Agnipath Scheme Major Update: അഗ്നിവീറുകൾക്ക് ആശ്വാസം; സേവന കാലാവധി രണ്ട് വർഷം കൂടി നീട്ടി നൽകാൻ തീരുമാനം, പ്രഖ്യാപനം ഉടൻ
Indian Armed Forces to Retain First Batch of Agniveers for 2 More Years: അതേസമയം, നിലവിൽ അഗ്നിവീറുകൾ നടത്തുന്ന പ്രകടനത്തിൽ മൂന്ന് സേനാ വിഭാഗങ്ങളും പൂർണ്ണ തൃപ്തരാണ്. പ്രത്യേക നൈപുണ്യവും സാങ്കേതിക വൈദഗ്ധ്യവുമുള്ള കൂടുതൽ അഗ്നിവീറുകളെ സേനയിൽ നിലനിർത്തുന്നതിനായി ഭാവിയിൽ പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയേക്കുമെന്നും ഉദ്യോഗസ്ഥർ സൂചന നൽകുന്നുണ്ട്

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സായുധ സേനകളിലെ അഗ്നിവീറുകൾക്ക് ആശ്വാസ വാർത്ത. അഗ്നിപഥ് പദ്ധതിക്ക് കീഴിൽ നിയമിതരായ അഗ്നിവീറുകളുടെ സേവന കാലാവധി രണ്ട് വർഷം കൂടി നീട്ടി നൽകാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. സംയുക്ത സൈനിക മേധാവി ജനറൽ എൻ.എസ്. രാജ സുബ്രമണി ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടത്തുമെന്നാണ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. സേനയിൽ തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനുള്ള പൂർണ്ണ അവകാശം ഓരോ അഗ്നിവീറുകൾക്കും തന്നെയായിരിക്കും. എന്നാൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് 2 വർഷം കൂടി സർവീസ് നീട്ടി നൽകാനാണ് സർക്കാർ പദ്ധതിയിടുന്നത്.
ആദ്യ ബാച്ചിലെ 75 ശതമാനം അഗ്നിവീറുകളെ നവംബർ പകുതിയോടെ ഘട്ടം ഘട്ടമായി സേനയിൽ നിന്ന് പിരിച്ചുവിടാനിരിക്കെയാണ് നിർണായക നീക്കം. നാല് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കി ഈ വർഷം ഡിസംബർ 31-നകം 18,300-ലധികം അഗ്നിവീറുകൾ സായുധ സേനയിൽ നിന്ന് പുറത്തുപോകേണ്ടതായിരുന്നു. ആദ്യ ഘട്ടത്തിൽ കര, നാവിക, വ്യോമ സേനകളിലായി നിയമിച്ച 24,400 പേരിൽ നിന്നുമാണ് ഇത്രയുമധികം സൈനികരെ പിരിച്ചുവിടേണ്ടത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ആദ്യ ബാച്ചിൽ കരസേനയിൽ 19,000, വ്യോമസേനയിൽ 2,850, നാവികസേനയിൽ 2,550 എന്നിങ്ങനെയാണ് അഗ്നിവീറുകളെ നിയമിച്ചിരുന്നത്.
സൈന്യത്തിൽ കൂടുതൽ ചെറുപ്പക്കാരെ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ 2022 ജൂണിലാണ് എൻ.ഡി.എ സർക്കാർ പതിറ്റാണ്ടുകൾ പഴക്കമുള്ള സൈനിക റിക്രൂട്ട്‌മെൻ്റ് സംവിധാനത്തിന് പകരം അഗ്നിപഥ് പദ്ധതി അവതരിപ്പിച്ചത്. നാല് വർഷത്തേക്ക് സൈനികരെ നിയമിക്കുകയും, അതിൽ നിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 ശതമാനം പേരെ മാത്രം അടുത്ത 15 വർഷത്തേക്ക് സേനയിൽ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതാണ് നിലവിലെ രീതി. എന്നാൽ സൈനികരുടെ സേവന കാലാവധിയും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്നു എന്നാരോപിച്ച് തുടക്കം മുതൽ പദ്ധതിക്കെതിരെ വലിയ രീതിയിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
അതേസമയം, നിലവിൽ അഗ്നിവീറുകൾ നടത്തുന്ന പ്രകടനത്തിൽ മൂന്ന് സേനാ വിഭാഗങ്ങളും പൂർണ്ണ തൃപ്തരാണ്. പ്രത്യേക നൈപുണ്യവും സാങ്കേതിക വൈദഗ്ധ്യവുമുള്ള കൂടുതൽ അഗ്നിവീറുകളെ സേനയിൽ നിലനിർത്തുന്നതിനായി ഭാവിയിൽ പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയേക്കുമെന്നും ഉദ്യോഗസ്ഥർ സൂചന നൽകുന്നുണ്ട്. നിലവിൽ കരസേനയിൽ ഏകദേശം 2,70,000 അഗ്നിവീറുകളും, വ്യോമസേനയിൽ 27,000 പേരും, നാവികസേനയിൽ 21,000 പേരുമാണ് രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിക്കുന്നത്.
English Summary
The government will soon announce a two-year service extension for Agniveers. This allows the first batch, originally scheduled to exit by December, to continue serving the military.