Goa: വാടകയ്ക്കെടുത്ത കാറുമായി അതിർത്തി കടക്കാൻ ശ്രമം; 19 വയസുകാരനെ തല്ലിക്കൊന്നു
19 Year Old Killed In Goa: ഗോവയിൽ 19 വയസുകാരനെ തല്ലിക്കൊന്നു. വാടകയ്ക്കെടുത്ത കാറുമായി കടക്കാൻ ശ്രമിച്ച ഉത്തർപ്രദേശ് സ്വദേശിയെയാണ് തല്ലിക്കൊന്നത്.
വാടകയ്ക്കെടുത്ത കാറുമായി അതിർത്തി കടക്കാൻ ശ്രമിച്ച 19 വയസുകാരനെ തല്ലിക്കൊന്നു. ഗോവയിലാണ് സംഭവം. ഗോവയിൽ നിന്ന് വാടകയ്ക്കെടുത്ത ഥാറുമായി അതിർത്തി കടക്കാൻ ശ്രമിച്ച യുവാവിനെയാണ് ഥാർ വാടയ്ക്ക് നൽകിയ ആളും സുഹൃത്തുക്കളും ചേർന്ന് തല്ലിക്കൊന്നത്.
ഉത്തർപ്രദേശ് സ്വദേശിയായ കപിൽ ചൗധരിയാണ് കൊല്ലപ്പെട്ടത്. ശരീരമാസകലം ഗുരുതരമായ പരിക്കുകളോടെ വടക്കൻ ഗോവയിലെ തിവിമിൽ നിന്ന് വെള്ളിയാഴ്ച ഇയാളെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനം വാടകയ്ക്ക് നൽകിയ ഗോവ കണ്ടോലിം സ്വദേശി ഗുരുദത്ത് ലാവണ്ടെയും ലാവണ്ടെയുടെ രണ്ട് സുഹൃത്തുക്കളുമാണ് കൊലപാതകത്തിന് പിന്നിൽ എന്ന് പോലീസ് പറഞ്ഞു.
വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് കപിൽ ചൗധരി വാഹനം വാടകയ്ക്കെടുത്തത്. വ്യാഴാഴ്ച വൈകിട്ടാണ് യുവാവ് വാഹനം വാടകയ്ക്കെടുത്തത്. ഈ വാഹനവുമായി ഗോവൻ അതിർത്തി കടന്ന് ഇയാൾ മഹാരാഷ്ട്രയിലേക്ക് കടന്നു. എന്നാൽ, വാഹനത്തിലുണ്ടായിരുന്ന ട്രാക്കറിൻ്റെ സഹായത്തോടെ ഇത് മനസ്സിലാക്കിയ ഉടമ യുവാവിനെ പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു. മഹാരാഷ്ട്രയിൽ നിന്ന് ഇവരെ തിരികെ ഗോവയിലെത്തിച്ച ശേഷം സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിനിടെ യുവാവിന് ബോധം നഷ്ടപ്പെട്ടതോടെ ഇയാളെ വഴിയിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്.