Bypoll Results 2025: നാല് സംസ്ഥാനങ്ങളിൽ, അഞ്ച് മണ്ഡലങ്ങളിലായി ഇന്ന് വോട്ടെണ്ണൽ; ദേശീയരാഷ്ട്രീയത്തിൽ പയറ്റ് കോൺഗ്രസും ബിജെപിയും ആം ആദ്മിയും തമ്മിൽ
Bypoll Results 2025 In Four States: ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് നാല് സംസ്ഥാനങ്ങളിൽ. നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലായാണ് ഇന്ന് വോട്ടെണ്ണൽ നടക്കുന്നത്.

ഇന്ന് ഉപതിരഞ്ഞെടുപ്പ് ഫലം വരുന്നത് നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിൽ. കേരളത്തിലെ നിലമ്പൂർ ഉൾപ്പെടെയാണ് ഇന്ന് വോട്ടെണ്ണൽ. ഒപ്പം, ഗുജറാത്ത്, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും ഇന്ന് വോട്ടെണ്ണൽ നടക്കും. ഗുജറാത്തിൽ രണ്ട് മണ്ഡലങ്ങളിലും മറ്റിടങ്ങളിൽ ഒരിടത്തുമാണ് വോട്ടെണ്ണൽ.
ഗുജറാത്ത്
ഗുജറാത്തിൽ വിസവാദർ, കാഡി എന്നിവിടങ്ങളിലാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് ഫലം വരിക. വിസവാദറിൽ 2007 മുതൽ ബിജെപി വിജയിച്ചിട്ടില്ല. ഇത് തിരികെ പിടിക്കാനാണ് ബിജെപിയുടെ ശ്രമം. ആം ആദ്മി നേതാവ് ഭൂപേന്ദ്ര ഭയാനി സ്ഥലത്തെ എംഎൽഎ സ്ഥാനം രാജിവച്ച് ബിജെപിയിലേക്ക് കൂടുമാറിയതിന് പിന്നാലെ 2023 മുതൽ ഈ മണ്ഡലം ഒഴിഞ്ഞുകിടക്കുകയാണ്. കിരിറ്റ് പട്ടേൽ ആണ് ബിജെപിയുടെ സ്ഥാനാർത്ഥി. കോൺഗ്രസും ആം ആദ്മി പാർട്ടിയും യഥാക്രമം നിതിൻ റാണപ്രിയ, ഗോപാൽ ഇറ്റാലിയ എന്നിവരെ മത്സരിപ്പിക്കും. ബിജെപി എംഎൽഎ കർസൻ സോളങ്കിയുടെ മരണത്തോടെ ഫെബ്രുവരി മുതലാണ് കാഡി സീറ്റ് ഒഴിഞ്ഞുകിടക്കുന്നത്. പട്ടികജാതിക്കാർക്ക് സംവരണം ചെയ്തിരിക്കുന്ന സീറ്റാണ് ഇത്. ബിജെപി രാജേന്ദ്ര ഛാവ്ഡയെയും കോൺഗ്രസ് രമേഷ് ഛാവ്ഡയെയും ആം ആദ്മി പാർട്ടി ജഗ്ദിഷ് ഛാവ്ഡയെയും സ്ഥാനാർത്ഥികളാക്കി മത്സരിപ്പിക്കുന്നു.




പശ്ചിമ ബംഗാൾ
ഫെബ്രുവരിയിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎ നാസിറുദ്ദീൻ അഹ്മദിൻ്റെ മരണത്തോടെയാണ് ബെംഗാളിലെ കാലിഗഞ്ജ് ഒഴിഞ്ഞത്. തൃണമൂലിനായി അദ്ദേഹത്തിൻ്റെ മകൾ അലിഫ അഹ്മദ് മത്സരിച്ചു. ബിജെപി ആശിഷ് ഘോഷിനെയും കോൺഗ്രസ്, സിപിഎം പിന്തുണയോടെ ഉദ്ദിൻ ഷെയ്ഖിനെയുമാണ് മത്സരിപ്പിച്ചത്.
പഞ്ചാബ്
പഞ്ചാബിൽ ലുധിയാന മണ്ഡലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ജനുവരിയിൽ ആം ആദ്മി പാർട്ടി എംഎൽഎ ഗുർപ്രീത് ബസ്സിയുടെ മരണത്തോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് തീരുമാനിക്കപ്പെട്ടത്. സഞ്ജീവ് അറോറയാണ് ആം ആദ്മിയ്ക്കായി മത്സരിച്ചത്. ബിജെപിക്കായി ജീവൻ ഗുപ്തയും കോൺഗ്രസിനായി ഭരത് ഭൂഷൻ അഷുവും മത്സരിച്ചു.