വയറുവേദനയെന്ന് പറഞ്ഞ് ആശുപത്രിയിൽ; ശുചിമുറിയിൽ വെച്ച് പ്രസവിച്ച ശേഷം കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്ന് 16-കാരി
Minor Girl Gives Birth in Toilet, Kills Newborn Baby: വഴിയിലൂടെ നടന്നുപോവുകയായിരുന്ന ഒരാളാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന കുഞ്ഞിനെ ആദ്യം കണ്ടത്. ഇയാൾ ഉടൻ തന്നെ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. വിവരമറിഞ്ഞയുടൻ ഒരു നഴ്സ് ഓടിയെത്തി കുഞ്ഞിനെ ആശുപത്രിയുടെ ഉള്ളിലേക്ക് എടുത്തുകൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു
ഹൂഗ്ലി: കടുത്ത വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 16-കാരി ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ശനിയാഴ്ച രാവിലെ പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ഉത്തർപാറ മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ഒരു സ്വകാര്യ നഴ്സിംഗ് ഹോമിലാണ് സംഭവം നടന്നത്. ജനലിലൂടെ പുറത്തേക്ക് വീണ പെൺകുഞ്ഞ് തൽക്ഷണം മരിച്ചു. സംഭവത്തിൽ ഉത്തർപാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച രാത്രി വൈകിയാണ് പെൺകുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടത്. തുടർന്ന് കുടുംബാംഗങ്ങൾ 16-കാരിയെ നഴ്സിംഗ് ഹോമിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ വേദന കൂടുതൽ കലശലായതിനെത്തുടർന്ന് പെൺകുട്ടി ഒറ്റയ്ക്ക് ശുചിമുറിയിലേക്ക് പോയി. അവിടെവെച്ച് മറ്റാരുടേയും സഹായമില്ലാതെ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും, ജനിച്ച ഉടൻ തന്നെ കുഞ്ഞിനെ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്ന് നഴ്സിംഗ് ഹോം അധികൃതർ പോലീസിനോട് പറഞ്ഞു.
വഴിയിലൂടെ നടന്നുപോവുകയായിരുന്ന ഒരാളാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന കുഞ്ഞിനെ ആദ്യം കണ്ടത്. ഇയാൾ ഉടൻ തന്നെ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. വിവരമറിഞ്ഞയുടൻ ഒരു നഴ്സ് ഓടിയെത്തി കുഞ്ഞിനെ ആശുപത്രിയുടെ ഉള്ളിലേക്ക് എടുത്തുകൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. സാധാര വയറുവേദനയാണെന്ന് കരുതിയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും അവർ പോലീസിനോട് വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി വൈകി അഡ്മിറ്റ് ചെയ്ത പെൺകുട്ടിക്ക് ശനിയാഴ്ച രാവിലെ രക്തപരിശോധന നടത്തിയിരുന്നതായി നഴ്സിംഗ് ഹോം ഉടമ സുചേത മുഖർജി മാധ്യമങ്ങളോട് പ്രതികരിച്ചു. അഡ്മിറ്റ് ചെയ്യുന്ന സമയത്ത് പെൺകുട്ടി ഗർഭിണിയാണോ എന്ന് നഴ്സിംഗ് ഹോം ജീവനക്കാർ കുടുംബാംഗങ്ങളോട് ആവർത്തിച്ച് ചോദിച്ചിരുന്നെങ്കിലും, ഒന്നും അറിയില്ല എന്ന മറുപടിയായിരുന്നു ബന്ധുക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നും സുചേത മുഖർജി വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഴ്സിംഗ് ഹോമിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും പെൺകുട്ടിയുടെ മാതാപിതാക്കളെയും മറ്റ് കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുമെന്നും ഉത്തർപാറ പോലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. അന്വേഷണത്തിൽ കണ്ടെത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബാംഗങ്ങളുടെ വാദങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. അതേസമയം, ഈ നഴ്സിംഗ് ഹോമിൽ ഇത്തരം സംഭവങ്ങൾ ആദ്യമായല്ല നടക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. പോലീസ് ഈ ആരോപണവും അന്വേഷിക്കും.
English Summary
A 16-year-old girl in West Bengal delivered a baby in a hospital washroom and threw the newborn out the window to its death. Her family claimed ignorance of her pregnancy.