Happy Birthday Amit Shah: ഇന്ത്യൻ രാഷ്ട്രീയത്തിലെ ചാണക്യൻ; അമിത് ഷായ്ക്ക് ഇന്ന് ഷഷ്ഠി പൂർത്തി
Amit Shah 60th Birthday: 1964-ൽ മുംബെെയിൽ ജനിച്ച് ഗുജറാത്ത് യൂണിവേഴ്സിറ്റിയിലെ പഠനകാലം അവസാനിപ്പിച്ച് അദ്ദേഹം രാഷ്ട്രീയ സ്വയം സേവകനായി പ്രവർത്തനം തുടങ്ങി. അടിയന്തരാവസ്ഥയ്ക്ക് 12 വർഷം മുമ്പ് ജനിച്ച അമിത് ഷാ വ്യത്യസ്തമായ രാഷ്ട്രീയ ധാരയാണ് തന്റെ സ്വപ്നവും ലക്ഷ്യവുമെന്ന് വിശ്വസിച്ചു.
ഇന്ത്യൻ രാഷ്ട്രീയത്തിലെ ചാണക്യന് ഇന്ന് ഷഷ്ഠി പൂർത്തി. അസാധ്യമെന്ന് കരുതി മാറ്റി വയ്ക്കുന്ന പലതിനെയും സാധ്യമാകുന്ന തന്ത്രജ്ഞൻ. കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറെയായി ഇന്ത്യൻ രാഷട്രീയത്തിൽ ശ്രദ്ധേയൻ, എതിരാളികൾ പോലും രാഷ്‌ട്രീയത്തിലെ ചാണക്യൻ എന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഷ്‌ട്രീയ എതിരാളികൾ പോലും അംഗീകരിക്കുന്ന ഈ കരുത്തുറ്റ സംഘാടകന് ഇന്ന് 60-ാം പിറന്നാൾ. കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമാണ് അമിത് അനിൽ ചന്ദ്ര ഷാ എന്ന അമിത് ഷാ. 2019 മെയ് 30ന് രണ്ടാം മോദി സർക്കാരിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയായി അദ്ദേഹം ചുമതലയേറ്റു. മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയിലും ആഭ്യന്തരമന്ത്രിയായി.
ഗുജറാത്തിൽ പ്രവർത്തനമാരംഭിക്കുകയും പിന്നീട് ദേശീയ തലത്തിലേക്ക് വളരുകയും ചെയ്ത നേതാവ്. ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒഴിച്ചുകൂടാനാവാത്ത നേതാവ്. നരേന്ദ്രമോദിയുടെ മൂന്നാം കണ്ണാണ് അമിത് ഷാ. മോദി കാണാത്തത് അമിത് ഷാ കാണും. അമിത് ഷാ കാണുന്നതിനപ്പുറം മോദി മുന്നേറി കളിക്കും. ചില കൂട്ടുകെട്ടുകൾ നമ്മേ അത്ഭുതപ്പെടുത്തുന്ന വിജയസമവാക്യങ്ങൾ രചിക്കും. പ്രത്യേകിച്ച് രാഷ്ട്രീയത്തിൽ. അങ്ങനെ ഒന്നാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിച്ചത്.
നരേന്ദ്രമോദി- അമിത് ഷാ കൂട്ടുകെട്ട് ബിജെപിയിൽ മാത്രമല്ല, ഇന്ദ്രപ്രസ്ഥ ഭരണം വളർന്നു പന്തലിച്ചതിന് പിന്നിലും ഈ കൂട്ടുകെട്ടാണ്. 60-കാരനായ അമിത് ഷാ ആളുചില്ലറക്കാരനല്ലെന്ന് അടുത്തറിയാവുന്നവർക്ക് അറിയാം. 1964-ൽ മുംബെെയിൽ ജനിച്ച് ഗുജറാത്ത് യൂണിവേഴ്സിറ്റിയിലെ പഠനകാലം അവസാനിപ്പിച്ച് അദ്ദേഹം രാഷ്ട്രീയ സ്വയം സേവകനായി പ്രവർത്തനം തുടങ്ങി. അടിയന്തരാവസ്ഥയ്ക്ക് 12 വർഷം മുമ്പ് ജനിച്ച അമിത് ഷാ വ്യത്യസ്തമായ രാഷ്ട്രീയ ധാരയാണ് തന്റെ സ്വപ്നവും ലക്ഷ്യവുമെന്ന് വിശ്വസിച്ചു. സംഘടനാ പ്രവർത്തനത്തിന്റെ ആദ്യകാലം മുതൽ ഇന്നുവരെ ചുവടുതെറ്റാതെ മുന്നേറാനും കൃത്യമായ ആസൂത്രണ വെെഭവം പ്രകടിപ്പിക്കാനും ഗുജറാത്തിയുടെ സ്വതസിത്വമായ ആ വ്യാപാര ബുദ്ധിക്ക് സാധിച്ചിട്ടുണ്ട്.
