നവഭാരത നിർമ്മാണം: 2025 – അടിസ്ഥാന സൗകര്യ വികസനത്തിലെ സുവർണ്ണ വർഷം!
ഇന്ത്യയുടെ വികസന ചരിത്രത്തിൽ നിർണ്ണായകമായ ഒരു അധ്യായമായി 2025 മാറിയിരിക്കുകയാണ്. റെയിൽവേ, റോഡ്, വ്യോമയാനം, സമുദ്രം, ഡിജിറ്റൽ മേഖലകളിൽ അഭൂതപൂർവ്വമായ കുതിച്ചുചാട്ടത്തിനാണ് 2025ല്‍ രാജ്യം സാക്ഷ്യം വഹിച്ചത്
ന്യൂഡൽഹി: ഇന്ത്യയുടെ വികസന ചരിത്രത്തിൽ നിർണ്ണായകമായ ഒരു അധ്യായമായി 2025 മാറിയിരിക്കുകയാണ്. റെയിൽവേ, റോഡ്, വ്യോമയാനം, സമുദ്രം, ഡിജിറ്റൽ മേഖലകളിൽ അഭൂതപൂർവ്വമായ കുതിച്ചുചാട്ടത്തിനാണ് 2025ല്‍ രാജ്യം സാക്ഷ്യം വഹിച്ചത്. 2025-26 സാമ്പത്തിക വർഷത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ 11.21 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ഏറ്റവും വിദൂര അതിർത്തി പ്രദേശങ്ങൾ മുതൽ പ്രധാന നഗര കേന്ദ്രങ്ങൾ വരെ, കണക്റ്റിവിറ്റി ശക്തിപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങൾ വഴി യാതൊരു തടസ്സവുമില്ലാതെ വ്യാപാരം, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവ പൊതുജനങ്ങളിലേക്ക് നേരിട്ട് എത്തി.
റെയിൽവേയിലെ മാറ്റങ്ങൾ
സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി മിസോറാം ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കപ്പെട്ടു. 8,000 കോടി രൂപ ചെലവിൽ നിർമ്മിച്ച 51 കിലോമീറ്റർ ഭൈരബി-സൈരംഗ് പാത വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിൽ പുതിയ വാതായനങ്ങള്‍ തുറന്നു. ചെനാബ് പാലം ഉദ്ഘാടനം ചെയ്തതോടെ കശ്മീർ താഴ്‌വരയുമായി എല്ലാ കാലാവസ്ഥയിലും റെയിൽ ബന്ധം സാധ്യമായി.
ബീഹാറിലെ ജയനഗറിനും പട്നയ്ക്കും ഇടയിൽ സംസ്ഥാനത്തെ ആദ്യത്തെ വന്ദേ മെട്രോ സർവീസ് ആരംഭിച്ചു. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത, റിസർവേഷൻ രഹിത ട്രെയിൻ യാത്രാ സമയം 8 മണിക്കൂറിൽ നിന്ന് 5.5 മണിക്കൂറായി കുറച്ചു.
വ്യോമയാനവും നഗര ഗതാഗതവും
ഇന്ത്യ ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയാണ്. രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 163 ആയി ഉയർന്നു. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത് മുംബൈയിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കും. നഗര ഗതാഗതത്തിൽ ബെംഗളൂരുവിലെ യെല്ലോ ലൈൻ മെട്രോയും, ബിഹാറിലെ വന്ദേ മെട്രോയും, ഡൽഹി-മീററ്റ് ആർആർടിഎസ് പൂർത്തീകരണവും യാത്രക്കാർക്ക് ആശ്വാസമായി.
സമുദ്രവും പ്രതിരോധവും
കേരളത്തിലെ വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്‌മെന്റ് പോർട്ട് ഉദ്ഘാടനം ചെയ്തത് ഇന്ത്യയുടെ സമുദ്ര വ്യാപാര രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.. പ്രതിരോധ രംഗത്ത് ഐഎൻഎസ് ഹിമഗിരി, ഐഎൻഎസ് ഉദയഗിരി എന്നീ രണ്ട് യുദ്ധക്കപ്പലുകൾ ഒരേസമയം കമ്മീഷൻ ചെയ്തത് നാവികസേനയുടെ ശക്തി വര്‍ധിപ്പിച്ചു.
അവസാന മൈൽ കണക്റ്റിവിറ്റി
ഛത്തീസ്ഗഡിലെയും മഹാരാഷ്ട്രയിലെയും നക്സൽ ബാധിത ഗ്രാമങ്ങളിൽ ആദ്യമായി വൈദ്യുതിയും ബസ് സർവീസുകളും മൊബൈൽ ടവറുകളും എത്തിയെന്നത് വികസന കുതിപ്പിന്റെ മറ്റൊരു മുഖമാണ്. 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ 2025 ഒരു വലിയ നാഴികക്കല്ലായി മാറി.
ഡൽഹി-മീററ്റ് റെയിൽവേ പദ്ധതി
82.15 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-മീററ്റ് റെയിൽവേ പദ്ധതി പൂർണ്ണമായും പ്രവർത്തനക്ഷമമായി. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ ഓടുന്ന ഈ ട്രെയിൻ ഇന്ത്യയിൽ ഒരു പുതിയ യാത്രാ രീതി അവതരിപ്പിച്ചു.
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യ ടെർമിനലിന്റെ ഉദ്ഘാടനം രാജ്യത്തിന്റെ വ്യോമ ഗതാഗതത്തെ കൂടുതൽ ശക്തിപ്പെടുത്തി. മുംബൈയിലെ നിലവിലുള്ള വിമാനത്താവളത്തിന്മേലുള്ള സമ്മർദ്ദം വളരെയധികം കുറയ്ക്കുകയും മറ്റൊരു യാത്രാ ഓപ്ഷൻ സൃഷ്ടിക്കുകയും ചെയ്തു.
ബെംഗളൂരുവിൽ യെല്ലോ ലൈൻ മെട്രോ
ബെംഗളൂരുവിന്റെ മധ്യഭാഗത്തെ ഇലക്ട്രോണിക്സ് സിറ്റിയുമായി ബന്ധിപ്പിക്കുന്ന യെല്ലോ ലൈൻ മെട്രോ സർവീസ് ആരംഭിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഇത് സഹായിച്ചു.
വിമാനത്താവളങ്ങളുടെ എണ്ണം വർദ്ധിക്കുന്നു
2025 ആകുമ്പോഴേക്കും ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ എണ്ണം 74 ൽ നിന്ന് 163 ആയി. ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയായി ഇന്ത്യ മാറി. റെയിൽവേ ശൃംഖലയുടെ 99 ശതമാനം വൈദ്യുതീകരണം പൂർത്തിയായി. മെട്രോ സർവീസ് 248 കിലോമീറ്ററിൽ നിന്ന് 1,013 കിലോമീറ്ററായി വികസിച്ചു. ദേശീയ പാതകളുടെ നീളം 1.46 ലക്ഷം കിലോമീറ്റർ കവിഞ്ഞു.