Namma Metro: ബെംഗളൂരു വിമാനത്താവളത്തിലെത്താം മിനിറ്റുകള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനുമെത്തുന്നു
Namma Metro Airport Corridor: മെട്രോയില്‍ സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും നേരത്തെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. 2026 മെയ് മുതല്‍ ഡിസംബര്‍ വരെ 41.01 കിലോമീറ്റര്‍ കൂടി നീളത്തില്‍ മെട്രോ ലൈനുകള്‍ നിര്‍മിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നമ്മ മെട്രോ
ബെംഗളൂരു: കര്‍ണാടകയുടെ മുഖമായ നമ്മ മെട്രോ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. നഗരത്തിലെ ഗതാഗത കുരുക്കിന് ഒരു പരിധി വരെ ആശ്വാസം കാണാന്‍ നമ്മ മെട്രോയ്ക്ക് സാധിക്കാറുണ്ട്. 2026ല്‍ നമ്മ മെട്രോയില്‍ സംഭവിക്കാന്‍ പോകുന്നത് നൂതന മാറ്റങ്ങളാണെന്ന വിവരമാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) പങ്കുവെക്കുന്നത്.
മെട്രോയില്‍ സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും നേരത്തെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. 2026 മെയ് മുതല്‍ ഡിസംബര്‍ വരെ 41.01 കിലോമീറ്റര്‍ കൂടി നീളത്തില്‍ മെട്രോ ലൈനുകള്‍ നിര്‍മിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മെയില്‍ പിങ്ക് ലൈനിലെ കലേന അഗ്രഹാര മുതല്‍ തവരേക്കരെ വരെയുള്ള എലിവേറ്റഡ് ഭാഗം തുറക്കുമെന്നാണ് വിവരം. ആറ് സ്റ്റേഷനുകളാണ് ഈ റൂട്ടില്‍ ഉള്‍പ്പെടുന്നത്. കൂടാതെ 2026 ഡിസംബറോടെ ഡയറി സര്‍ക്കിളില്‍ നിന്ന് നാഗവാരയിലേക്കുള്ള 13.76 കിലോമീറ്റര്‍ ഭൂഗര്‍ഭ ലൈന്‍, സില്‍ക്ക് ബോര്‍ഡ് ജങ്ഷന്‍ മുതല്‍ കെആര്‍ പുര വരെയുള്ള 19.75 കിലോമീറ്റര്‍ ലൈന്‍ എന്നിവയും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.
ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള മെട്രോ ദീര്‍ഘിപ്പിക്കലിനായാണ് പൊതുജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. മെട്രോ എത്തുന്നതോടെ വിമാനത്താവളത്തിലേക്ക് പോകാന്‍ ടാക്‌സികള്‍ വിളിക്കേണ്ട ആവശ്യമുണ്ടാകില്ല. ഹെബ്ബാളില്‍ നിന്ന് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള 27 കിലോമീറ്റര്‍ പാത 2027 ജൂണോടെ തയാറാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Also Read: Namma Metro: ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് കോളടിച്ചു; ട്രെയിനുകള്‍ക്ക് പുതിയ സമയം
ഹെബ്ബാള മുതല്‍ കെആര്‍ പുര വരെയുള്ള ലൈന്‍ 2027 ഡിസംബറില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2027 ന്റെ അവസാനത്തോടെ ബെംഗളൂരു മെട്രോയുടെ നീളം 175.55 കിലോമീറ്ററായി വര്‍ധിക്കും.
അതേസമയം, മെട്രോ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും നീളം കൂടിയ ഡബിള്‍ ഡക്കര്‍ ഇടനാഴി നിര്‍മിക്കാനും നീക്കമുണ്ട്. ജെപി നഗര്‍ നാലാം ഘട്ടം മുതല്‍ കെംപുര വരെയും, ഹൊസഹള്ളി മുതല്‍ കടബാഗേരെ വരെയും ആയിരിക്കും ഡബിള്‍ ഡെക്കര്‍ ലൈനുകള്‍ നിര്‍മിക്കുന്നത്.