Ahmedabad Plane Crash: ‘രാത്രിയിൽ ഞെട്ടിയുണരും, ഉറങ്ങാൻ കഴിയുന്നില്ല’; വിമാന അപകടത്തിൽ രക്ഷപ്പെട്ട വിശ്വാസ്
Ahmedabad Air India Plane Crash: സഹോദരൻറെ മരണത്തിലും അപകടത്തിൻറെയും ആഘാതവും അവനിൽ നിന്ന് വിട്ടുമാറിയിട്ടില്ല. ഇപ്പോഴും രാത്രിയിൽ ഉറക്കത്തിൽ ഞെട്ടി ഉണരാറുണ്ട്. ഉടനെ ലണ്ടനിലേക്ക് തിരിച്ചുപോകുന്നകാര്യം തീരുമാനിച്ചിട്ടില്ല.

Ahmedabad Plane Crash
ന്യൂഡൽഹി: അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാന അപകടത്തിൻ്റെ ആഘാതത്തിൽ നിന്ന് മോചിതനാകാതെ രക്ഷപ്പെട്ട ഏക വ്യക്തി വിശ്വാസ് കുമാർ രമേഷ്. ദുരന്തത്തിൻറെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചർച്ചയാകുമ്പോഴാണ് വിശ്വാസിൻ്റെ ഇപ്പോഴത്തെ അവസ്ഥ പുറത്തുവരുന്നത്. ജൂൺ 12നാണ് അഹമ്മദാബാദിൽ വിമാനാപകടം നടന്നത്. 242 യാത്രക്കാരിൽ വിശ്വാസ് മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരനാണ് വിശ്വാസ് കുമാർ.
എന്നാൽ ഇപ്പോഴിതാ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനായി വിശ്വാസ് കുമാർ കൗൺസിലിങ് അടക്കമുള്ള വഴി തേടുകയാണെന്നാണ് ബന്ധുവായ ഒരാൾ വാർത്താ ഏജൻസിയോട് പറയുന്നത്. വിമാനത്തിലുണ്ടായിരുന്ന വിശ്വാസ് കുമാറിൻറെ സഹോദരൻ അജയ് അടക്കമുള്ളവർ അപകടത്തിൽ മരണപ്പെട്ടിരുന്നു. അപകടം നടന്ന സ്ഥലത്തെ ഞെട്ടിക്കുന്ന കാഴ്ച്ചകളും രക്ഷപ്പെടലുമെല്ലാം വിശ്വാസിൻറെ മാനിസാകാവസ്ഥയെ കാര്യമായി ബാധിച്ചിരിക്കുകയാണ്. ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹം.
ആരോഗ്യ വിവരം അന്വേഷിച്ച് പലരും വിളിക്കും, വിശ്വാസ് ആരോടും സംസാരിക്കുന്നില്ല. സഹോദരൻറെ മരണത്തിലും അപകടത്തിൻറെയും ആഘാതവും അവനിൽ നിന്ന് വിട്ടുമാറിയിട്ടില്ല. ഇപ്പോഴും രാത്രിയിൽ ഉറക്കത്തിൽ ഞെട്ടി ഉണരാറുണ്ട്. വിശ്വാസ് ശരിക്കും ഉറങ്ങാറില്ല. കഴിഞ്ഞ ദിവസം വിശ്വാസിനെ മാനസികാരോഗ്യ വിദഗ്ധൻറെ അടുത്തുകൊണ്ടുപോയി കൗൺസിലിങ് അരംഭിച്ചിരുന്നു. അതിനാൽ ഉടനെ ലണ്ടനിലേക്ക് തിരിച്ചുപോകുന്നകാര്യം തീരുമാനിച്ചിട്ടില്ലെന്നും ബന്ധു പറഞ്ഞു.
സാരമായി പരിക്കേറ്റ വിശ്വാസിനെ ജൂൺ 17 നാണ് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. അപകടം നടന്ന് അടുത്ത ദിവസം, പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസിനെ ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു. അതിനിടെ വിമാനത്തിന്റെ ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയതാകാം അപകട കാരണമെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അന്വേഷണ റിപ്പോർട്ട്. സ്വിച്ച് ഓഫ് ആയതോടെ രണ്ട് എഞ്ചിനിലേക്കുമുള്ള ഇന്ധനമൊഴുക്ക് നിലച്ചുവെന്നും പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ പൈലറ്റുമാരിൽ ഒരാൾ മറ്റൊരാളോട് എന്തിനാണ് ഇന്ധനം വിച്ഛേദിച്ചതെന്ന് ചോദിക്കുന്നത് കേൾക്കാമെന്നാണ് റിപ്പോർട്ട്. എന്നാൽ താൻ അങ്ങനെ ചെയ്തിട്ടില്ലെന്നാണ് പൈലറ്റ് മറുപടി നൽകിയതെന്നും റിപ്പോർട്ട് വ്യക്തമാക്കി.