Bihar Assembly Election 2025: ബിഹാർ ആർക്കൊപ്പം?ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്
Bihar Assembly Election 2025 Phase 1: രാഹുൽ ഗാന്ധി ഉയർത്തിയ ഹരിയാന വോട്ട് ചോരി ആരോപണം സംസ്ഥാനത്ത് ചർച്ചയായിട്ടുണ്ട്. എന്നാൽ മഹാസഖ്യം തോല്‍വിയുറപ്പിച്ചതുകൊണ്ടാണ് രാഹുൽ ഇത്തരത്തിൽ ആരോപണങ്ങളുയർത്തുന്നത് എന്നാണ് ബിജെപിയുടെയും ജെഡിയുവിന്റെയും വാദം.
പട്ന: ബിഹാറിൽ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പോളിങ്. സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് വൈകിട്ട് അഞ്ചിന് അവസാനിക്കും. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായി 1341 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിന് നടക്കും. ഫലം 14 ന് പ്രഖ്യാപിക്കും.
ഇന്ത്യ സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ വിജയ് സിൻഹ, സമ്രാട്ട് ചൗധരി തുടങ്ങിയവരാണ് ആദ്യ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. തലസ്ഥാനമായ പറ്റ്ന അടക്കമുള്ള എല്ലായിടത്തും കനത്ത സുരക്ഷാ ഏർപ്പെടുത്തിയിട്ടുണ്ട്.
ALSO READ: രാഹുൽ ഗാന്ധിയുടെ ഹരിയാണ വോട്ട്ചോരി പത്രസമ്മേളനത്തിടെ കാണിച്ചത് കേരളത്തിലെ ബിജെപി നേതാവിന്റെ മുഖം
അതേസമയം, അവസാനനിമിഷം രാഹുൽ ഗാന്ധി ഉയർത്തിയ ഹരിയാന വോട്ട് ചോരി ആരോപണം സംസ്ഥാനത്ത് ചർച്ചയായിട്ടുണ്ട്. വോട്ടർ പട്ടികയിൽ വ്യാപക വോട്ട് ക്രമക്കേട് നടത്തിയാണ് ഹരിയാനയിൽ ബി ജെ പി അധികാരത്തിലെത്തിയതെന്നാണ് ആരോപിച്ചത്. 25 ലക്ഷത്തിലധികം കള്ളവോട്ട് നടന്നു. ബ്രസീലിയൻ മോഡലിന്‍റെ ഫോട്ടോ ഉപയോഗിച്ച് പത്ത് ബൂത്തിലായി 22 വോട്ട് ചെയ്തെന്നും തെളിവുകൾ നിരത്തി രാഹുൽ ആരോപിച്ചു.
എന്നാൽ മഹാസഖ്യം തോല്‍വിയുറപ്പിച്ചതുകൊണ്ടാണ് രാഹുൽ ഇത്തരത്തിൽ ആരോപണങ്ങളുയർത്തുന്നതെന്ന് എന്നാണ് ബിജെപിയും ജെഡിയുവും വാദിക്കുന്നത്. കഴിഞ്ഞതവണ 60 സീറ്റുകളിൽ ഇന്ത്യ സഖ്യവും 59 സീറ്റുകളിൽ എൻ ഡി എയുമാണ് വിജയിച്ചത്. രണ്ട് സീറ്റുകൾ മറ്റുള്ളവർക്കും കിട്ടി. 20 വർഷത്തിന് ശേഷം തിരിച്ചെത്താൻ ശ്രമിക്കുന്ന ആർ ജെ ഡിക്കും ഈ തിരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്.