Chhattisgarh Encounter: ഛത്തീസ്ഗഡിലെ ബീജാപൂരിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു, പരിശോധന തുടരുന്നു
Chhattisgarh Maoists Encounter: മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ശനിയാഴ്ച മാവോയിസ്റ്റുകൾ സ്ഥാപിച്ച ഒരു സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് സിആർപിഎഫ് ജവാന് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് ഏറ്റുമുട്ടൽ തുടങ്ങിയത്. പരിക്കേറ്റ ജവാൻ ബിജാപൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സിആർപിഎഫിൻ്റെ 196 ബറ്റാലിയനിൽ നിന്നുള്ള സംഘമാണ് ഓപ്പറേഷനിൽ ഉള്ളത്.

Represental Image
ന്യൂഡൽഹി: ഛത്തീസ്ഗഢിലെ ബീജാപൂരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ (Maoists Encounter) മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഇവരുടെ കൈയ്യിൽ നിന്നും സ്ഫോടകവസ്തുക്കൾ, ഓട്ടോമാറ്റിക് തോക്കുകൾ എന്നിവയുൾപ്പെടെയുള്ളവയുടെ വലിയ ശേഖരങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് ഇനിയും മാവോയിസ്റ്റുകൾ ഉണ്ടെന്നാണ് സംശയം. സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഇന്ദ്രാവതി ദേശീയ ഉദ്യാനത്തിൻ്റെ പരിസരത്തുള്ള വനത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ശനിയാഴ്ച മാവോയിസ്റ്റുകൾ സ്ഥാപിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒരു സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ജവാന് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് ഏറ്റുമുട്ടൽ തുടങ്ങിയത്. പരിക്കേറ്റ ജവാൻ ബിജാപൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സിആർപിഎഫിൻ്റെ 196 ബറ്റാലിയനിൽ നിന്നുള്ള സംഘമാണ് ഓപ്പറേഷനിൽ ഉള്ളത്.
വ്യാഴാഴ്ച രാവിലെ സുക്മ-ബിജാപൂർ അതിർത്തിയിലും ഏറ്റുമുട്ടൽ നടന്നിരുന്നു. സംഭവത്തിൽ മൂന്ന് മാവോയ്സ്റ്റുകളുടെ മൃതദേഹങ്ങളും നിരവധി ആയുധ ശേഖരങ്ങളും സുരക്ഷാ സേന കണ്ടെടുത്തിരുന്നു. ജില്ലാ റിസർവ് ഗാർഡ്, പ്രത്യേക ടാസ്‌ക് ഫോഴ്‌സ്, സിആർപിഎഫിന്റെ ജംഗിൾ വാർഫെയർ യൂണിറ്റ് എന്നിവയിൽ നിന്നുള്ള ടീമുകളാണ് അന്ന് ഓപ്പറേഷനിൽ ഉൾപ്പെട്ടിരുന്നത്.
സുക്മ-ബിജാപൂർ അതിർത്തിയിൽ നടന്ന ഐഇഡി ആക്രമണത്തിൽ എട്ട് ജവാന്മാർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഏറ്റുമുട്ടൽ നടന്നത്. സുരക്ഷാ സേനയുടെ വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്. തുടർന്ന്, ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് സുരക്ഷാ സേന കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.