരുന്നു. കേസിൽ പിടിക്കപ്പെട്ട തസ്‍ലിമയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ ഷൈനെ ചോദ്യം ചെയ്തിരുന്നു.
താൻ മെത്തഫിറ്റമിൻ ആണ് ഉപയോഗിച്ചിട്ടുള്ളതെന്നും ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നുമായിരുന്നു ഷൈന്റെ മൊഴി. ഡി അഡിക്ഷൻ സെന്‍ററിലാണെന്നും തസ്ലീമയുമായി ലഹരി ഇടപാടുകളില്ലെന്നും ഷൈൻ പറഞ്ഞിരുന്നു. എക്സൈസ് വിമുക്തി പദ്ധതിയുടെ ഭാഗമായാണ് ഷൈനിനെ ലഹരി ചികിൽസ നൽകിയത്.