Arvind Kejriwal: ഡല്‍ഹിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാണ്: അരവിന്ദ് കെജ്‌രിവാള്‍
Arvind Kejriwal Claims He Deserve The Nobel Prize: കെജ്‌രിവാളിന്റെ അവകാശവാദത്തിനെതിരെ ബിജെപി രംഗത്തെത്തി. കഴിവില്ലായ്മ, അരാജകത്വം, അഴിമതി എന്നിവയ്ക്ക് അദ്ദേഹത്തിന് അവാര്‍ഡ് നല്‍കണമെന്ന് ഡല്‍ഹി ബിജെപി പ്രസിഡന്റ് വിരേന്ദ്ര സച്ച്‌ദേവ പ്രതികരിച്ചു.
ന്യൂഡല്‍ഹി: താന്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാണെന്ന് ഡല്‍ഹി മുന്‍മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ നൊബേല്‍ സമ്മാനം അര്‍ഹിക്കുന്നുവെന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്. പാര്‍ട്ടി പ്രവര്‍ത്തകന്‍ ജാസ്മിന്‍ ഷായുടെ ദി ഡല്‍ഹി എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പഞ്ചാബിലെ മൊഹാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലിരുന്നപ്പോള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ലെങ്കിലും, ഞങ്ങള്‍ എല്ലാം ചെയ്തു. ഡല്‍ഹിയില്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഉണ്ടായിരുന്നിട്ടും ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ നൊബേല്‍ സമ്മാനം അര്‍ഹിക്കുന്നുവെന്ന് കെജ്‌രിവാള്‍ പഞ്ഞു.
തിരഞ്ഞെടുപ്പ് നടന്ന് വെറും മൂന്ന് നാല് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആളുകള്‍ ആം ആദ്മി പാര്‍ട്ടിയെ തേടി തുടങ്ങി. ബിജെപി എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ നശിപ്പിച്ചു. മൊഹല്ല ക്ലിനിക്കുകള്‍ ഒന്നൊന്നായി അടച്ചുപൂട്ടുന്നു. ആശുപത്രികളിലെ സൗജന്യ മരുന്നുകളും രോഗനിര്‍ണയവും നിര്‍ത്തിവെച്ചു.




ഡല്‍ഹിയിലെ റോഡുകള്‍ തകര്‍ന്നു. നഗരത്തിലുടനീളം മാലിന്യം നിറഞ്ഞിരിക്കുന്നു. കഴിഞ്ഞ ജൂണില്‍ ഡല്‍ഹി 50 ഡ്രിഗ്രി സെല്‍ഷ്യസ് എത്തിയപ്പോഴും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ മഴ ലഭിച്ചിട്ടും വൈദ്യുതി മുടങ്ങുന്നു, അവര്‍ എല്ലാം നശിപ്പിച്ചുവെന്നും മുന്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കെജ്‌രിവാളിന്റെ അവകാശവാദത്തിനെതിരെ ബിജെപി രംഗത്തെത്തി. കഴിവില്ലായ്മ, അരാജകത്വം, അഴിമതി എന്നിവയ്ക്ക് അദ്ദേഹത്തിന് അവാര്‍ഡ് നല്‍കണമെന്ന് ഡല്‍ഹി ബിജെപി പ്രസിഡന്റ് വിരേന്ദ്ര സച്ച്‌ദേവ പ്രതികരിച്ചു.