UP Murder: രാഖി കെട്ടിയിട്ട് മണിക്കൂറുകൾ, പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന് ബന്ധു
UP Murder Case: രക്ഷാബന്ധനെ തുടർന്ന് രാഖി കെട്ടി മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ് ബന്ധുവിന്റെ ക്രൂരത. ആത്മഹത്യയെന്ന് വരുത്തിതീർക്കാൻ മൃതദേഹം കെട്ടിത്തൂക്കിയതായും പൊലീസ് പറഞ്ഞു.

പ്രതീകാത്മക ചിത്രം
ഉത്തർപ്രദേശ്: പതിനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ബന്ധു അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഔറയ്യ സ്വദേശിയായ മുപ്പത്തിമൂന്നുകാരൻ സുർജിത്താണ് പൊലീസ് പിടിയിലായത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ പ്രതി മൃതദേഹം ഒരു കുരുക്കിൽ കെട്ടിത്തൂക്കിയതായും പൊലീസ് പറഞ്ഞു. രക്ഷാബന്ധനെ തുടർന്ന് രാഖി കെട്ടി മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ് ബന്ധുവിന്റെ ക്രൂരത.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രാവിലെ 33 വയസ്സുള്ള സുർജിത് തന്റെ അമ്മാവന്റെ വീട്ടിൽ പോയി സഹോദരിയായ പെൺകുട്ടിയെ കൊണ്ട് രാഖി കെട്ടിച്ചു. അതേ രാത്രിയിൽ, മദ്യപിച്ചെത്തിയ അയാൾ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ആത്മഹത്യയെന്ന് വരുത്തിതീർക്കാൻ മൃതദേഹം കെട്ടിത്തൂക്കി. പെൺകുട്ടിയുടെ പിതാവ് വീട്ടിലെ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു.
ALSO READ: ആരും സഹായിച്ചില്ല, ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കെട്ടിക്കൊണ്ടുപോയി യുവാവ്
മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പൊലീസിൽ വിവരമറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. വീട്ടിലെത്തി പലയിടത്തും രക്തക്കറ കണ്ടപ്പോൾ തന്നെ ആത്മഹത്യയല്ലെന്ന് മനസ്സിലായെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ സുർജിത് എപ്പോഴും അവരോടൊപ്പമുണ്ടായിരുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. കുടുംബാംഗങ്ങളോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ, അവർക്ക് വേണ്ടി സുർജിത് മറുപടി പറയുന്നതും പൊലീസിന്റെ സംശയത്തിന് കാരണമായി.
തുടർന്ന് സുർജിത്തിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്യുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും ബലാത്സംഗം സ്ഥിരീകരിച്ചതായും ഔറയ്യ പൊലീസ് സൂപ്രണ്ട് അഭിജീത് ശങ്കർ പറഞ്ഞു.