Andhra School Chainsaw Attack: പെൺകുട്ടികൾക്ക് നേരെ ഉണ്ടായ ചെയിൻസോ ആക്രമണം: ആന്ധ്രയിലെ സ്കൂളിൽ യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്?
Eyewitnesses Recount the Chainsaw Horror Inside the Andhra School: കുറച്ചുകാലമായി ഇയാൾ പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായും, പ്രണയാഭ്യർത്ഥന നിരസിച്ചതാണ് ഈ ക്രൂരതയിലേക്ക് നയിച്ചതെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ ഇയാളെ പിടികൂടാൻ 15 പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്

പ്രതീകാത്മക ചിത്രം
അനന്തപുർ: ആന്ധ്രപ്രദേശിലെ രാപ്താടു ഗ്രാമത്തിലെ ജില്ലാ പരിഷത്ത് ഹൈസ്കൂളിൽ ശനിയാഴ്ച രാവിലെ നടന്നത് സമാനതകളില്ലാത്ത ക്രൂരത. പത്താം ക്ലാസ് വിദ്യാർത്ഥിനികളെ ചെയിൻസോ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷി വാക്കുകളിൽ നിന്നും വ്യക്തമാക്കുന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് സ്വന്തം ബന്ധു തന്നെയാണ് പെൺകുട്ടിയെ അതിക്രൂരമായി ആക്രമിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൻ്റെ നടുക്കത്തിൽ നിന്നും അധ്യാപകരും വിദ്യാർത്ഥികളും ഇപ്പോഴും പുറത്തുവന്നിട്ടില്ല.
രാവിലെ 10.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ആദ്യ പിരീഡ് കഴിഞ്ഞ് ക്ലാസുകൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. സ്കൂളിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന സമയമായതിനാൽ തന്നെ പുറത്ത് നിന്നും യന്ത്രം പ്രവർത്തിപ്പിക്കുന്ന ശബ്ദം കേട്ടപ്പോൾ അത് തൊഴിലാളികളാരെങ്കിലുമാകാം എന്നാണ് അധ്യാപകർ കരുതിയത്. ക്ലാസ് മുറിയുടെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. പുറത്തുവെച്ച് തന്നെ യന്ത്രവാൾ ഓൺ ചെയ്ത ശേഷം ഇരുപത്തിയൊന്നുകാരനായ ഹേമന്ത് എന്ന ഡുമ്മു ക്ലാസിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.
എന്താണ് സംഭവിക്കുന്നതെന്ന് കുട്ടികൾക്കോ അധ്യാപകർക്കോ മനസ്സിലാകുന്നതിന് മുൻപ് തന്നെ പ്രതി കുട്ടികളുടെ ഇടയിലേക്ക് പാഞ്ഞുകയറി. ക്ലാസിൽ മുൻനിരയിലായിരുന്നു പെൺകുട്ടി ഇരുന്നിരുന്നത്. ലക്ഷ്യം വെച്ചെത്തിയ പ്രതി പെൺകുട്ടിക്ക് നേരെ യന്ത്രവാൾ വീശുകയായിരുന്നു. ആക്രമണത്തിൽ മറ്റൊരു പെൺകുട്ടിക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാൽ കേവലം നാല് വനിതാ അധ്യാപകരും പ്രഥമാധ്യാപികയും മാത്രമാണ് ആ സമയം സ്കൂളിൽ ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷിയായ അധ്യാപിക രാജേശ്വരി പറയുന്നു. കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റും.
കുറച്ചുകാലമായി ഇയാൾ പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായും, പ്രണയാഭ്യർത്ഥന നിരസിച്ചതാണ് ഈ ക്രൂരതയിലേക്ക് നയിച്ചതെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ ഇയാളെ പിടികൂടാൻ 15 പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. അതേസമയം, കൺമുന്നിൽ നടന്ന ക്രൂരതയുടെ മാനസികാഘാതത്തിൽ കഴിയുന്ന കുട്ടികൾക്ക് കൗൺസിലിങ് നൽകുന്നതിന് വിദ്യാഭ്യാസ വകുപ്പ് അടിയന്തര ഇടപെടൽ നടത്തി. സംഭവസമയം ക്ലാസിലുണ്ടായിരുന്ന കുട്ടികൾക്കും പിന്തുണ ഉറപ്പാക്കാൻ 20 മാനസികാരോഗ്യ കൗൺസിലർമാരെ കുട്ടികളുടെ വീടുകളിലേക്ക് അയച്ചതായി മന്ത്രി നാരാ ലോകേഷ് വ്യക്തമാക്കി.
English Summary
A stalker relative armed with a chainsaw stormed an Andhra Pradesh classroom, injuring two girls. Teachers initially mistook the weapon’s sound for ongoing construction work before the horrific attack unfolded.