Bengaluru Train: ബെംഗളൂരു ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത; സംഗതി കളറാകും
Hyderabad Bengaluru Train Speed: തിരക്കേറിയ അന്തര്‍സംസ്ഥാന പാതയില്‍ ശേഷി വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ. അടുത്തമാസം മുതല്‍ ഹൈദരാബാദില്‍ നിന്നുള്ള യാത്രകളുടെ വേഗത ഉയരുമെന്നാണ് പ്രതീക്ഷ.
അന്തര്‍സംസ്ഥാന റെയില്‍പാതകളില്‍ തിരക്ക് അനുഭവപ്പെടുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ ഇത് പലപ്പോഴും ട്രെയിനുകളുടെ വേഗതയെ ബാധിക്കുന്നു. ട്രെയിനുകള്‍ ധാരാളമുണ്ടെങ്കിലും പാതയുടെ അപര്യാപ്തത തന്നെയാണ് വേഗതയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. എന്നാലിതാ ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വേഗതയേറിയ യാത്ര ലഭിക്കാന്‍ പോകുകയാണ്.
തിരക്കേറിയ അന്തര്‍സംസ്ഥാന പാതയില്‍ ശേഷി വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ. അടുത്തമാസം മുതല്‍ ഹൈദരാബാദില്‍ നിന്നുള്ള യാത്രകളുടെ വേഗത ഉയരുമെന്നാണ് പ്രതീക്ഷ. തെക്കന്‍ ആന്ധ്രാപ്രദേശില്‍ നിന്ന് മകാജിപ്പള്ളിക്കും ധര്‍മ്മവാരത്തിനും ഇടയിലുള്ള 30 കിലോമീറ്റര്‍ ദൂരം പാതയുടെ വേഗത ഇരട്ടിയാക്കിയിട്ടുണ്ട്.
ഹൈദരാബാദില്‍ നിന്ന് കര്‍ണാടകയിലേക്ക് പോകുന്ന ട്രെയിനുകള്‍ നേരിടുന്ന തടസങ്ങളും നീക്കം ചെയ്തിട്ടുണ്ട്. പുതുതായി നിര്‍മിച്ച ട്രാക്കില്‍ മണിക്കൂര്‍ 110 കിലോമീറ്റര്‍ പരമാവധി വേഗതയില്‍ പ്രവര്‍ത്തിക്കാന്‍ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ അനുമതി നല്‍കിയിട്ടുണ്ട്. പരീക്ഷണയോട്ടത്തില്‍ ട്രെയിനുകള്‍ മണിക്കൂറില്‍ 121 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കുകയും ചെയ്തു.
രണ്ടാംപാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതിനൊപ്പം 66 ചെറിയ പാലങ്ങള്‍, 15 റോഡ് അണ്ടര്‍പാസുകള്‍, ഒരു ഫുട് ഓവര്‍ബ്രിഡ്ജ് എന്നിവയും ഉണ്ടാക്കിയിട്ടുണ്ട്. സ്റ്റേഷന്‍ യാര്‍ഡുകളും അഞ്ച് ലൈനുകളുമാണ് കൂടുതലായി ഉള്‍പ്പെടുത്തിയത്.
Also Read: Bengaluru Train: 2 മണിക്കൂറില്‍ ബെംഗളൂരുവില്‍ എത്തിയാലോ? ഈ ട്രെയിന്‍ റെഡിയാണ്
130 കിലോമീറ്റര്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന യെലഹങ്ക-ധര്‍മ്മവാരം സെക്ഷനും റെയില്‍വേ നവീകരിക്കുന്നുണ്ട്. 161 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടനാഴി മാര്‍ച്ചോടെ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് വിവരം. പാത ഇരട്ടിപ്പിക്കല്‍ വഴി സിംഗിള്‍ ലൈന്‍ സെക്ഷനുകളില്‍ നേരിട്ടിരുന്ന ക്രോസിങ് പോയിന്റുകളിലെ ക്ലിയറന്‍സ് കാത്തിരിപ്പ് സമയവും കുറയും. ഇത് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തും ട്രെയിനുകള്‍ക്ക് ഗുണമാണ്.
130 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത് ബെംഗളൂരു-ഹൈദരാബാദ് പാതയെ ദക്ഷിണേന്ത്യയിലെ ഏറ്റവും വേഗതയേറിയ പരമ്പരാഗത പാസഞ്ചര്‍ ഇടനാഴിയായി മാറ്റും.