Child Burned: മൊബൈൽ മോഷ്ടിച്ചെന്ന് ആരോപണം; 10 വയസുകാരിയായ ദളിത് പെൺകുട്ടിയെ പലതവണ പൊള്ളിച്ച് നാട്ടുകാർ
10 Year Old Burned For Alleged Mobile Phone Theft: മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് 10 വയസുകാരിയെ ക്രൂരമായി പൊള്ളിച്ച് നാട്ടുകാർ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് 10 വയസുകാരിയായ ദളിത് പെൺകുട്ടിയെ പലതവണ പൊള്ളിച്ച് നാട്ടുകാർ. ആന്ധ്രാ പ്രദേശിലെ നെല്ലൂരിലുള്ള ഇന്ദുകുറുപേട് മണ്ഡലിലാണ് സംഭവം. ചെഞ്ചമ്മ എന്ന 10 വയസുകാരിയ്ക്കാണ് ഗുരുതര പരിക്കേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പട്ടികവർഗ കോളനിയിൽ സന്നരി മാണിക്യം എന്ന അമ്മായിക്കൊപ്പമാണ് ചെഞ്ചമ്മ താമസിക്കുന്നത്. അടുത്തുള്ള വീട്ടിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചു എന്നായിരുന്നു ചെഞ്ചമ്മയ്ക്കെതിരായ ആരോപണം. ഇത് ചോദ്യം ചെയ്ത സമീപവാസികൾ ചൂടാക്കിയ ഇരുമ്പ് കമ്പി ഉപയോഗിച്ച് കുട്ടിയെ പൊള്ളിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. അമ്മായിക്കും മറ്റ് നാല് പേർക്കുമെതിരെ പോലീസ് കേസെടുത്തു.
ഗുരുതരമായി പൊള്ളലേറ്റ് കരഞ്ഞുകൊണ്ട് നിൽക്കുന്ന കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. വിഡിയോയിൽ താൻ മൊബൈൽ ഫോൺ എടുത്തിട്ടില്ലെന്ന് കുട്ടി തുടരെ പറയുന്നുണ്ട്. ചെഞ്ചമ്മയുടെ അമ്മ വെങ്കടരാമമ്മ രണ്ടാം വിവാഹം കഴിച്ചയാളാണ്. രണ്ടാം ഭർത്താവിനൊപ്പം പോയപ്പോൾ ഇവർ കുഞ്ഞിനെ കൊണ്ടുപോകാൻ തയ്യാറായിരുന്നില്ല.