Chennai Metro: ചെന്നൈ മലയാളികളെ, തിരക്കിൽ വലയേണ്ട; ഒടുവിൽ ആ തീരുമാനം എത്തി
Chennai Metro, CMRL Boosts Train Frequency: രണ്ട് വർഷത്തിന് ശേഷമാണ് ചെന്നൈ മെട്രോ സർവീസുകളുടെ എണ്ണത്തിൽ ഇത്തരമൊരു വർദ്ധനവ് വരുത്തുന്നത്. വാഷർമാൻപേട്ട് മുതൽ ആലന്തൂർ വരെയുള്ള തിരക്കേറിയ റൂട്ടിൽ ട്രെയിനുകൾ തമ്മിലുള്ള ഇടവേള കുറച്ചു.
യാത്രക്കാർക്ക് ആശ്വാസമായി സർവീസുകളിൽ സുപ്രധാന മാറ്റം വരുത്തി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്. തിരക്കേറിയ സമയങ്ങളിൽ ഡിമാൻഡുള്ള ട്രെയിനുകളുടെ എണ്ണം കൂട്ടി യാത്രക്കാരുടെ തിരക്ക് കുറയ്ക്കുകയാണ് ചെയ്യുന്നത്. രണ്ട് വർഷത്തിന് ശേഷമാണ് ചെന്നൈ മെട്രോ സർവീസുകളുടെ എണ്ണത്തിൽ ഇത്തരമൊരു വർദ്ധനവ് വരുത്തുന്നത്.
വാഷർമാൻപേട്ട് മുതൽ ആലന്തൂർ വരെയുള്ള തിരക്കേറിയ റൂട്ടിൽ ട്രെയിനുകൾ തമ്മിലുള്ള ഇടവേള കുറച്ചു. മുമ്പ് ഈ റൂട്ടിൽ 3-3-6 മിനിറ്റ് ഇടവേളകളിലായിരുന്നു ട്രെയിനുകൾ ലഭ്യമായിരുന്നത്. എന്നാൽ ഇപ്പോൾ ഇത് ഓരോ 3 മിനിറ്റിലും ഒരു ട്രെയിൻ എന്ന രീതിയിലേക്ക് മാറ്റി.
കൂടാതെ, പ്രതിദിന സർവീസുകളുടെ എണ്ണം 722-ൽ നിന്ന് 752 ആയി ഉയർത്തി. പ്രതിദിനം 30 അധിക ട്രെയിൻ ട്രിപ്പുകളാണ് ഇതിലൂടെ യാത്രക്കാർക്ക് ലഭ്യമാകുന്നത്. ചെന്നൈ സെൻട്രൽ, ഹൈക്കോടതി, വാഷർമാൻപേട്ട്, തൗസൻഡ് ലൈറ്റ്‌സ്, ഗണ്ടി തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാൻ ഈ തീരുമാനം സഹായിക്കും.
ALSO READ: പ്ലാറ്റ്‌ഫോം മാറേണ്ട, ഒറ്റ യാത്രയില്‍ നഗരം ചുറ്റാം; ആൽഫ റൂട്ടുമായി ചെന്നൈ മെട്രോ
വിംകോ നഗർ മുതൽ ചെന്നൈ എയർപോർട്ട് വരെയുള്ള റൂട്ടിൽ ഓരോ 6 മിനിറ്റിലും, ചെന്നൈ സെൻട്രൽ മുതൽ സെന്റ് തോമസ് മൗണ്ട് വരെയുള്ള റൂട്ടിൽ ഓരോ 12 മിനിറ്റിലും ട്രെയിനുകൾ ലഭ്യമാണ്. ഐടി ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഓഫീസുകളിൽ പോകുന്നവർക്കും ഈ പുതിയ സമയക്രമം ഉപകാരപ്രദമാകുമെന്ന് അധികൃതർ അറിയിച്ചു.