Bengaluru Traffic: ബെംഗളൂരു സിൽക്ക് ബോർഡിന് പുതിയ മുഖം; ഫ്ലൈഓവറിന് താഴെ പുതിയ സൗകര്യങ്ങൾ, വിശ്രമിക്കാം, കളിക്കാം
Bengaluru Silk Board to Get a Major Makeover With New Public Spaces: ഗതാഗത നിയന്ത്രണം, കാല്‍നട സൗകര്യങ്ങള്‍, പൊതുയിടങ്ങളുടെ വികസനം, മഴവെള്ള നിര്‍മാര്‍ജനം തുടങ്ങിയവ ഉള്‍പ്പെടുന്ന സ്ഥിരം വികസന പദ്ധതിയാണ് തയാറാക്കുന്നത്. ഒറ്റപ്പെട്ട പ്രവൃത്തികള്‍ക്ക് പകരം ജങ്ഷന്റെ സമഗ്ര വികസനത്തിനായി പ്രത്യേക ഫണ്ട് കണ്ടെത്താനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ ഗതാഗതകേന്ദ്രങ്ങളിലൊന്നായ സില്‍ക്ക് ബോര്‍ഡ് ജങ്ഷന് പുതിയ മുഖം നല്കാന് ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍. വര്‍ഷങ്ങളായി യാത്രക്കാരെ വലയ്ക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനൊപ്പം പ്രദേശം കൂടുതല്‍ മനോഹരവും കാല്‍നടയാത്രക്കാര്‍ക്ക് സൗകര്യപ്രദവുമാക്കുന്ന സമഗ്ര വികസന പദ്ധതിയാണ് നടപ്പാക്കുന്നത്. ഫ്ളൈഓവറിന് താഴെയുള്ള ഒഴിഞ്ഞ സ്ഥലങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഇടങ്ങളാക്കി മാറ്റുന്നതും പദ്ധതിയുടെ ഭാഗമാണ്.
ഗ്രേറ്റര്‍ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയത്. ഗതാഗത നിയന്ത്രണം, കാല്‍നട സൗകര്യങ്ങള്‍, പൊതുയിടങ്ങളുടെ വികസനം, മഴവെള്ള നിര്‍മാര്‍ജനം തുടങ്ങിയവ ഉള്‍പ്പെടുന്ന സ്ഥിരം വികസന പദ്ധതിയാണ് തയാറാക്കുന്നത്. ഒറ്റപ്പെട്ട പ്രവൃത്തികള്‍ക്ക് പകരം ജങ്ഷന്റെ സമഗ്ര വികസനത്തിനായി പ്രത്യേക ഫണ്ട് കണ്ടെത്താനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
ഫ്ളൈഓവറിന് താഴെ പാര്‍ക്കും കളിസ്ഥലവും
സില്‍ക്ക് ബോര്‍ഡ് ഫ്ളൈഓവറിന് താഴെയുള്ള സ്ഥലം വൃത്തിയാക്കി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ വികസിപ്പിക്കും. ഇരിപ്പിടങ്ങള്‍, വെളിച്ചം, വിനോദ സൗകര്യങ്ങള്‍ എന്നിവ ഇവിടെ ഒരുക്കും. ത്രോബോള്‍ കോര്‍ട്ട് നിര്‍മിക്കുന്നതിനൊപ്പം ടേബിള്‍ ടെന്നീസ് ഉള്‍പ്പെടെയുള്ള കായിക വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങളും പരിഗണനയിലുണ്ട്.
Also Read: Namma Metro: നമ്മ മെട്രോ പിങ്ക് ലൈൻ ഉദ്ഘാടന തീയതി മാറ്റി; നവംബർ 13ന് പ്രധാനമന്ത്രി എത്തും
മഴവെള്ളച്ചാലിന് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് മരങ്ങളും ചെടികളും ഉള്‍പ്പെടുത്തിയ മനോഹരമായ ഇടം ഒരുക്കാനും പദ്ധതിയുണ്ട്. തണലുള്ള ഇരിപ്പിടങ്ങള്‍, കോണ്‍ക്രീറ്റ് തറ, കര്‍ബ് സ്റ്റോണുകള്‍ എന്നിവയും സ്ഥാപിക്കും. പൊതുശൗചാലയം നിര്‍മിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാനും കാല്‍നടയാത്രക്കാര്‍ക്കായി നടപ്പാതകള്‍ മെച്ചപ്പെടുത്താനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഗതാഗതക്കുരുക്കിന് പരിഹാരമാകുമോ?
ഇലക്ട്രോണിക് സിറ്റിയില്‍നിന്ന് ബിടിഎം ലേഔട്ടിലേക്കുള്ള വാഹനഗതാഗതം സുഗമമാക്കുന്നതിനും പദ്ധതിയില്‍ നടപടികളുണ്ട്. മഴവെള്ളച്ചാലിന് മുകളില്‍ സ്റ്റീല്‍ ഗ്രിഡ് സ്ഥാപിച്ച് വാഹനങ്ങള്‍ക്ക് ഫ്രീ ലെഫ്റ്റ് തിരിവ് ഒരുക്കുന്ന കാര്യം പരിശോധിക്കും. ഇതോടൊപ്പം ചാലിനോട് ചേര്‍ന്ന് കാല്‍നടക്കാര്‍ക്കായി പ്രത്യേക പാതയും നിര്‍മിക്കാന്‍ ആലോചനയുണ്ട്.
ഫ്ൈളഓവര്, മെട്രോ പാത, ഇലക്ട്രോണിക് സിറ്റി ഇടനാഴി, ഔട്ടര്‍ റിങ് റോഡ്, ദേശീയപാത അതോറിറ്റിയുടെ എലിവേറ്റഡ് റോഡ് എന്നിവ സംഗമിക്കുന്ന പ്രധാന കേന്ദ്രമാണ് സില്‍ക്ക് ബോര്‍ഡ് ജങ്ഷന്. അതിനാല്‍ തന്നെ ഇവിടത്തെ ഗതാഗത നിയന്ത്രണം നഗരത്തിന്റെ മൊത്തത്തിലുള്ള യാത്രാസൗകര്യത്തെ ബാധിക്കുന്ന വിഷയമാണ്.
English Summary
Bengaluru’s busy Silk Board Junction is set for a major makeover, with plans for a park, sports facilities and improved pedestrian spaces under the flyover. The project also aims to address traffic congestion, waterlogging and drainage issues in the area.