Ayushman Bharat: ആയുഷ്മാൻ ഭാരത് എൻറോൾമെൻ്റ് ഒരാഴ്ചയ്ക്കുള്ളിൽ; ആർക്കെല്ലാം അപേക്ഷ നൽകാം? വിശദവിവരങ്ങൾ
Ayushman Bharat Health Care: പദ്ധതി അനുസരിച്ചു മുതിർന്നയാളുള്ള ഒരു കുടുംബത്തിന് വർഷം അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷയാണു ലഭിക്കുന്നത്. ഒന്നിലേറെ മുതിർന്ന പൗരന്മാരുണ്ടെങ്കിൽ ഈ ആനുകൂല്യം പങ്കുവയ്ക്കപ്പെടും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടനപത്രികയിലെ ബിജെപിയുടെ വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.
ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് (Ayushman Bharat Health Care) പദ്ധതിയുടെ (AB-PMJAY) എൻറോൾമെൻ്റ് ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. സർക്കാർ വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ആയുഷ്മാൻ ഭാരതിന് യോഗ്യരായ മുതിർന്ന പൗരന്മാർ ആയുഷ്മാൻ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ PMJAY പോർട്ടൽ വഴിയോ പദ്ധതിയ്ക്ക് അപേക്ഷ നൽകാവുന്നതാണ്. അപേക്ഷിക്കുന്ന വ്യക്തിയുടെ പ്രായം തെളിയിക്കുന്നതിനും മറ്റ് വിവരങ്ങൾക്കും ആധാർ കാർഡ് നിർബന്ധമാണ്.
കുടുംബാടിസ്ഥാനത്തിൽ പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ ആനുകൂല്യം നൽകുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. 70 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വ്യാപിക്കാനുള്ള മോദി സർക്കാരിന്റെ നീക്കമായാണ് ഇതിനെ കാണുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടനപത്രികയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.
മുതിർന്ന പൗരർക്കുള്ള ആയുഷ്മാൻ ഭാരത് പരിരക്ഷയ്ക്കു കുടുംബത്തിന്റെ വരുമാനപരിധി ബാധകമായിരിക്കില്ലെന്നത് ശ്രദ്ധേയമാണ്. അതിനാൽ ആറ് കോടിയോളം മുതിർന്ന പൗരന്മാരുള്ള 4.5 കോടി കുടുംബങ്ങൾക്ക് പുതിയ പദ്ധതി വലിയ രീതിയിൽ ഗുണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു.
ALSO READ: 70 വയസ് കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ; പുതിയ ചുവടുവെപ്പുമായി കേന്ദ്രം
പദ്ധതി ഇങ്ങനെ
പദ്ധതി അനുസരിച്ചു മുതിർന്നയാളുള്ള ഒരു കുടുംബത്തിന് വർഷം അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷയാണു ലഭിക്കുന്നത്. ഒന്നിലേറെ മുതിർന്ന പൗരന്മാരുണ്ടെങ്കിൽ ഈ ആനുകൂല്യം പങ്കുവയ്ക്കപ്പെടും. എന്നാൽ കുടുംബത്തിലെ മറ്റുള്ളവർക്ക് ഇത് ലഭിക്കില്ല. അതേസമയം, നിലവിൽ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായ കുടുംബങ്ങളിലെ മുതിർന്ന പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപയുടെ അധികപരിരക്ഷയും ലഭിക്കും. ഈ അധികപരിരക്ഷ ലഭിക്കുക മുതിർന്നവർക്ക് മാത്രമായിരിക്കും.
എന്നാൽ പുതിയതായി പദ്ധതിയുടെ ഭാഗമാകുന്നവർക്ക് പിഎം–ജെഎവൈ കാർഡ് ലഭിക്കുന്നതാണ്. സിജിഎച്ച്എസ്, എക്സ്–സർവീസ്മെൻ പങ്കാളിത്ത ആരോഗ്യപദ്ധതി അടക്കമുള്ള കേന്ദ്ര–സംസ്ഥാന പദ്ധതികളിൽ നിലവിൽ ആനുകൂല്യം ലഭിക്കുന്നവർക്ക് അത് തുടരുകയോ, ആയുഷ്മാൻ ഭാരതിൽ ചേരുകയോ ചെയ്യുകയും ചെയ്യാം.
കേരളത്തിന് 197 സർക്കാർ ആശുപത്രികളും നാല് കേന്ദ്രസർക്കാർ ആശുപത്രികളും 364 സ്വകാര്യ ആശുപത്രികളും കാസ്പിൽ എംപാനൽ ഉൾപ്പെടുതിയിട്ടുണ്ട്. കാസ്‌പിൽ 41.99 ലക്ഷം കുടുംബങ്ങളാണ് അംഗങ്ങളായി വരിക. ഒരു കുടുംബത്തിന് 1050 രൂപ വാർഷിക പ്രീമിയമായി നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ 60 ശതമാനം കേന്ദ്രം നൽകുമ്പോൾ സംസ്ഥാനങ്ങൾ 40 ശതമാനമാണ് നൽകേണ്ടത്.
ആയുഷ്മാന്‍ ഭാരത് കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം
- ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുന്നതിന് pmjay.gov.in സൈറ്റ് സന്ദര്‍ശിക്കുക.
- എന്നിട്ട് ABHA- രജിസ്‌ട്രേഷന്‍ ബട്ടണില്‍ ക്ലിക്കുചെയ്യുക
- ശേഷം ആധാര്‍ സ്ഥിരീകരിക്കാന്‍ ഒടിപി നല്‍കുക
- പേര്, വരുമാനം, പാന്‍ കാര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ നല്‍കാം
- അപേക്ഷ അംഗീകരിക്കുന്നത് വരെ കാത്തിരിക്കുക
- അപേക്ഷ അംഗീകരിച്ച ശേഷം ആയുഷ്മാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുക
- ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്തുവെക്കാം