“ഇതെല്ലാം വേലക്കാകത് തമ്പി” ആദ്യം സിനിമയിൽ അഭിനയിച്ചത് പണത്തിനു വേണ്ടി മാത്രം; വെളിപ്പെടുത്തി സൂര്യ
From Reserved Beginner to Superstar: Radhika Sarathkumar and Suriya Share Nostalgic Journey: സൂര്യ കുട്ടിയായിരിക്കുന്ന കാലം മുതൽ തനിക്ക് അദ്ദേഹത്തെ അറിയാമെന്ന് രാധിക ശരത്കുമാർ പറയുന്നു. വീട്ടിൽ പോലും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു സൂര്യയുടേത്. ആദ്യമായി സൂര്യക്കൊപ്പം സിനിമയിൽ അഭിനയിച്ചത് അനുഭവം ഇപ്പോഴും ഓർമ്മയുണ്ട്. ജ്യോതികയായിരുന്നു അതിലെ നായിക. സൂര്യ സെറ്റിൽ ആരോടും അധികം സംസാരിക്കില്ലായിരുന്നു
വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ഫാമിലി എൻ്റർടെയ്നർ ‘വിശ്വനാഥ് ആൻഡ് സൺസ്’ ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. മമിത ബൈജു നായികയാവുന്ന ഈ ചിത്രത്തിൽ രാധിക ശരത്കുമാർ, രവീണ ടണ്ഡൻ തുടങ്ങി വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിൻ്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരങ്ങളിപ്പോൾ. ഇതിനിടെ, സിനിമയിലേക്കുള്ള തൻ്റെ കടന്നുവരവിനെക്കുറിച്ചും തുടക്കകാലത്തെ അനുഭവങ്ങളെക്കുറിച്ചും സൂര്യ തുറന്നു സംസാരിക്കുകയാണ്. ഒരിക്കൽ സൂര്യയെ ഉപദേശിച്ച കഥ രാധിക ശരത്‌കുമാറും വെളിപ്പെടുത്തുന്നുണ്ട്.
സൂര്യ കുട്ടിയായിരിക്കുന്ന കാലം മുതൽ തനിക്ക് അദ്ദേഹത്തെ അറിയാമെന്ന് രാധിക ശരത്കുമാർ പറയുന്നു. വീട്ടിൽ പോലും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു സൂര്യയുടേത്. അനുജൻ കാർത്തിയാണ് തന്നോട് കൂടുതൽ സംസാരിക്കാറുണ്ടായിരുന്നതെന്നും രാധിക ഓർക്കുന്നു. സൂര്യയുടെ കണ്ണുകൾ തനിക്ക് ഏറെ ഇഷ്ടമാണ്. ആദ്യമായി സൂര്യക്കൊപ്പം സിനിമയിൽ അഭിനയിച്ചത് അനുഭവം ഇപ്പോഴും ഓർമ്മയുണ്ട്. ജ്യോതികയായിരുന്നു അതിലെ നായിക. സൂര്യ സെറ്റിൽ ആരോടും അധികം സംസാരിക്കില്ലായിരുന്നു. എല്ലാവരിൽ നിന്നും ഒതുങ്ങി നിൽക്കാനായിരുന്നു എപ്പോഴും ശ്രമിച്ചിരുന്നത്. രാധിക പറഞ്ഞു.
ഈ രീതി സിനിമയിൽ ശരിയാകില്ലെന്ന് മനസ്സിലായതോടെ താൻ ഒരിക്കൽ സൂര്യയെ ഉപദേശിക്കാൻ പോയ കാര്യവും അവർ പങ്കുവെച്ചു. “ഈ രീതിയൊന്നും സിനിമയിൽ ശരിയാകില്ല, ആളുകളോട് കുറച്ചുകൂടി തുറന്നുസംസാരിക്കാനും ഇടപെടാനും ശീലിക്കണം എന്ന് ഞാൻ സൂര്യയോട് പറഞ്ഞു. വളരെ നിഷ്കളങ്കമായി ‘ഓക്കെ അക്ക’ എന്നായിരുന്നു സൂര്യ നൽകിയ മറുപടി.” രാധിക പറയുന്നു
കാലങ്ങൾക്കിപ്പുറം ‘കാക്ക കാക്ക’ എന്ന സിനിമ റിലീസായി. ആ ചിത്രം എന്തായാലും തിയേറ്ററിൽ പോയി കാണണമെന്ന് തൻ്റെ മകൾ നിർബന്ധിച്ചു. “തിയേറ്ററിലെത്തി സിനിമ കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. സൂര്യ എപ്പോഴാണ് ഇങ്ങനെ മാറിപ്പോയതെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല,” രാധിക അമ്പരപ്പോടെ പറയുന്നു. അതിനുശേഷം അഭിനയ ജീവിതത്തിൽ സൂര്യയ്ക്ക് ഒരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എന്നും അവർ പറയുന്നു.
അതേസമയം, സിനിമയെക്കുറിച്ച് യാതൊരു അറിവോ മുന്നൊരുക്കങ്ങളോ ഇല്ലാതെയാണ് താൻ അഭിനയിക്കാൻ എത്തിയതെന്ന് സൂര്യ പറയുന്നു. “ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കാൻ പോകുന്ന കാര്യം അഞ്ച് ദിവസം മുൻപ് മാത്രമാണ് ഞാൻ അറിയുന്നത്. അഭിനയം എന്താണെന്ന് ഞാൻ പഠിച്ചതൊക്കെ ക്യാമറയ്ക്ക് മുന്നിൽ നിന്നുകൊണ്ടാണ്. തുടക്കത്തിൽ പണത്തിന് വേണ്ടി മാത്രമാണ് ഞാൻ അഭിനയിച്ചത്,” യാതൊരു മടിയും കൂടാതെ സൂര്യ തുറന്നുപറഞ്ഞു. കുടുംബത്തിൽ ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോഴാണ് സിനിമയിൽ അഭിനയിക്കാം എന്ന തീരുമാനത്തിലേക്ക് താൻ എത്തിയത്. എന്നാൽ പിന്നീട് പ്രേക്ഷകരിൽ നിന്നും ലഭിച്ച സ്നേഹവും പിന്തുണയുമാണ് തന്നെ സിനിമയിൽ നിലനിർത്തിയതെന്നും താരം കൂട്ടിച്ചേർത്തു.
English Summary
Ahead of his upcoming release Viswanath & Sons, actor Suriya and veteran actress Radhika Sarathkumar shared nostalgic memories about his film journey. Radhika recalled advising a shy young Suriya that his reserved nature wouldn’t work in cinema, only to be stunned by his transformation in Kaakha Kaakha. Suriya candidly admitted he initially took up acting solely to support his family during financial difficulties, but stayed because of the audience’s overwhelming love.