Footage Movie : മഞ്ജുവിൻ്റെ പുതിയ സിനിമയ്ക്ക് സവിശേഷതകളേറെ; എന്താണ് ഫൗണ്ട് ഫുട്ടേജ് സിനിമ?
What Is Found Footage Movie : മഞ്ജു വാര്യരുടെ ഏറ്റവും പുതിയ സിനിമയായ ഫൂട്ടേജ് ഫൗണ്ട് ഫൂട്ടേജ് സിനിമയാണ്. സൈജു ശ്രീധരൻ്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ഇന്നാണ് തീയറ്ററുകളിലെത്തിയത്. എന്താണ് ഫൗണ്ട് ഫൂട്ടേജ് ചിത്രം?
മഞ്ജു വാര്യയുടെ ഏറ്റവും പുതിയ സിനിമയാണ് ഫൂട്ടേജ്. എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനക്കുപ്പായമണിയുന്ന ചിത്രം ഇന്നാണ് തീയറ്ററുകളിലെത്തിയത്. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് അടക്കമുള്ളവർ വളരെ പുകഴ്ത്തിയ സിനിമ കൂടിയാണ് ഫൂട്ടേജ്. ഫൗണ്ട് ഫൂട്ടേജ് ചിത്രമാണ് ഫൂട്ടേജ്. എന്താണ് ഫൗണ്ട് ഫൂട്ടേജ് ചിത്രമെന്ന് നോക്കാം.
ഒരു പ്രത്യേക സിനിമാറ്റിക് ടെക്നിക്കിലൂടെ ഒരുക്കുന്ന ചിത്രമാണ് ഫൗണ്ട് ഫൂട്ടേജ് സിനിമ. ഹാൻഡ് ഹെൽഡ് ക്യാമറയിലെ റെക്കോർഡിംഗുകൾ പോലുള്ള ദൃശ്യങ്ങളാവും ഫൗണ്ട് ഫൂട്ടേജ് സിനിമകളിലുള്ളത്. സിനിമയിലെ കഥാപാത്രങ്ങൾ തന്നെ ക്യാമറയിൽ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ അങ്ങനെ തന്നെ റോ ഫൂട്ടേജുകൾ പോലെയാവും അവതരിപ്പിക്കപ്പെടുക. കഥയിലെ കഥാപാത്രങ്ങൾ ചിത്രീകരിച്ച സിനിമകൾ ‘കണ്ടെത്തി’ അവതരിപ്പിക്കുന്നതിനാലാണ് ഇവ ഫൗണ്ട് ഫൂട്ടേജ് സിനിമകൾ എന്നറിയപ്പെടുന്നത്. സംഭാഷണങ്ങളും ഇങ്ങനെ തന്നെയാവും. ക്യാമറയിലൂടെ പതിയുന്ന ശബ്ദങ്ങൾ അങ്ങനെ തന്നെ സിനിമയിൽ അവതരിപ്പിക്കപ്പെടും.
ഹൊറർ, സൈഫൈ സിനിമകളിലാണ് കൂടുതലും ഫൗണ്ട് ഫൂട്ടേജ് ടെക്നിക് പരീക്ഷിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ, വാർത്താദൃശ്യങ്ങൾ തുടങ്ങിയവയും ഫൗണ്ട് ഫൂട്ടേജ് സിനിമകളിൽ ഉപയോഗിക്കാറുണ്ട്.
1980ൽ പുറത്തിറങ്ങിയ കാനിബാൾ ഹോളോകോസ്റ്റ് എന്ന സിനിമയിലാണ് ആദ്യമായി ഫൗണ്ട് ഫൂട്ടേജ് സാങ്കേതികവിദ്യ അവതരിപ്പിക്കപ്പെട്ടതെന്നാണ് പൊതുവെയുള്ള വാദം. ഇറ്റാലിയൻ ഭാഷയിൽ പുറത്തിറങ്ങിയ ചിത്രം റുഗ്ഗെറോ ദിയോദാതോയാണ് സംവിധാനം ചെയ്തത്. കാനിബാൾ ഹോളോകോസ്റ്റിന് മുൻപ് ഇതേ സാങ്കേതികവിദ്യയിൽ ചില സിനിമകൾ ഷൂട്ട് ചെയ്തിരുന്നെങ്കിലും വളരെ വൈകിയാണ് ഈ സിനിമകൾ റിലീസായത്.
1993ൽ പുറത്തിറങ്ങിയ ‘അമേരിക്കാസ് ഡെഡ്ലിയസ്റ്റ് ഹോം വിഡിയോ’ എന്ന ചിത്രമാണ് ഫൗണ്ട് ഫൂട്ടേജ് സിനിമകളിലെ വഴിത്തിരിവായി കണക്കാക്കുന്നത്. കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമയായാണ് ഈ സിനിമ അറിയപ്പെടുന്നത്. 2007 മുതൽ ഏഴ് ഭാഗങ്ങൾ പുറത്തിറങ്ങിയ പാരാനോർമൽ ആക്ടിവിറ്റിയാണ് ഫൗണ്ട് ഫൂട്ടേജ് സിനിമകളിലെ കൊമ്പൻ. ഒരുപക്ഷേ, ലോകമെങ്ങും ആരാധകരുള്ള, ഏറ്റവും പോപ്പുലറായ ഫൗണ്ട് ഫൂട്ടേജ് സിനിമയും പാരാനോർമൽ ആക്ടിവിറ്റീസാവും.
മലയാളത്തിൽ ഫൗണ്ട് ഫൂട്ടേജ് സിനിമകൾ ഏറെയില്ല. 2022ൽ പുറത്തിറങ്ങിയ വഴിയേ ആണ് മലയാളത്തിലെ ആദ്യ മുഴുനീള ഫൗണ്ട് ഫൂട്ടേജ് സിനിമയെന്ന് പറയാം. നിർമ്മൽ ബേബി വർഗീസ് സംവിധാനം ചെയ്ത ഈ ചിത്രം ഹൊറർ വിഭാഗത്തിൽ പെടുന്നതാണ്. 2013ൽ രാഹുൽ സദാശിവൻ അണിയിച്ചൊരുക്കിയ റെഡ് റെയ്ൻ എന്ന ചിത്രത്തിലും ഫൗണ്ട് ഫൂട്ടേജ് ആഖ്യാനശൈലി കാണാം. എന്നാൽ സിനിമ മുഴുവൻ ഇങ്ങനെയായിരുന്നില്ല. 2013ൽ റെഡ് റെയ്നിലൂടെ ആദ്യ ചിത്രമൊരുക്കിയ രാഹുൽ സദാശിവൻ പിന്നീട് ഭൂതകാലം, ഭ്രമയുഗം എന്നീ രണ്ട് ശ്രദ്ധേയ സിനിമകൾ കൂടി ചെയ്തിട്ടുണ്ട്.
മഞ്ജു വാര്യർ നായികയായെത്തുന്ന ചിത്രമാണ് ഫൂട്ടേജ്. ഗായത്രി അശോക്, വിശാഖ് നായർ, മാമുക്കോയ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷബ്ന മുഹമ്മദും സൈജു ശ്രീധരനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ.