Ahmedabad Plane Crash: വിമാന ദുരന്തത്തിൽ മരിച്ച 80 പേരെ തിരിച്ചറിഞ്ഞു, വിജയ് രൂപാണിയുടെ സംസ്കാരം ഇന്ന്
Ahmedabad Air India Crash: മരിച്ചവരിൽ ഇതുവരെ 80 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഇതിൽ 33 പേരുടെ മൃതദേഹങ്ങൾ വിട്ടു നൽകി. അപകടത്തിൽ മരിച്ച മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.
ന്യൂഡൽഹി: രാജ്യത്തെ തന്നെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരിൽ ഇതുവരെ 80 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഇതിൽ 33 പേരുടെ മൃതദേഹങ്ങൾ വിട്ടു നൽകി. അപകടത്തിൽ മരിച്ച മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.
അതേസമയം അപകടത്തിൽ പ്രദേശവാസികളായ രണ്ടു വയസുള്ള കുട്ടി ഉൾപ്പെടെ നാലു പേരെ കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ഇവരുടെ ബന്ധുക്കള്‍ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും ലണ്ടനിലെ ഗാറ്റ്വിക് എയർപോർട്ടിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനമാണ് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തകർന്നുവീണത്. അപകടത്തിൽ ഇതുവരെ 274 പേരാണ് മരിച്ചതെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. കൂടുതൽ പേരുടെ ഡിഎൻഎ പരിശോധന ഇന്ന് പൂർത്തിയാകും. അപകടത്തിൽ മരിച്ച മലയാളി രഞ്ജിത നായരുടെ ഡിഎൻഎ ഫലം ഇന്ന് ലഭിക്കുമെന്നാണ് സൂചന.
Also Read:അഹമ്മദാബാദ് വിമാന ദുരന്തം; ഡിഎന്‍എ പരിശോധനയിലൂടെ 19 പേരെ തിരിച്ചറിഞ്ഞു
അതേസമയം അപകടത്തെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച ഉന്നത തല സമിതിയുടെ ആദ്യ യോഗം ഇന്ന് ചേരും. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്. ഇന്ന് ചേരുന്ന യോഗത്തിൽ ഇതുവരെയുള്ള അന്വേഷണം വിലയിരുത്തും. ഇതിനു പുറമെ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും വ്യോമയാന മേഖലയില്‍ സുരക്ഷ വർധിപ്പിക്കാനുമുള്ള മാര്‍ഗനിര്‍ദ്ദേശവും നല്‍കും. വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറും കണ്ടെത്തി.