Crime News: മെട്രോ സ്റ്റേഷന് താഴെ ഉറങ്ങുകയായിരുന്ന മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു; കുട്ടി ഗുരുതരാവസ്ഥയിലെന്ന് പോലീസ്
3 Year Old Raped In UP: മെട്രോ സ്റ്റേഷന് താഴെ ഉറങ്ങുകയായിരുന്ന മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു. ആളൊഴിഞ്ഞ ഇടത്തുകൊണ്ട് പോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു.

മെട്രോ സ്റ്റേഷന് താഴെ ഉറങ്ങുകയായിരുന്ന മൂന്ന് വയസുകാരി പീഡിപ്പിക്കപ്പെട്ട നിലയിൽ. കുട്ടി ഗുരുതരാവസ്ഥയിലാണെന്ന് പോലീസ് പറഞ്ഞു. ദിവസവേതനക്കാരായ ദമ്പതിമാരുടെ മകളാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ഒരു മെട്രോ സ്റ്റേഷന് അടിയിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ പ്രതി ആളൊഴിഞ്ഞ ഇടത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. വിവരം പുറത്തായ ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് മികച്ച ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കുട്ടി ഗുരുതരാവസ്ഥയിലാണെന്ന് പോലീസ് പറയുന്നു.
ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് ആശിഷ് കുമാർ ശ്രീവാസ്തവ് അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ ബുധനാഴ്ച രാത്രി തന്നെ സംഭവസ്ഥലം സന്ദർശിച്ചു. “ആലംബാഗ് പോലീസ് സ്റ്റേഷനിൽ ആവശ്യമായ വകുപ്പുകൾക്ക് കീഴിൽ ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന് അഞ്ച് സംഘങ്ങളാണുള്ളത്. സിസിടിവി ഫുട്ടേജുകൾ അടക്കമുള്ളവ പരിശോധിച്ച് പ്രതിയിലേക്കെത്താനാണ് ശ്രമം.”- ഡിസിപി പറഞ്ഞു.
കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുണ്ടായെന്നും ധാരാളം രക്തം നഷ്ടമായെന്നും ആശുപത്രി അധികൃതർ പറഞ്ഞു. സ്വകാര്യ അവയവം തകർന്നു. പ്ലാസ്റ്റിക് സർജറിയിലൂടെ മാത്രമേ അവയവം പഴയ നിലയിൽ ആക്കാനാവൂ. കുട്ടി മരിച്ചെന്ന് കരുതി പ്രതി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.