Namma Metro: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയും; ഓറഞ്ച് ലൈനിൽ ഫ്ലൈഓവറും അടിപ്പാതയും
1. Bengaluru Orange Line Metro New Flyovers And Underpass Planned To Ease Traffic: ഔട്ടര്‍ റിങ് റോഡിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് സരക്കി ജങ്ഷനില്‍ 1.3 കിലോമീറ്റര്‍ നീളത്തില്‍ റോഡും മെട്രോയും ഉള്‍പ്പെടുന്ന ഇരട്ടനില ഘടന നിര്‍മിക്കും. കാമാക്യ, ഇട്ടമാട്, ഹൊസകെരെഹള്ളി മേഖലകളിലായി മറ്റൊരു 1.5 കിലോമീറ്റര്‍ ഭാഗത്തും സമാനമായ നിര്‍മാണം വരും.

പ്രതീകാത്മക ചിത്രം
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നിര്‍ണായക നീക്കവുമായി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). നിര്‍ദിഷ്ട ഓറഞ്ച് ലൈന്‍ മെട്രോ പാതയോട് അനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ ഇരട്ട ഫ്‌ളൈഓവറുകള്‍, റോഡ് ഫ്‌ളൈഓവറുകള്‍, അടിപ്പാതകള്‍ എന്നിവ നിര്‍മിക്കാനാണ് തീരുമാനം. ഔട്ടര്‍ റിങ് റോഡിലെയും മഗഡി റോഡിലെയും പ്രധാന ഗതാഗതക്കുരുക്ക് മേഖലകളെയാണ് പദ്ധതിയില്‍ പ്രധാനമായും പരിഗണിക്കുന്നത്.
സരക്കി ജങ്ഷനിലും കാമാക്യയിലും പാത
ഔട്ടര്‍ റിങ് റോഡിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് സരക്കി ജങ്ഷനില്‍ 1.3 കിലോമീറ്റര്‍ നീളത്തില്‍ റോഡും മെട്രോയും ഉള്‍പ്പെടുന്ന ഇരട്ടനില ഘടന നിര്‍മിക്കും. കാമാക്യ, ഇട്ടമാട്, ഹൊസകെരെഹള്ളി മേഖലകളിലായി മറ്റൊരു 1.5 കിലോമീറ്റര്‍ ഭാഗത്തും സമാനമായ നിര്‍മാണം വരും. മഗഡി റോഡിലെ കടബഗെരെക്ക് സമീപം നാല് കിലോമീറ്റര്‍ നീളത്തിലുള്ള ഇരട്ട പാതയാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഈ ഭാഗത്ത് റോഡിന്റെ വീതിക്കുറവും ഉയര്‍ന്ന കെട്ടിടങ്ങളും കണക്കിലെടുത്താണ് ഇത്തരമൊരു സംവിധാനം പരിഗണിക്കുന്നത്.
ഗൊരഗുണ്ടെപാളയയില്‍ അടിപ്പാത
ഓറഞ്ച് ലൈന്‍ നിലവിലെ ഗ്രീന്‍ ലൈന്‍ മെട്രോ പാതയ്ക്ക് മുകളിലൂടെ കടന്നുപോകുന്ന ഗൊരഗുണ്ടെപാളയയിലാണ് പ്രധാനമായും അടിപ്പാത നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇവിടെ ദിവസേന ഏകദേശം മൂന്ന് ലക്ഷം വാഹനങ്ങള്‍ കടന്നുപോകുന്നതായാണ് ബിഎംആര്‍സിഎല്‍ അധികൃതര്‍ പറയുന്നത്.
Also Read: Namma Metro: നമ്മ മെട്രോ ഇനി കൂടുതൽ ദൂരത്തേക്ക്; 312 കിലോമീറ്റർ വികസനം
സുമനഹള്ളിയിലും മുത്ത്യാല നഗറിലും ഫ്‌ളൈഓവര്‍
ഓറഞ്ച് ലൈന്‍ പാതയിലെ സുമനഹള്ളി ജങ്ഷനില്‍ മെട്രോ പാതയ്ക്ക് സമാന്തരമായി റോഡ് ഫ്‌ളൈഓവര്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. നെലമംഗല ഭാഗത്തേക്കുള്ള റോഡ് ഫ്‌ളൈഓവര്‍ ഔട്ടര്‍ റിങ് റോഡ്-തുമകൂരു റോഡ് ജങ്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കും. മുത്ത്യാല നഗറിലും മറ്റൊരു റോഡ് ഫ്‌ളൈഓവര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഔട്ടര്‍ റിങ് റോഡിലെ തിരക്ക് കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം.
45 കിലോമീറ്റര്‍ ഓറഞ്ച് ലൈന്‍
കെംപാപുരയില്‍ നിന്ന് ജെപി നഗര്‍ നാലാം ഘട്ടത്തിലേക്കും ഹൊസഹള്ളിയില്‍ നിന്ന് കടബഗെരെയിലേക്കുമാണ് ഓറഞ്ച് ലൈന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആകെ 45 കിലോമീറ്ററാണ് പാതയുടെ നീളം. പദ്ധതിക്കായി പുതിയ ടെന്‍ഡറുകള്‍ ക്ഷണിക്കാനുള്ള നടപടികള്‍ ബിഎംആര്‍സിഎല്‍ ആരംഭിച്ചിട്ടുണ്ട്. പദ്ധതിക്ക് ധനസഹായം നല്‍കുന്ന ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയുടെ അനുമതി ലഭിച്ച ശേഷമായിരിക്കും ടെന്‍ഡര്‍ നടപടികള്‍. നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കാനാണ് സാധ്യത.
English Summary
Bengaluru’s proposed Orange Line Metro project will include flyovers and an underpass at key locations to reduce traffic congestion. The revised plan focuses on major junctions where traffic is particularly heavy.