AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bihar Election 2025: എന്‍ഡിഎ കാറ്റില്‍ കടപുഴകി വീണ് മഹാസഖ്യം; എക്‌സിറ്റ് പോളുകള്‍ക്കും പിടികിട്ടാത്ത ട്രെന്‍ഡ്, ഇന്ത്യാ മുന്നണിക്ക് പിഴച്ചതെവിടെ?

Analysing Bihar Assembly Elections 2025: ബിഹാറില്‍ എന്‍ഡിഎ നടത്തിയ കുതിപ്പ് എക്‌സിറ്റ് പോളുകള്‍ക്ക് പോലും കണ്ടുപിടിക്കാനായില്ല. എന്‍ഡിഎ വിജയിക്കുമെന്നായിരുന്നു പ്രവചനമെങ്കിലും, ഇത്ര വലിയ മേധാവിത്തം എക്‌സിറ്റ് പോളുകളില്‍ ഇല്ലായിരുന്നു

Bihar Election 2025: എന്‍ഡിഎ കാറ്റില്‍ കടപുഴകി വീണ് മഹാസഖ്യം; എക്‌സിറ്റ് പോളുകള്‍ക്കും പിടികിട്ടാത്ത ട്രെന്‍ഡ്, ഇന്ത്യാ മുന്നണിക്ക് പിഴച്ചതെവിടെ?
നരേന്ദ്ര മോദിയും നിതീഷ് കുമാറുംImage Credit source: PTI
jayadevan-am
Jayadevan AM | Published: 14 Nov 2025 14:33 PM

ബിഹാറിലെ തിരഞ്ഞെടുപ്പ് കാറ്റ് എന്‍ഡിഎയ്ക്ക് അനുകൂലമായി വീശുമെന്ന് ഭൂരിപക്ഷ എക്‌സിറ്റ് പോളുകളും നേരത്തെ തന്നെ പ്രവചിച്ചിരുന്നു. എക്‌സിറ്റ് പോളുകള്‍ ‘എക്‌സാറ്റാ’കുമെന്ന് വോട്ടെണ്ണല്‍ ആരംഭിച്ചതുമുതല്‍ വ്യക്തമായിരുന്നു. എന്നാല്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതിലുമധികം സീറ്റുകള്‍ സ്വന്തമാക്കി എന്‍ഡിഎ നടത്തിയ കുതിപ്പ് മഹാസഖ്യത്തിന്റെ അടിവേരിളക്കിയിരിക്കുകയാണ്. എന്‍ഡിഎയ്ക്ക് ഏകദേശം 150 സീറ്റുകള്‍ വരെയാണ് പല എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. എന്നാല്‍ സീറ്റുകളുടെ എണ്ണം ഇരുനൂറും കടന്ന് എന്‍ഡിഎ കുതിപ്പ് തുടരുന്നു. വോട്ടെണ്ണല്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. വമ്പന്‍ പ്രതീക്ഷകളുമായെത്തിയ പ്രശാന്ത് കിഷറിന്റെ ജന്‍സുരാജ് പാര്‍ട്ടിയും ചിത്രത്തില്‍ ഇല്ലാത്ത അവസ്ഥയാണ്. എന്‍ഡിഎയ്ക്ക് തുണയായതും, മഹാസഖ്യത്തിന് പിഴച്ചതും എവിടെയാണെന്ന് നോക്കാം.

പഴുതടച്ചുള്ള പ്രചാരണമാണ് എന്‍ഡിഎയുടെ വിജയത്തിന്റെ അടിസ്ഥാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായുമടങ്ങുന്ന താരപ്രചാരകര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചു. കഴിയുന്നത്ര റാലികള്‍ നടത്തിയും പൊതുജനങ്ങളെ പങ്കെടുപ്പിച്ചും പ്രചാരണം ഗംഭീരമാക്കാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചു.

സാധാരണക്കാര്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ ഉതകുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചതും എന്‍ഡിഎയെ സഹായിച്ചു. സ്ത്രീകളുടെ വോട്ടുറപ്പിക്കാന്‍ 7500 കോടിയുടെ സ്വയം തൊഴില്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. സ്വയം തൊഴിലിനായി ഒരാള്‍ക്ക് 10,000 രൂപ ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. 74 ലക്ഷത്തോളം സ്ത്രീകളായിരുന്നു പദ്ധതിയുടെ ഗുണഭോക്താക്കള്‍.

