Bengaluru Metro: ബെംഗളൂരു മെട്രോയിൽ സൗജന്യ പാർക്കിങ്; സൗകര്യമൊരുക്കുക 9 സ്റ്റേഷനുകളിൽ
Bengaluru Metro Free Parking: ബെംഗളൂരു മെട്രോയിൽ സൗജന്യ പാർക്കിംഗ് സൗകര്യം. 9 സ്റ്റേഷനുകളിലാണ് സൗകര്യമൊരുക്കുക.

ബെംഗളൂരു മെട്രോ
ബെംഗളൂരു മെട്രോയിൽ സൗജന്യ പാർക്കിംഗ് സൗകര്യം. ബെംഗളൂരു മെട്രോ പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിലാണ് സൗജന്യ പാർക്കിംഗ് സൗകര്യം ഒരുക്കിയത്. നിലവിൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് പാർക്കിംഗ് സൗകര്യങ്ങൾ പ്രവർത്തിക്കുന്നതിനായുള്ള ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. ഫെബ്രുവരി 9 വരെ അപേക്ഷകൾ സമർപ്പിക്കാം.
സൈക്കിളുകൾക്കാണ് ഒൻപത് സ്റ്റേഷനുകളിൽ സൗജന്യ പാർക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്. പർപ്പിൾ ലൈനിലെ രണ്ട് സ്റ്റേഷനുകളിലും ഗ്രീൻ ലൈനിലെ മൂന്ന് സ്റ്റേഷനുകളിലും സൈക്കിൾ സൗജന്യ പാർക്കിംഗ് സൗകര്യം ഉണ്ടാവും. പുതുതായി പ്രവർത്തനമാരംഭിച്ച യെല്ലോ ലൈനിലെ നാല് സ്റ്റേഷനുകളിലും സൗജന്യമായി സൈക്കിളുകൾ പാർക്ക് ചെയ്യാം.
പാർക്കിംഗ് സൗകര്യങ്ങൾ പ്രവർത്തിപ്പിക്കുന്നതിനായുള്ള ടെൻഡർ ക്ഷണിച്ചവരിൽ നിന്ന് ഫെബ്രുവരി 9ന് ശേഷം ഓപ്പറേറ്ററെ തിരഞ്ഞെടുക്കും. നിലവിൽ മെട്രോ സ്റ്റേഷനുകളിൽ സൈക്കിൾ പാർക്ക് ചെയ്യുന്നതിൽ ഒരു മണിക്കൂറിന് ഒരു രൂപയും ഒരു ദിവസത്തേക്ക് പരമാവധി 10 രൂപയുമാണ് ചാർജ്. സൈക്കിൾ യാത്രക്കാർ ഏറ്റവുമധികം ഉപയോഗിക്കുന്ന സ്റ്റേഷനുകളാണ് സൈക്കിൾ പാർക്കിംഗിനായി തിരഞ്ഞെടുത്തത് എന്ന് ബിഎംആർസിഎൽ വ്യക്തമാക്കി. ഇപ്പോൾ 9 സ്റ്റേഷനുകളിൽ മാത്രമാണ് ഈ സൗകര്യം. മറ്റ് സ്റ്റേഷനുകളിൽ സൈക്കിൾ പാർക്ക് ചെയ്യാൻ പണം നൽകണമെന്നും മെട്രോ ഉദ്യോഗസ്ഥർ അറിയിച്ചു.
Also Read: Namma Metro: ഹോസ്‌കോട്ടേ നമ്മ മെട്രോ ബ്ലൂപ്രിന്റ് റെഡി; ഇനി യാത്ര ആരംഭിക്കാം
ഇത് നല്ല തീരുമാനമാണെങ്കിലും മെട്രോ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് യാത്രക്കാർ പറയുന്നു. ചുരുക്കം ചില സ്റ്റേഷനുകളിലൊഴികെ സൈക്കിളുകൾക്ക് പ്രത്യേക പാർക്കിംഗ് സ്ഥലമില്ല. പലയിടത്തും സൈക്കിൾ യാത്രക്കാരെ ഒഴിവാക്കുകയാണ്. എല്ലാ സ്റ്റേഷനുകളിലും ശരിയായ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും യാത്രക്കാർ പറയുന്നു.
അതേസമയം, കൃഷ്ണരാജപുരത്ത് നിന്ന് ഹോസ്‌കോട്ടേയിലേക്കുള്ള നമ്മ മെട്രോ പിങ്ക് ലൈന്റെ പദ്ധതി രൂപരേഖ പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതി നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ ബിഎംആര്‍സിഎല്‍ ആരംഭിച്ചതായാണ് വിവരം.