Cheran: ”ഹോം’ കണ്ടിട്ട് നാലുദിവസം ഉറങ്ങിയില്ല, അതുപോലൊരു സിനിമ ഒരിക്കലും തമിഴിൽ എടുക്കാൻ സാധിക്കില്ല’; ചേരൻ
Cheran About Malayalam Film Home: 'ഹോം' എന്ന സിനിമ കണ്ടിട്ട് തനിക്ക് നാല് ദിവസം ഉറങ്ങാൻ കഴിഞ്ഞില്ലെന്നും, അതുപോലൊരു സിനിമ ഒരിക്കലും തമിഴിൽ എടുക്കാൻ സാധിക്കില്ലെന്നും ചേരൻ പറഞ്ഞു.

മലയാള സിനിമയെ പ്രശംസിച്ച് തമിഴ് നടനും സംവിധായകനുമായ ചേരൻ. 2021ൽ റോജിൻ ജോസ് സംവിധാനം ചെയ്ത ‘ഹോം’ എന്ന ചിത്രത്തെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം മലയാളത്തെ അഭിനന്ദിച്ചത്. ‘ഹോം’ എന്ന സിനിമ കണ്ടിട്ട് തനിക്ക് നാല് ദിവസം ഉറങ്ങാൻ കഴിഞ്ഞില്ലെന്നും, അതുപോലൊരു സിനിമ ഒരിക്കലും തമിഴിൽ എടുക്കാൻ സാധിക്കില്ലെന്നും ചേരൻ പറഞ്ഞു. മലയാളത്തിലെ മാർക്കറ്റിങ് രീതികളും തീയേറ്ററുകാരിൽ നിന്നുള്ള സമീപനവും വ്യത്യസ്തമായത് കൊണ്ടാണ് മലയാളത്തിൽ ഒട്ടേറെ നല്ല സിനിമകൾ ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു. സൈൻഉലകം എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു ചേരൻ.
“ഹോം എന്ന സിനിമ കണ്ടിട്ടുണ്ടോ? ആ സിനിമ കണ്ടിട്ട് എനിക്ക് നാല് ദിവസം ഉറങ്ങാൻ കഴിഞ്ഞില്ല. എങ്ങനെയാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. ഈ കഥ നമ്മുടെ തമിഴ് സിനിമ മേഖലയിലെ ആരോടെങ്കിലും പറഞ്ഞാൽ അവർ സമ്മതിക്കുമോ? ആ സിനിമയിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത് ഇന്ദ്രൻസ് എന്ന നടനാണ്. ഇവിടെ കരുണാകരനെ പോലൊരു നടനെ വെച്ച് ഇത്തരമൊരു സിനിമ ചെയ്യാമെന്ന് പറഞ്ഞാൽ ആരെങ്കിലും സമ്മതിക്കുമോ? നമ്മുടെ തമിഴ് ഇൻഡസ്ട്രിയുടെ ബിസിനസ് രീതികളും തീയേറ്ററുകാരിൽ നിന്നുള്ള സമീപനവും മറ്റൊരു തരത്തിലാണ്. മലയാളം ഇൻഡസ്ട്രിയിൽ അത് വ്യത്യസ്തമാണ്. അതുകൊണ്ടാണ് അവിടെ ഒട്ടേറെ നല്ല സിനിമകൾ വരുന്നത്” ചേരൻ പറഞ്ഞു.
അതേസമയം, ടൊവിനോ തോമസ് നായകനായ ഏറ്റവും പുതിയ ചിത്രം ‘നരിവേട്ട’യിലൂടെ ചേരൻ മലയാളത്തിൽ അരങ്ങേറുകയാണ്. ചിത്രത്തിൽ പോലീസ് വേഷത്തിലാണ് നടൻ എത്തുന്നത്. സൂരജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മെയ് 23ന് ‘നരിവേട്ട’ ആഗോളതലത്തിൽ റിലീസാകും.
ALSO READ: ‘കഥ പറഞ്ഞപ്പോൾ പലതും മനസ്സിലായില്ല, ഈ സിനിമ ചെയ്തതിന് കാരണം ജഗതി ചേട്ടൻ’; ബേസിൽ ജോസഫ്
ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ നിർവഹിക്കുന്നത് എജിഎസ് എന്റർടൈൻമെന്റ് ആണ്. കൈതപ്രത്തിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജേക്സ് ബിജോയാണ്.