പതിനായിരം രൂപയും പതിനായിരക്കണക്കിന് വോട്ടും

അക്കൗണ്ടില്‍ പതിനായിരം രൂപ ആദ്യ ഗഡു ലഭിച്ചതോടെ സ്ത്രീകള്‍ക്കിടയില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും, എന്‍ഡിഎയുടെയും സ്വീകാര്യത വര്‍ധിപ്പിച്ചു. ഒരു കുടുംബത്തിന് ഒരു സര്‍ക്കാര്‍ ജോലി എന്ന മഹാസഖ്യത്തിന്റെ വാഗ്ദാനത്തിന്റെ പ്രായോഗികതയെ ചോദ്യം ചെയ്ത് എന്‍ഡിഎ നടത്തിയ പ്രചാരണവും വിജയമായി.

ഒപ്പം മഹാസഖ്യം അധികാരത്തിലെത്തിയാല്‍ മദ്യനിരോധനം പിന്‍വലിക്കുമെന്ന പ്രചാരണവും ശക്തമായി നടന്നു. മദ്യനിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് തേജസ്വി യാദവ് സൂചിപ്പിച്ചത് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും മുന്നണിക്കും തന്നെ തിരിച്ചടിയായി.

Also Read: Bihar Election Result 2025 Live : 200 സീറ്റുകളിൽ എൻഡിഎ മുന്നേറ്റം, തിരഞ്ഞെടുപ്പ് ഫലം തത്സമയം

സുശാസൻ ബാബു

ബിഹാറില്‍ നിതീഷ് കുമാര്‍ സുശാസന്‍ ബാബു എന്നാണ് അറിയപ്പെടുന്നത്. മികച്ച ഭരണാധികാരി എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഈ പ്രതിച്ഛായ നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു.’ജീവിക ദീദി’ എന്ന സ്വയംസഹായ സംഘങ്ങള്‍ വഴിയുള്ള ഇടപെടലുകളും, സ്ത്രീകള്‍ക്ക് വേണ്ടി നടപ്പിലാക്കിയ പ്രത്യേകം പദ്ധതികളും അദ്ദേഹത്തിന്റെ പ്രതിച്ഛായ ശക്തമാക്കി. ഒപ്പം ‘ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനവും ജനം ഏറ്റെടുത്തുവെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. കേന്ദ്രപദ്ധതികളുടെ നേട്ടവും എന്‍ഡിഎയ്ക്ക് ലഭിച്ചു.

പഴയകാലം തിരിഞ്ഞുകൊത്തി

വോട്ട് ചോരി ആരോപണങ്ങള്‍ ഉന്നയിച്ചും, വോട്ട് അധികാര്‍ യാത്ര നടത്തിയും മഹാസഖ്യവും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്നു. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ ഈ പ്രചാരണങ്ങള്‍ കൊണ്ടായില്ല. ഒപ്പം, പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ‘ജംഗിള്‍ രാജ്’ പരാമര്‍ശങ്ങളും മഹാസഖ്യത്തെ തിരിഞ്ഞുകൊത്തി. പഴയ ജംഗിള്‍ രാജിനെ ഓര്‍മിപ്പിച്ച് പലതവണയാണ് മോദിയും അമിത് ഷായും പ്രചാരണം നടത്തിയത്. ഇതിന്റെ അലയൊലികള്‍ ജനങ്ങള്‍ക്കിടയില്‍ ശക്തമായിരുന്നു.

അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ചിലയിടങ്ങളില്‍ വോട്ട് ഭിന്നിപ്പിച്ചതും മഹാസഖ്യത്തിന് തിരിച്ചടിയായി. ഇത് മുസ്ലീം-യാദവ വോട്ട് ബാങ്കില്‍ കനത്ത ചോര്‍ച്ചയുണ്ടാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പാളിച്ചകളുണ്ടായി. ഗുണ്ടാനേതാവ് മുഹമ്മദ് ഷഹാബുദ്ദീന്റെ മകന്‍ ഒസാമയെ രഘുനാഥ്പുരില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയാക്കിയതടക്കം എന്‍ഡിഎ പ്രചാരണായുധമാക്കി. ഇത്തരം സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങള്‍ അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ആയുധമാക്കിയിരുന്നു.