Vinayakan: ‘എടാ സതീശാ…പൊട്ടാ’; വി ഡി സതീശനെതിരെ അധിക്ഷേപവുമായി നടൻ വിനായകൻ
Vinayakan Controversial Comment: കഴിഞ്ഞ ദിവസം, അന്തരിച്ച പ്രമുഖ നേതാക്കളെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ കോൺഗ്രസ് നേതാക്കളിൽ നിന്നും വിനായകൻ കടുത്ത വിമർശനം നേരിട്ടിരുന്നു.
വീണ്ടും അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ രംഗത്ത്. ഇത്തവണ പ്രതിപക്ഷ നേതാവ് വി ഡി സതീശന് നേരെയാണ് അധിക്ഷേപം. തനിക്ക് വന്ന ഒരു മെസേജ് പങ്കുവെച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെതിരെ നടൻ ഫേസ്ബുക്കിൽ പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
”തൂക്കും നിന്നെ മാളത്തിൽ നിന്ന്’ എന്നൊരു മെസേജിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് “എടാ സതീശാ, പൊട്ടാ…’ എന്നാണ് വിനായകൻ ഫേസ്ബുക്കിൽ കുറിച്ചത്. സംഭവത്തിൽ പ്രതിപക്ഷ നേതാവ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം, അന്തരിച്ച പ്രമുഖ നേതാക്കളെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ കോൺഗ്രസ് നേതാക്കളിൽ നിന്നും അനുകൂലികളിൽ നിന്നും വിനായകൻ കടുത്ത വിമർശനം നേരിട്ടിരുന്നു.

വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിച്ച് തെരുവിൽ മുദ്രവാക്യം വിളിച്ചതിനെ തുടർന്ന് സൈബർ ആക്രമണം നേരിട്ടതിന് പിന്നാലെയായിരുന്നു അധിക്ഷേപം. “എന്റെ തന്തയും ചത്തു, സഖാവ് വിഎസും ചത്തു. ഗാന്ധിയും ചത്തു. നെഹ്‌റുവും ചത്തു. ഹൈബിയുടെ തന്ത ജോർജ് ഈഡനും ചത്തു. നിന്റെ അമ്മേടെ നായര് ചാണ്ടിയാണേൽ അയാളും ചത്തു” എന്നായിരുന്നു വിനായകൻ ഫേസ്ബുക്കിൽ കുറിച്ചത്.
ഇതിന് പിന്നാലെ, “ഇനിയും നിലക്കുനിർത്താൻ കഴിഞ്ഞില്ലെങ്കിൽ കൈക്കരുത്തുള്ള യൂത്ത് കോൺഗ്രസുകാർ എറണാകുളത്ത് ഉണ്ടെന്ന് വിനായകൻ അറിയും” എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി എ നോബൽ കുമാർ ഫെയ്സ്ബുക്കിൽ പ്രതികരിച്ചിരുന്നു. സംഭവത്തിൽ വിനായകനെതിരെ യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് സിജോ ജോസഫ്, യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ശ്യാം ദേവദാസ് എന്നിവർ ഡിജിപിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.