AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Transportation: മെട്രോ ജോലികള്‍ക്കായി 2019 ല്‍ അടച്ചിട്ട റോഡ് ഒടുവില്‍ തുറന്നു; ബെംഗളൂരുവിന് ആശ്വാസം

Bengaluru Kamaraj Road Reopening Is Expected To Ease Traffic: ആറു വര്‍ഷത്തിലേറെയായി അടച്ചിട്ടിരുന്ന സെൻട്രൽ ബെംഗളൂരുവിലെ കാമരാജ് റോഡ് ഗതാഗതത്തിന് തുറന്നുനല്‍കി. വാഹന യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായിരിക്കുകയാണ് നടപടി

Bengaluru Transportation: മെട്രോ ജോലികള്‍ക്കായി 2019 ല്‍ അടച്ചിട്ട റോഡ് ഒടുവില്‍ തുറന്നു; ബെംഗളൂരുവിന് ആശ്വാസം
Bengaluru Kamaraj RoadImage Credit source: x.com/OfficialBMRCL
Jayadevan AM
Jayadevan AM | Published: 03 Jan 2026 | 06:48 PM

ബെംഗളൂരു: മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ കാരണം ആറു വര്‍ഷത്തിലേറെയായി അടച്ചിട്ടിരുന്ന സെൻട്രൽ ബെംഗളൂരുവിലെ കാമരാജ് റോഡ് ഗതാഗതത്തിന് തുറന്നുനല്‍കി. വാഹന യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായിരിക്കുകയാണ് നടപടി. എംജി റോഡിന് സമീപമുള്ള മെട്രോ ജോലികളും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഇതോടെ നഗരത്തിലെ ഏറ്റവും തിരക്കേറിയ വാണിജ്യ മേഖലകളിലൊന്നായ ഇവിടെ ഗതാഗതം സുഗമമാകുമെന്നാണ് പ്രതീക്ഷ.

എംജി റോഡ് അണ്ടർഗ്രൗണ്ട് മെട്രോ സ്റ്റേഷൻ നിർമ്മാണത്തിനായി 2019 ജൂൺ 15 നാണ്‌ കബ്ബൺ റോഡിനും എംജി റോഡിനും ഇടയിലുള്ള കാമരാജ് റോഡ് അടച്ചിട്ടത്. തുടര്‍ന്ന് ഗതാഗതം വഴിതിരിച്ചുവിട്ടു. ഇത് ഗതാഗതക്കുരുക്കിനും ഇടയാക്കിയിരുന്നു.

നേരത്തെ 2023 ഓടെ പദ്ധതി പൂര്‍ത്തിയാക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കൊവിഡ് മഹാമാരി അടക്കമുള്ള വെല്ലുവിളികള്‍ മൂലം പദ്ധതി നിര്‍വഹണം നീണ്ടുപോയി. 2024 ജൂൺ 14 ന് റോഡിന്റെ പടിഞ്ഞാറൻ ഭാഗം തുറന്നു കൊടുത്തിരുന്നു. ഇപ്പോള്‍ ബാക്കി ഭാഗം കൂടി തുറന്നുകൊടുത്തതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിക്കാനായി.

Also Read: Bengaluru Traffic: ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടുന്ന ബെംഗളൂരുവിന് ആശ്വാസം; യാത്ര എളുപ്പമാകും ഇനി ഈ ‘ലൂപ്പി’ലൂടെ

ഏറെ കാത്തിരിപ്പിന്‌ ശേഷം ബെംഗളൂരുവിന്റെ ഹൃദയഭാഗത്തുള്ള റോഡ് തുറന്നുനല്‍കിയത് വാഹന യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. കാവേരി എംപോറിയം ജംഗ്ഷനു സമീപം കബ്ബൺ റോഡിനെ എംജി റോഡുമായി ബന്ധിപ്പിക്കുന്നത് കാമരാജ് റോഡാണ്.

പുനർനിർമ്മിച്ച റോഡിന് 214 മീറ്റർ നീളമുണ്ട്. റോഡ് വീണ്ടും തുറന്നുകൊടുത്തതോടെ ഗതാഗതം സുഗമമാക്കുന്നതിനൊപ്പം, പരിസര പ്രദേശങ്ങളിലെ, പ്രത്യേകിച്ച് കൊമേഴ്‌സ്യൽ സ്ട്രീറ്റിനും ബ്രിഗേഡ് റോഡിനും ഇടയിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

കൊമേഴ്‌സ്യൽ സ്ട്രീറ്റ്, ബ്രിഗേഡ് റോഡ് തുടങ്ങിയ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ തമ്മിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുന്നത് ജീവനക്കാര്‍ക്കും, വ്യാപാരികള്‍ക്കുമടക്കം ഗുണം ചെയ്യും. ഏകദേശം മൂന്ന് കോടി രൂപ ചെലവിലാണ് റോഡ് പുനിര്‍നിര്‍മ്മിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അടിസ്ഥാന സൗകര്യങ്ങളും, പൊതുഗതാഗത സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നതെന്നും, പദ്ധതി നിര്‍വഹണത്തില്‍ പൊതുജനം കാണിച്ച ക്ഷമയ്ക്കും സഹകരണത്തിനും നന്ദി അറിയിക്കുന്നുവെന്നും ബെംഗലൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) അറിയിച്ചു.