Dadasaheb Phalke award: ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവന; മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്
Mithun Chakraborty: 1976-ൽ മൃണാൾ സെൻ സംവിധാനം ചെയ്ത മൃഗയ എന്ന ചിത്രത്തിലൂടെയാണ് മിഥുൻ ചക്രവർത്തി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി.
ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ് ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി മന്ത്രി അശ്വിനി വൈഷ്ണവാണ് എക്സിലൂടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ദേശീയ സിനിമ പുരസ്കാര വേദിയിൽ അദ്ദേഹത്തെ ആദരിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഒക്ടോബര്‍ എട്ടിന് നടക്കുന്ന ദേശീയ സിനിമാ പുരസ്കാര ദാന ചടങ്ങില്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് പുരസ്‌കാരം സമ്മാനിക്കുമെന്നും അശ്വിനി വെെഷ്ണവ് വ്യക്തമാക്കി.
ചലച്ചിത്ര മേഖലയ്ക്ക് മിഥുന്‍ ചക്രവര്‍ത്തി നൽകിയ സമഗ്ര സംഭവനകൾ തലമുറകൾ ഓർത്തിരിക്കും. മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കാന്‍ ജൂറി തീരുമാനിച്ചു. ബഹുമാനത്തോടെയും സന്തോഷത്തോടെയുമാണ് ഇക്കാര്യം പങ്കുവയ്ക്കുന്നത്. ഒക്ബോർ 8-ന് നടക്കുന്ന ദേശീയ സിനിമ പുരസ്കാര വേളയിൽ അവാർഡ് സമ്മാനിക്കും. മന്ത്രി എക്സിൽ കുറിച്ചു. പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി മിഥുന്‍ ചക്രവര്‍ത്തിയെ (74) അടുത്തിടെ രാജ്യം ആദരിച്ചിരുന്നു.
1976-ൽ മൃണാൾ സെൻ സംവിധാനം ചെയ്ത മൃഗയ എന്ന ചിത്രത്തിലൂടെയാണ് മിഥുൻ ചക്രവർത്തി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി. 1982-ല്‍ ഹിറ്റായ ഡിസ്‌കോ ഡാന്‍സര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി. 1990-ൽ പുറത്തിറങ്ങിയ അഗ്നീപഥ് എന്ന സിനിമയിലെ മിഥുൻ ചക്രവർത്തിയുടെ അഭിനയം ഏവരുടെയും ശ്രദ്ധയാകർഷിച്ചു. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീര്‍ ഫയല്‍സ് എന്ന സിനിമയിലാണ് മിഥുന്‍ ചക്രവര്‍ത്തി അവസാനമായി അഭിനയിച്ചത്.
ഹിന്ദി , ബംഗാളി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ മിഥുൻ ചക്രവർത്തി കെെകാര്യം ചെയ്തിട്ടുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ രാജസഭാംഗമായിരുന്നെങ്കിലും 2021-ൽ ബിജെപിയിൽ അംഗത്വം നേടി. മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയ മിഥുന് ഈ വർഷമാണ് കേന്ദ്രസർക്കാർ പത്മഭൂഷൺ നൽകി ആദരിച്ചത്. 1989-ല്‍ മിഥുൻ ചക്രവർത്തി നായകനായ 19 സിനിമകളാണ് റിലീസ് ചെയ്തത്. ഇത് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിന് അർഹനാക്കി. ബോളിവുഡിൽ ഈ റെക്കോർഡ് ഇപ്പോഴും ബോളിവുഡില്‍ തകര്‍ക്കപ്പെട്ടിട്ടില്ല. അമിതാഭ് ബച്ചൻ, വഹീദ റഹ്മാൻ, രേഖ, ആശാ പരേഖ്, രജനികാന്ത് എന്നിവരാണ് മുമ്പ് ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയവർ.