Karam new song: ചെന്നൈ പാസമില്ലാത്ത വിനീത് ശ്രീനിവാസൻ ചിത്രം, കരത്തിലെ ഗാനമെത്തി
vineeth sreenivasan New movie karam's Song: 'ഹൃദയം', 'വർഷങ്ങൾക്ക് ശേഷം' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.
കൊച്ചി: മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കരം’-ലെ ആദ്യ ഗാനം പുറത്തിറങ്ങി. നോബിൾ ബാബു തോമസും രേഷ്മ സെബാസ്റ്റ്യനുമാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. കെ.എസ്. ഹരിശങ്കർ, ഇസബെൽ ജോർജ്, മെഗിഷ രാജ്ദേവ്, അനെറ്റ് സേവ്യർ, അരുന്ധതി പി എന്നിവർ ചേർന്ന് ആലപിച്ച ‘വെൽക്കം ടു ലെനാർക്കോ’ എന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാനാണ്. അനു എലിസബത്ത് ജോസാണ് വരികൾ എഴുതിയത്.
‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. ഒരു ആക്ഷൻ ത്രില്ലറായ ഈ സിനിമ, വിനീതിൻ്റെ പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമാണ്. ഇതിനുമുമ്പ് ‘തിര’ എന്ന ത്രില്ലർ ചിത്രം വിനീത് ഒരുക്കിയിട്ടുണ്ട്. മെറിലാൻഡ് സിനിമാസ് 70 വർഷം മുമ്പ് നിർമ്മിച്ച ‘സി.ഐ.ഡി’ എന്ന ആദ്യ മലയാള ക്രൈം ത്രില്ലർ ചിത്രത്തിന് ശേഷമുള്ള മറ്റൊരു ത്രില്ലർ ചിത്രമെന്ന പ്രത്യേകതയും ‘കരമി’നുണ്ട്.
ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തും നായകനും നോബിൾ ബാബു തോമസാണ്. ജോർജിയ, റഷ്യൻ-അസർബൈജാൻ അതിർത്തികൾ, ഷിംല, ചണ്ഡീഗഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആന്റണി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.