2014-ലെ പൊതു തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് പിടിക്കുക എന്ന ദൗത്യം അമിത് ഷായെ ബിജെപി ഏൽപ്പിച്ചു. യാതൊരു മുറുമുറുപ്പുമില്ലാതെ അമിത് ഷാ ഉത്തർപ്രദേശിലേക്ക് വണ്ടി കയറി. പിന്നീട് ഉണ്ടായതെല്ലാം ഇന്ത്യൻ രാഷ്ട്രീയത്തിലെ മറക്കാനാവാത്ത ഏടുകൾ. മത്സരിച്ച 80 സീറ്റുകളിൽ 73 സീറ്റുകളിലും വിജയിച്ച് ബിജെപി കരുത്തുക്കാട്ടി. ഈ വിജയത്തോടെ, അമിത് ഷാ ബിജെപിയുടെ ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2020 വരെ ആ സ്ഥാനത്ത് തുടർന്നു.
2002 മുതൽ 2010 വരെ ഗുജറാത്തിൽ ആഭ്യന്തര മന്ത്രിയായിരുന്നു. ആ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപടം തിരുത്തി എഴുതാൻ അദ്ദേഹത്തിന് സാധിച്ചു. സംഘടനാ രംഗത്ത് കൃത്യമായ നിലപാടുകൾ സ്വീകരിച്ച് അവനവൻ കടമ്പക്കാരെ പടിക്ക് പുറത്തുനിർത്താൻ ഷായ്ക്ക് സാധിച്ചു. അപാരമായ ഗുജറാത്ത് വ്യാപാരിയുടെ കൗശലമികവായിരുന്നു ഇക്കാര്യത്തിൽ ഷാ പ്രകടിപ്പിച്ചത്. സബർമതി ജയിൽ അമിത് ഷായ്ക്ക് മറക്കാനാവുന്നതല്ല. മൂന്ന് മാസം ഇവിടെ കഴിഞ്ഞ അമിത് ഷാ സ്വയം ഒരു കുറ്റവാളിയാണെന്ന ഭാവം എവിടെയും പ്രകടിപ്പിച്ചില്ല. സോഹ്റാബുദ്ധീൻ വ്യാജ ഏറ്റുമുട്ടൽ കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടാണ് അമിത് ഷാ സബർമതി ജയിലിൽ എത്തിയത്. അങ്ങനെ സ്വന്തം പാർട്ടിയിലും ജനങ്ങൾക്കിടയിലും അമിത് ഷാ കൂടുതൽ സ്വീകാര്യനായി മാറി. ഒരു പ്രതിസന്ധി ഘട്ടത്തെ തനിക്കും തന്റെ പാർട്ടിക്കും എങ്ങനെ തരണം ചെയ്യാമെന്ന് അമിത് ഷാ കാണിച്ചു തന്നു. ഇപ്പോഴും അത് ചെയ്യുന്നു.
ആർഎസ്എസിന്റെ വിദ്യാർഥി സംഘടനയായ അഖില ഭാരതീയ വിദ്യാർഥി പരിഷത്തിന്റെ (എബിവിപി) പ്രവർത്തകനായാണ് അമിത് ഷാ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1986- ൽ ബിജെപിയിൽ അംഗത്വമെടുത്തു. 1997 (ഉപതിരഞ്ഞെടുപ്പ്), 1998, 2002, 2007 തെരഞ്ഞെടുപ്പുകളിൽ സാകേജ് നിയോജകമണ്ഡലത്തിൽ നിന്ന് ജനവിധി തേടി ഗുജറാത്ത് നിയമസഭാംഗമായി. 2012 ലെ തിരഞ്ഞെടുപ്പിൽ നാരാൺപുരയിൽ നിന്നും ജയിച്ച് വീണ്ടും ഗുജറാത്ത് നിയമസഭയിലെത്തി.