Air India Crash: ‘വാതിലടച്ചിരിക്കും, ആരോടും സംസാരിക്കാറില്ല’; ആദ്യമായി പ്രതികരിച്ച് എയർ ഇന്ത്യ വിമാനദുരന്തത്തിൽ രക്ഷപ്പെട്ടയാൾ
Air India Crash Survivor Response: അപകടത്തിൻ്റെ ഞെട്ടലിൽ നിന്ന് താനിപ്പോഴും മുക്തനായിട്ടില്ലെന്ന് എയർ ഇന്ത്യ വിമാനദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ. ബിബിസിയോടാണ് പ്രതികരണം.
ഇക്കഴിഞ്ഞ ജൂൺ 12ന് നടന്ന എയർ ഇന്ത്യ വിമാനദുരന്തത്തിൽ രക്ഷപ്പെട്ട ഒരേയൊരാളാണ് 40 വയസുകാരനായ വിശ്വാസ് കുമാർ രമേഷ്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടപ്പോൾ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാൽ, ഈ രക്ഷപ്പെടൽ അത്ര സുഖമുള്ളതല്ലെന്നാണ് യുവാവ് പറയുന്നത്.
“ഞാൻ മാത്രമാണ് രക്ഷപ്പെട്ടത്. ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. അതൊരു അത്ഭുതമായിരുന്നു. എനിക്ക് എൻ്റെ സഹോദരനെ നഷ്ടമായി. അദ്ദേഹമായിരുന്നു എൻ്റെ നട്ടെല്ല്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം എപ്പോഴും എന്നെ പിന്തുണച്ചിരുന്നു. ഞാൻ ഇപ്പോൾ ഒറ്റയ്ക്കാണ്. ഞാൻ എൻ്റെ മുറിയിൽ ഒറ്റയ്ക്കിരിക്കും. ഭാര്യയോടോ മകനോടോ സംസാരിക്കാനാവുന്നില്ല. വീട്ടിൽ ഒറ്റയ്ക്കിയിരുന്നാൽ മതി.”- വിശ്വാസ് കുമാർ രമേഷ് ബിബിസിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
Also Read: Heavy Rain alert: വീണ്ടും പെരുമഴക്കാലമോ? ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, ചുഴലിക്കാറ്റ് മുന്നറിയിപ്പ്
“എൻ്റെ കുടുംബവും മാനസികമായ ബുദ്ധിമുട്ടിലാണ്. കഴിഞ്ഞ നാല് മാസമായി എൻ്റെ അമ്മ എല്ലാ ദിവസവും വാതിലിന് പുറത്തിരിക്കും. ഒന്നും സംസാരിക്കില്ല. ഞാനും ആരോടും സംസാരിക്കുന്നില്ല. എനിക്ക് സംസാരിക്കാൻ കഴിയുന്നില്ല. രാത്രി മുഴുവൻ ഞാൻ ആലോചനകളിലാണ്. മാനസികമായി ഞാൻ ബുദ്ധിമുട്ടുന്നുണ്ട്. എല്ലാ ദിവസവും കുടുംബത്തിന് വേദനയാണ്. നടക്കുമ്പോൾ ഞാൻ വേഗം നടക്കില്ല. വളരെ സാവധാനത്തിലാണ് നടക്കുന്നത്.”- വിശ്വാസ് കുമാർ കൂട്ടിച്ചേർത്തു.
അഹ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള ബോയിങ് 787 ഡ്രീംലൈനർ ആണ് ടേക്ക് ഓഫിന് സെക്കൻഡുകൾക്ക് ശേഷം തകർന്നുവീണത്. അഹ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര സ്റ്റേഡിയത്തിൽ നിന്ന് ഉയർന്നയുടൻ നിലം പതിച്ച വിമാനം ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 241 പേരിൽ വിശ്വാസ് മാത്രമാണ് രക്ഷപ്പെട്ടത്. വിമാനത്തിലെ 240 പേരും മറ്റ് 19 പേരും അപകടത്തിൽ മരിച്ചു.