Kantara Chapter 1:കാന്താരയിലെ ദൈവികമായ ‘അലർച്ച’ മനുഷ്യന്റെയോ.. മൃഗത്തിന്റെയോ..? ശബ്ദത്തിന് പിന്നിലെ രഹസ്യം
Secret Behind Roar sound in Kantara: ഒരേസമയം ഭക്തിയും ഭയവും ദൈവീകതയും നിറഞ്ഞ ആ ശബ്ദം തന്നെയാണ് സിനിമയുടെ സിഗ്നേച്ചർ എന്നും പറയാം. മനുഷ്യന്റെ ശബ്ദമാണോ അതോ മൃഗത്തിന്റെ ശബ്ദമാണോ എന്നൊക്കെ കേൾക്കുന്ന ആരും ചിന്തിച്ചിട്ടുണ്ടാകാം. ആദ്യമേ പറഞ്ഞേക്കാം ഈ ശബ്ദത്തിന് പിന്നിൽ മനുഷ്യനോ മൃഗമോ ഒന്നുമല്ല.
കാന്താര(Kantara Chapter 1) കണ്ട ആരും ദൈവക്കോലത്തിന്റെ ആ അലർച്ച ശ്രദ്ധിക്കാതിരിക്കില്ല. ഒരേസമയം ഭക്തിയും ഭയവും ദൈവീകതയും നിറഞ്ഞ ആ ശബ്ദം തന്നെയാണ് സിനിമയുടെ സിഗ്നേച്ചർ എന്നും പറയാം. മനുഷ്യന്റെ ശബ്ദമാണോ അതോ മൃഗത്തിന്റെ ശബ്ദമാണോ എന്നൊക്കെ കേൾക്കുന്ന ആരും ചിന്തിച്ചിട്ടുണ്ടാകാം. യഥാർത്ഥത്തിൽ ഈ ശബ്ദത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് ഒരു മലയാളിയാണ്. പ്രശസ്ത സംഗീതജ്ഞൻ എം ജി രാധാകൃഷ്ണന്റെ മകനും ദേശീയ സംസ്ഥാന പുരസ്കാര ജേതാവുമായ എം ആർ രാജകൃഷ്ണനാണ് ഈ ശബ്ദത്തിന് പിന്നിൽ പ്രവർത്തിച്ചത്. സൗണ്ട് ഡിസൈനർ ആണ് രാജകൃഷ്ണൻ. കാന്താരിയിലെ ദൈവക്കോലത്തിന്റെ ശബ്ദത്തിന് പിന്നിലെ ആ കഥ 2 മിനിറ്റ് ടേക്ക് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ അദ്ദേഹം തന്നെയാണ് വിശദമാക്കുന്നത്. ആദ്യമേ പറഞ്ഞേക്കാം ഈ ശബ്ദത്തിന് പിന്നിൽ മനുഷ്യനോ മൃഗമോ ഒന്നുമല്ല.
ഇത് ഒരൊറ്റ ശബ്ദവും അല്ല. പല ലെയറുകളിലായി പലതരത്തിലുള്ള ശബ്ദങ്ങൾ കൂട്ടിച്ചേർത്താണ് ഈ ശബ്ദം നിർമ്മിച്ചിരിക്കുന്നത്. വളരെ ലോ ഫ്രീക്വൻസിയിലുള്ള മുരളുന്ന പോലെയുള്ള ഒരു സൗണ്ട് ഇതിന് പിന്നിലുണ്ട്. കാള, കടുവ ഇങ്ങനെ ചില മൃഗങ്ങളുടെ പല ഫ്രീക്ക്വൻസിയിലുള്ള ശബ്ദവും ഇതിൽ മിക്സ് ചെയ്തിട്ടുണ്ട്. കാറ്റിന്റെ ശബ്ദം, കാട് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമായതുകൊണ്ട് ഉണ്ടാകുന്ന പല ശബ്ദങ്ങൾ. അത്തരത്തിൽ പല ശബ്ദങ്ങളുടെ മിശ്രിതമാണ് നാം കേൾക്കുന്ന അലർച്ച. അതുകൊണ്ടുതന്നെ ആ ശബ്ദം ശ്രവിക്കുന്നവരിൽ ഭയവും ദൈവികതയും ആദിമ സങ്കൽപ്പങ്ങളും വന്യമായ ചിന്തകളുമാണ് കടന്നുപോകുന്നത്.
കാന്താരയുടെ ഒന്നാം ഭാഗത്തിൽ ക്ലൈമാക്സിൽ റിഷഭ് ഷെട്ടി ഈ ശബ്ദം ഉണ്ടാക്കുന്നുണ്ട്. കേൾക്കുന്നവരിൽ ഞെട്ടലും രോമാഞ്ചവും ഉണർത്തുന്ന ഈ ശബ്ദം അദ്ദേഹം തന്നെ ഡബ്ബ് ചെയ്തതാണെന് പിന്നീട് പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചിത്രം ഹിറ്റായതോടെ പലരും ഈ ശബ്ദത്തെ അനുകരിക്കാൻ തുടങ്ങി. ഇതോടെ ഈ ശബ്ദത്തെ ആരും വികലമായി അനുകരിക്കരുതെന്നും ഇത് പലർക്കും ഒരു ദൈവികമായ ശബ്ദമാണെന്നും പറഞ്ഞുകൊണ്ട് റിഷഭ് ഒരു കുറിപ്പ് ഇറക്കിയിരുന്നു.