Namma Metro: കാത്തിരിപ്പിന് വിരാമം; ബെംഗളൂരു പിങ്ക് ലൈനിൽ ഇന്ന് മുതൽ യാത്ര ചെയ്യാം, ട്രെയിൻ സമയം അറിയാം
Namma Metro Pink Line Starts Passenger Services Today Full Schedule Revealed: യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) പുതിയ പാതയിലെ ട്രെയിന്‍ സമയക്രമവും പുറത്തുവിട്ടിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ വ്യത്യസ്ത സമയങ്ങളിലായിരിക്കും ആദ്യ സര്‍വീസ് ആരംഭിക്കുക.

നമ്മ മെട്രോ
ബെംഗളൂരുവിലെ മെട്രോ യാത്രക്കാര്‍ കാത്തിരുന്ന പിങ്ക് ലൈന്‍ ഇന്ന് (നവംബര്‍ 14) മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു. കലേന അഗ്രഹാര മുതല്‍ എസ് ജി പാളയ വരെയുള്ള 7.5 കിലോമീറ്റര്‍ പാതയിലാണ് ആദ്യഘട്ടത്തില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. ഇന്നുമുതല്‍ പുതിയ പാതയിലൂടെ യാത്ര ചെയ്യാനാകുമെന്നതിനാല്‍ യാത്രക്കാര്‍ക്ക് നഗരത്തിലെ ഗതാഗതക്കുരുക്കില്‍ നിന്ന് വലിയ ആശ്വാസമാകും.
യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) പുതിയ പാതയിലെ ട്രെയിന്‍ സമയക്രമവും പുറത്തുവിട്ടിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ വ്യത്യസ്ത സമയങ്ങളിലായിരിക്കും ആദ്യ സര്‍വീസ് ആരംഭിക്കുക.
പിങ്ക് ലൈനിലെ ആദ്യ ട്രെയിന്‍ സമയം
തിങ്കളാഴ്ച കലേന അഗ്രഹാര സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ 4.55നും എസ്ജി പാളയ സ്റ്റേഷനില്‍ നിന്ന് രാവിലെ 5 മണിക്കുമാണ് ആദ്യ ട്രെയിന്‍ പുറപ്പെടുക. ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെ രണ്ട് ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്നും രാവിലെ 6 മണിക്കാണ് ആദ്യ സര്‍വീസ്. ഞായറാഴ്ച രാവിലെ 7 മണി മുതലായിരിക്കും ട്രെയിനുകള്‍ ഓടിത്തുടങ്ങുക. അവസാന ട്രെയിന്‍ കലേന അഗ്രഹാരയില്‍ നിന്ന് രാത്രി 10.50നും എസ്ജി പാളയയില്‍ നിന്ന് രാത്രി 10.54നുമാണ് പുറപ്പെടുക.
എത്ര മിനിറ്റ് ഇടവിട്ട് ട്രെയിനുകള്‍ ലഭിക്കും?
തിരക്കേറിയ സമയങ്ങളില്‍ എട്ട് മിനിറ്റ് ഇടവിട്ടായിരിക്കും പിങ്ക് ലൈനില്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. തിരക്ക് കുറഞ്ഞ സമയങ്ങളില്‍ പത്ത് മിനിറ്റ് ഇടവേളയില്‍ ട്രെയിനുകള്‍ ലഭ്യമാകും. ശനി, ഞായര്‍ ദിവസങ്ങളില്‍ ദിവസം മുഴുവന്‍ പത്ത് മിനിറ്റ് ഇടവിട്ടായിരിക്കും സര്‍വീസ്. യാത്രക്കാരുടെ തിരക്കും ആവശ്യകതയും വിലയിരുത്തിയ ശേഷം സര്‍വീസുകളുടെ ഇടവേളയില്‍ മാറ്റം വരുത്തുമെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചിട്ടുണ്ട്.
Also Read: Namma Metro: ഔട്ടർ റിങ് റോഡിലേക്ക് നമ്മ മെട്രോ എത്തി; ബ്ലൂ ലൈൻ പരീക്ഷണ ഓട്ടം കൂടുതൽ ദൂരത്തേക്ക്
പിങ്ക് ലൈനിന്റെ പ്രത്യേകതകള്‍
പിങ്ക് ലൈനിന്റെ ആദ്യഘട്ടത്തില്‍ 7.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എലിവേറ്റഡ് പാതയാണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്. കലേന അഗ്രഹാര, ഹുളിമാവ്, ഐഐഎംബി, ജെപി നഗര്‍ നാലാം ഘട്ടം, ജയദേവ ആശുപത്രി, താവരെക്കെരെ എന്നിവയാണ് ഈ ഭാഗത്തെ ആറ് സ്റ്റേഷനുകള്‍.
ജയദേവ ആശുപത്രി സ്റ്റേഷനില്‍ യെല്ലോ ലൈനുമായി ബന്ധിപ്പിക്കാനുള്ള സൗകര്യമുണ്ട്. ഇതിലൂടെ ഇലക്ട്രോണിക് സിറ്റി ഭാഗത്തേക്കുള്ള യാത്രയും കൂടുതല്‍ എളുപ്പമാകും. ആകെ 21.25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പിങ്ക് ലൈനില്‍ 18 സ്റ്റേഷനുകളാണുള്ളത്. ഇതില്‍ 12 സ്റ്റേഷനുകള്‍ ഭൂഗര്‍ഭ പാതയിലാണ്. ഈ ഭാഗത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കലേന അഗ്രഹാര മുതല്‍ നാഗവാര വരെ നേരിട്ടുള്ള മെട്രോ യാത്ര സാധ്യമാകും.
English Summary
Bengaluru’s Namma Metro Pink Line begins passenger services on November 14. Check the first and last train timings, service frequency and key stations on the new elevated corridor.