Air India Plane Crash: ഉച്ച ഭക്ഷണം കഴിച്ച വിദ്യാർഥികൾ, തകർന്ന് വീണ വിമാനം, ഞെട്ടിക്കുന്ന കാഴ്ചകൾ
Ahmedabad Plane Crash Medical Students Death : വ്യാഴാഴ്ച ഉച്ചക്ക് 1.30-ന് അഹമ്മദബാദ് വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന എയർഇന്ത്യ വിമാനത്തിൽ ജീവനക്കാരടക്കം 242 പേരാണുണ്ടായിരുന്നത്. പറന്നുയർന്ന ബോയിംഗ് 787-8 ഡ്രീംലൈനർ തകർന്നുവീഴുകയായിരുന്നു
അഹമ്മദബാദ് വിമാനദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് രാജ്യം. സമാനതകളില്ലാത്ത അപകടത്തിൽ എല്ലാവരും മരിച്ചുവെന്നാണ് ഏറ്റവുമൊടുവിൽ ലഭിക്കുന്ന വിവരം. ആൾ താമസമില്ലാത്തൊരിടത്താണ് വിമാനം പതിച്ചതെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരങ്ങൾ. എന്നാൽ പിന്നീടിത് അഹമ്മദാബാദിലെ ബിജെ മെഡിക്കല് കോളേജ് ഹോസ്റ്റലിന് മുകളിലാണെന്നത് വ്യക്തമായി. സങ്കടകരമായ കാഴ്ചകളാണ് ഹോസ്റ്റലിൻ്റെ പുറത്തു വന്ന ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. കഴിച്ച് പകുതിയായ ഭക്ഷണവും, മേശയിൽ നിരന്ന പ്ലേറ്റുകളും ഒത്ത നടുക്കായി ഭിത്തിയുടെ പകുതി തകർത്ത് അകത്തേക്ക് കയറി കിടക്കുന്ന വിമാനത്തിൻ്റെ ഭാഗങ്ങളും ഞെട്ടലുളവാക്കുന്ന കാഴ്ചയാണ്.
വിമാന യാത്രക്കാർക്ക് പുറമെ ബിജെ മെഡിക്കൽ കോളേജിലെ അഞ്ച് മെഡിക്കൽ വിദ്യാര്ത്ഥികളും അപകടത്തിൽ മരിച്ചെന്ന് എൻഡിടീവി റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ നാല് എംബിബിഎസ് ബിരുദ വിദ്യാർത്ഥികളും ഒരു പിജി റസിഡൻ്റും ഉൾപ്പെടുന്ന. നിരവധി വിദ്യാർഥികൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. വിദ്യാർഥികൾ ഉച്ചഭക്ഷണം കഴിക്കുമ്പോഴായിരുന്നു വിമാനം ഹോസ്റ്റലിലേക്ക് പതിച്ചതെന്നത് ഞെട്ടലുളവാക്കുന്നു എന്നാണ് മറ്റൊരു വിദ്യാർഥി മാധ്യമങ്ങളോട് പറഞ്ഞത്. വിമാനത്തിന്റെ ഒരു ഭാഗം ബിജെ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ ഹോസ്റ്റലിനുള്ളിൽ കുടുങ്ങിയതായി ചിത്രങ്ങളിൽ കാണാം.
വ്യാഴാഴ്ച ഉച്ചക്ക് 1.30-ന് അഹമ്മദബാദ് വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന എയർഇന്ത്യ വിമാനത്തിൽ ജീവനക്കാരടക്കം 242 പേരാണുണ്ടായിരുന്നത്. പറന്നുയർന്ന ബോയിംഗ് 787-8 ഡ്രീംലൈനർ തകർന്നുവീഴുകയായിരുന്നു. വിമാനത്തിൽ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും 1 കനേഡിയൻ പൗരനും 7 പേർ പോർച്ചുഗീസ് പൗരന്മാരുമാരുമാണ് ഉണ്ടായിരുന്നത്.
ക്യാപ്റ്റൻ സുമീത് സബർവാളും, ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറുമായിരുന്നു വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റുമാർ. അതേസമയം അപകടത്തിൽ എല്ലാവരും മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽ ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാനിക്കും ജീവൻ നഷ്ടമായതായി പിന്നീട് സ്ഥിരീകരിച്ചു.