Nirmala Sitharaman: വിദ്യാര്‍ഥികള്‍ മാനസികമായി എങ്ങനെ ശക്തിപ്പെടാം എന്നതിനെ കുറിച്ചാണ് ഞാന്‍ സംസാരിച്ചത്, ഇരയെ അപമാനിച്ചിട്ടില്ല: നിര്‍മല സീതാരാമന്‍
Nirmala Sitharaman on Anna Sebastian Death: ചെന്നൈയിലെ സ്വകാര്യ സര്‍വകലാശാലയിലെ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. സിഎ പോലുള്ള പരീക്ഷകള്‍ പാസായതിന് ശേഷവും ആളുകള്‍ സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്ന് താന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹി: ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് പൂനെയിലെ ഇവൈ കമ്പനിയിലെ മലയാളി ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ (EY employee Anna Sebastian Perayil ) മരണപ്പെട്ടതില്‍ പുറപ്പെടുവിച്ച പ്രസ്താവന തിരുത്തി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ (Nirmala Sitharaman). ഒരു തരത്തിലും ഇരയെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയല്ല സംസാരിച്ചതെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. സമ്മര്‍ദം താങ്ങാനുള്ള മനശക്തി വര്‍ധിപ്പിക്കാനുള്ള വഴികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുടുംബങ്ങളിലും പഠിപ്പിച്ചാല്‍ എല്ലാത്തിനേയും അതിജീവിക്കാനാകും എന്നാണ് മന്ത്രി നേരത്തെ പറഞ്ഞിരുന്നത്.
ചെന്നൈയിലെ സ്വകാര്യ സര്‍വകലാശാലയിലെ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. സിഎ പോലുള്ള പരീക്ഷകള്‍ പാസായതിന് ശേഷവും ആളുകള്‍ സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്ന് താന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
‘ആരുടെയും പേരോ സ്ഥാപനത്തിന്റെ പേരോ പരാമര്‍ശിക്കാതെ ഉള്ളതായിരുന്നു എന്റെ പ്രസംഗം. സ്വകാര്യ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ധ്യാന ഹാളും ആരാധനാലയവും നിര്‍മിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ മാനസികമായി ശക്തി കൈവരിക്കുന്നതിനെ കുറിച്ച് സംസാരിച്ചത്.
ഇത്തരം സംഭവങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കുടുംബത്തിന്റെയും പങ്കിനെയാണ് ഞാന്‍ ഉയര്‍ത്തിക്കാണിച്ചത്. ഒരു തരത്തിലും ഇരയെ അപമാനിക്കണം എന്ന ഉദ്ദേശത്തോടെയല്ല സംസാരിച്ചത്. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് തൊഴില്‍ മേഖലയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം ഉറപ്പ് നല്‍കിയിട്ടുണ്ട്,’ നിര്‍മല സീതാരാമന്‍ പറഞ്ഞു.
നിര്‍മല സീതാരാമന്റെ എക്‌സ് പോസ്റ്റ്
Dear Nirmala Sitaraman ji,
Anna had inner strength to handle the stress that came with pursuing a gruelling Chartered Accountancy degree. It was the toxic work culture, long work hours that took away her life which needs to be addressed. Stop victim shaming and atleast try to be… pic.twitter.com/HP9vMrX3qR
— Priyanka Chaturvedi🇮🇳 (@priyankac19) September 23, 2024
അതേസമയം, അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പുരോഗമിക്കുകയാണെണ് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. ഇവൈ കമ്പനിയോടും മഹാരാഷ്ട്ര സര്‍ക്കാരിനോടും റിപ്പോര്‍ട്ട് തേടിയതായും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം കമ്പനിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മഹാരാഷ്ട്ര സര്‍ക്കാരും ഇവൈ കമ്പനിയും നല്‍കുന്ന റിപ്പോര്‍ട്ടില്‍ പഠനം നടത്തേണ്ടതുണ്ട്. മഹാരാഷ്ട്ര സര്‍ക്കാരിനോട് വിവരങ്ങള്‍ തേടിയുണ്ട്. യുവതിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് പോലീസും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്ത് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കണമെന്ന് പ്രതിപക്ഷം ആവശ്യമുയര്‍ത്തിയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കേന്ദ്ര തൊഴില്‍മന്ത്രി വ്യക്തമാക്കിയത്.
അതേസമയം, അന്നയുടെ മരണത്തില്‍ കടുത്ത ആശങ്കയാണ് മനുഷ്യാവകാശ കമ്മീഷന്‍ രേഖപ്പെടുത്തിയത്. ഓരോ തൊഴിലുടമയും അവരുടെ ജീവനക്കാര്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിന് ഉത്തരവാദിത്തം കാണിക്കണമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
അതേസമയം, മകളുടെ മരണാനന്തര ചടങ്ങില്‍ കമ്പനി പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ലെന്ന് അന്നയുടെ വീട്ടുകാര്‍ പറഞ്ഞു. ഇനിയാര്‍ക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാനാണ് തങ്ങള്‍ വിവരങ്ങള്‍ പുറത്തവിട്ടതെന്നും കുടുംബം പറഞ്ഞു.