Viral News: ശവസംസ്കാര ചടങ്ങിനിടെ 103 വയസ്സുകാരിയുടെ വിരലുകൾ അനങ്ങി; ഒടുവിൽ പിറന്നാൾ കേക്ക് മുറിച്ച് ബന്ധുക്കൾ
Woman Revives Just Before Funeral:പേരക്കുട്ടിയായ രാകേഷ് സഖാരെ മുത്തശ്ശിയുടെ കാലുകൾ അനങ്ങുന്നത് ശ്രദ്ധിച്ചത്. മൂക്കിൽ നിന്നുള്ള പഞ്ഞി എടുത്തയുടൻ ഗംഗാഭായി ശ്വാസമെടുത്തു.

103 Year Old Woman
നാഗ്പൂർ: മഹാരാഷ്ട്രയിൽ ശവസംസ്കാര ചടങ്ങിനിടെ 103 വയസ്സുകാരി ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഇതോടെ സംസ്കാരച്ചടങ്ങിനെത്തിയവർ കേക്ക് മുറിച്ച് മുത്തശ്ശിയുടെ 103-ാം ജന്മദിനം ആഘോഷിച്ചു. നാഗ്പൂർ ജില്ലയിലെ രാംടേക്കിലാണ് സംഭവം. മരിച്ചുവെന്ന് കരുതിയ ഗംഗാഭായ് സഖാരെ എന്ന 103കാരിയാണ് അവസാന നിമിഷം എല്ലാവരെയും ഞെട്ടിപ്പിച്ചുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് ഗംഗാഭായുടെ കാൽവിരലുകൾ അനങ്ങുന്നത് ഒരു ബന്ധുവിന്റെ ശ്രദ്ധയിൽപ്പെട്ടത്.
തിങ്കളാഴ്ച വൈകിട്ടാണ് ഗംഗാഭായുടെ ശരീരചലനങ്ങൾ നിലയ്ക്കുകയും മരിച്ചതായി കുടുംബം കരുതുകയും ചെയ്തത്. തുടർന്ന് അന്ത്യകർമ്മങ്ങൾക്കുള്ള നടപടികൾ ആരംഭിക്കുകയും ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ചൊവ്വാഴ്ച രാവിലെ മൃതദേഹം പുതിയ സാരി ധരിപ്പിച്ച്, ആചാരപ്രകാരം കൈകാലുകൾ ബന്ധിച്ച്, മൂക്കിൽ പഞ്ഞി വച്ച് സംസ്കാരത്തിനായി ഒരുക്കിയിരുന്നു. ഗംഗാഭായുടെ മരണവിവരം അറിഞ്ഞ് അവസാനമായി ഒന്ന് കാണാൻ വേണ്ടി ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ എത്തിയിരുന്നു.
Also Read:ബെംഗളൂരുവില്‍ മെട്രോ യാത്ര ഇനി കൂടുതല്‍ എളുപ്പം; കൗണ്ടറുകളില്‍ ക്യൂ നില്‍ക്കേണ്ട, രൂപയും ലാഭിക്കാം
എന്നാൽ ഈ സമയത്താണ് പേരക്കുട്ടിയായ രാകേഷ് സഖാരെ മുത്തശ്ശിയുടെ കാലുകൾ അനങ്ങുന്നത് ശ്രദ്ധിച്ചത്. മൂക്കിൽ നിന്നുള്ള പഞ്ഞി എടുത്തയുടൻ ഗംഗാഭായി ശ്വാസമെടുത്തു. തങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന് കരുതിയ മുത്തശ്ശിയെ തിരിച്ചുകിട്ടിയതിന്റെ സന്തോഷമായിരുന്നു പിന്നീട് ആ വീട്ടിൽ കണ്ടത്. ശവമഞ്ചം തിരികെ അയയ്ക്കുകയും വിലാപ ടെന്റ് ഉടനടി പൊളിക്കുകയും ചെയ്തു. എന്നാൽ ഇതിനിടെയിലാണ് അവരുടെ പിറന്നാളാണ് ഇന്നലെ എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
ഇതോടെ 103-ാം ജന്മദിനം ഗംഭീരമായി ആഘോഷിക്കാൻ അവർ തീരുമാനിച്ചു. ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരെല്ലാം പിറന്നാൾ കേക്ക് കഴിച്ച് സന്തോഷത്തോടെ മടങ്ങുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാം ജന്മം ലഭിച്ച മുത്തശ്ശിയെ കാണാൻ ഇപ്പോൾ അയൽഗ്രാമങ്ങളിൽ നിന്ന് പോലും നിരവധി ആളുകളാണ് എത്തുന്നത്.