Casagrand: ആയിരം ജീവനക്കാർക്ക് ഫുൾ ചെവലിൽ ലണ്ടൻ ട്രിപ്പ്; ചർച്ചയായി തമിഴ്നാട് കമ്പനിയുടെ നീക്കം
Casagrand London Trip: ആയിരം ജീവനക്കാരെ ഫുൾ ചെലവിൽ ലണ്ടൻ ട്രിപ്പിനയച്ച് റിയൽ എസ്റ്റേറ്റ് കമ്പനി. ഒരാഴ്ചത്തെ ട്രിപ്പിനാണ് ഇവരെ അയച്ചത്.
ആയിരം ജീവനക്കാർക്ക് ഫുൾ ചെലവിൻ ലണ്ടൻ ട്രിപ്പൊരുക്കി തമിഴ്നാട് കമ്പനി. ചെന്നൈ ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് കമ്പനി കാസഗ്രാൻഡ് ആണ് തങ്ങളുടെ ജീവനക്കാരെ മുഴുവൻ ചെലവും എടുത്ത് ഒരാഴ്ച ലണ്ടനിലേക്കയച്ചത്. 7000 ജീവനക്കാരിൽ നിന്ന് 15 ശതമാനം ആളുകളെ തിരഞ്ഞെടുത്ത് ലണ്ടൻ ട്രിപ്പൊരുക്കുകയായിരുന്നു. ദുബായ്, ഇന്ത്യ എന്നിവിടങ്ങളിലാണ് കമ്പനിയ്ക്ക് ഓഫീസുള്ളത്.
ജീവനക്കാരുടെ വിമാനയാത്രയും താമസവും ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും വഹിച്ചുകൊണ്ടുള്ള യാത്രയാണ് ഇത്. ‘പ്രോഫിറ്റ് ഷെയർ ബൊണാൻസ’ എന്ന പദ്ധതിയുടെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്. ജീവനക്കാരുടെ തസ്തികയോ പദവിയോ പരിഗണിക്കാതെ എല്ലാവർക്കും ഒരേ തരത്തിലുള്ള യാത്രാസൗകര്യങ്ങളും താമസസൗകര്യങ്ങളുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ലണ്ടൻ ബ്രിഡ്ജ്, ബിഗ് ബെൻ, ബക്കിംഗ്ഹാം പാലസ്, ട്രഫൽഗർ സ്ക്വയർ, മാഡം തുസാഡ്സ് മ്യൂസിയം എന്നിവിടങ്ങൾ സന്ദർശിക്കുന്ന സംഘം തെംസ് നദിയിലൂടെയുള്ള ക്രൂൂയിസ് യാത്രയും നടത്തും.
Also Read: Bengaluru Metro: മെട്രോ കാർഡിൽ സാങ്കേതികപ്പിശക്; ടിക്കറ്റെടുക്കാനാവാതെ യാത്രക്കാർ
2013ലാണ് കമ്പനി ‘പ്രോഫിറ്റ് ഷെയർ ബൊണാൻസ’ എന്ന പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയിലൂടെ ഇതിനകം 6000ഓളം ജീവനക്കാർ സിംഗപ്പൂർ, തായ്‌ലൻഡ്, മലേഷ്യ, ദുബായ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ജീവനക്കാരാണ് ഈ സ്ഥാപനത്തിൻ്റെ ആത്മാവെന്ന് കാസഗ്രാൻഡ് സ്ഥാപകനും എംഡിയുമായ അരുൺ എംഎൻ പറഞ്ഞതായി ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പല ജീവനക്കാരും ആദ്യമായാണ് വിദേശയാത്ര നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.