Hormuz Security Alert: ഹോർമുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്; കേന്ദ്രം
Bans Indian Seafarers From Hormuz Vessels: കടലിടുക്കിലൂടെയുള്ള യാത്രകളിൽ ഇന്ത്യൻ നാവികരെ ഉൾപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്‌ട്രേഷൻ (DGMA) പുറപ്പെടുവിച്ച ഔദ്യോഗിക അറിയിപ്പ് പ്രകാരം, മേഖലയിലെ കപ്പലുകളിൽ ഇന്ത്യക്കാരെ നിയോഗിക്കരുതെന്നാണ് പറയുന്നത്. നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായിട്ടാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുഎസ് ഇറാൻ സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷാ ഭീഷണി കണക്കിലെടുത്ത്, ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രകളിൽ ഇന്ത്യൻ നാവികർക്ക് വിലക്ക്. കടലിടുക്കിലൂടെയുള്ള യാത്രകളിൽ ഇന്ത്യൻ നാവികരെ ഉൾപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്‌ട്രേഷൻ (DGMA) പുറപ്പെടുവിച്ച ഔദ്യോഗിക അറിയിപ്പ് പ്രകാരം, മേഖലയിലെ കപ്പലുകളിൽ ഇന്ത്യക്കാരെ നിയോഗിക്കരുതെന്നാണ് പറയുന്നത്.
ഷിപ്പ് മാനേജർമാർക്കും റിക്രൂട്ട്മെന്റ് ആൻഡ് പ്ലേസ്മെന്റ് സർവീസ് ലൈസൻസ് (RPSL) കമ്പനികൾക്കുമാണ് കേന്ദ്രം നിർദ്ദേശം നൽകിയിരിക്കുന്നത്. നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായിട്ടാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. കൂടാതെ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ പേർഷ്യൻ ഗൾഫ് മേഖലയിൽ കടുത്ത നിരീക്ഷണവും ജാഗ്രതയും പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി മാരിടൈം ഡൊമെയ്ൻ അവയർനസ് സെന്ററുമായി ബന്ധപ്പെടാനും അന്താരാഷ്ട്ര സുരക്ഷാ ചട്ടങ്ങൾ കർശനമായി പാലിക്കാനും നിർദ്ദേശമുണ്ട്.
ALSO READ: ഹോർമുസിൽ കൊല്ലപ്പെടുന്നവരിൽ ഭൂരിഭാഗവും ഇന്ത്യക്കാർ; ആശങ്കയിലാഴ്ത്തി കണക്കുകൾ
വർധിച്ചു വരുന്ന യുഎസ്-ഇറാൻ യുദ്ധത്തിനിടയിൽ സംഘർഷഭരിതമായ ഹോർമുസ് കടലിടുക്കിൽ ഒട്ടേറെ വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഇതേതുടർന്നാണ് ഇന്ത്യൻ നാവികരെ സംരക്ഷിക്കാൻ സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ‘ഗൾഫ് മേഖലയിലെ വർധിച്ചുവരുന്ന സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്, 2026-ലെ ഡിജിഎംഎ സർക്കുലർ നമ്പർ 36 വഴി, ഹോർമുസ് കടലിടുക്കിലൂടെ യാത്ര ചെയ്യുന്ന കപ്പലുകളിൽ മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ ഇന്ത്യൻ നാവികരെ നിയോഗിക്കുന്നത് ഒഴിവാക്കാൻ കപ്പലുടമകൾക്കും ഷിപ്പ് മാനേജർമാർക്കും ആർപിഎസ്എൽ കമ്പനികൾക്കും ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്‌ട്രേഷൻ (DGMA) നിർദ്ദേശം നൽകിയിട്ടുണ്ട്.’ ‘എക്‌സി’ൽ കുറിച്ചു.
യുഎഇ പതാകയുള്ള എംടി അൽ ബഹിയ, എംടി മൊംബാസ എന്നീ രണ്ട് കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഡിജിഎംഎയുടെ പുതിയ നിർദ്ദേശം വന്നിരിക്കുന്നത്. ഈ ആക്രമണങ്ങളിൽ രണ്ട് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു. ഇറാനിയൻ സൈനിക കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണങ്ങൾ കൂടുതൽ പ്രാദേശിക സംഘർഷത്തിനും ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതത്തിന് തടസ്സമുണ്ടാകുമെന്ന ആശങ്കയും വർദ്ധിച്ചതിനെത്തുടർന്നാണ് ഈ നിർദ്ദേശം. ഇറാന്റെ തുറമുഖങ്ങളിൽ വീണ്ടും നാവിക ഉപരോധം ഏർപ്പെടുത്തിയിരുന്നു.
വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വാണിജ്യ കപ്പലുകൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ‘നാവികരെ ലക്ഷ്യം വെച്ചുള്ള ഇത്തരം ആക്രമണങ്ങളെയും അക്രമ പ്രവർത്തനങ്ങളെയും ഞങ്ങൾ ശക്തമായി അപലപിക്കുന്നു, കൂടാതെ ഹോർമുസ് കടലിടുക്ക് പോലുള്ള അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും സുരക്ഷിതവുമായ ഗതാഗതം തടസ്സപ്പെടുത്തുന്നതിനെയും ഞങ്ങൾ അപലപിക്കുന്നു’. പ്രസ്താവനയിൽ വ്യക്തമാക്കി.
ഹോർമുസിൽ കൊല്ലപ്പെടുന്നവരിൽ ഭൂരിഭാഗവും ഇന്ത്യക്കാർ
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ നടുക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ച് നടക്കുന്ന ആക്രമണങ്ങളിൽ ഭൂരിഭാഗവും കൊല്ലപ്പെടുന്നത് ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഗോള നാവിക തൊഴിലാളികളുടെ എണ്ണത്തിൽ ഏകദേശം 12 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരാണ്. അതിനാൽ തന്നെ ഹോർമുസിൽ ആക്രമണത്തിന് ഇരയായ കപ്പലുകളിലെ ഭൂരിഭാഗം ജീവനക്കാരും ഇന്ത്യൻ ക്രൂ അംഗങ്ങളായിരുന്നു എന്നാണ് ഏറ്റവും പുതിയ വിവരം.
English Summary:
Central Government directed shipowners, ship managers, and recruitment companies not to deploy Indian seafarers on vessels undertaking trips through the Strait of Hormuz amid renewed fighting between the United States and Iran.