Delhi Fights Air Pollution: നിയന്ത്രണം കടുപ്പിച്ച് ഡല്‍ഹി; പാര്‍ക്കിങ് ഫീസ് ഇരട്ടിയാക്കി; 50% വര്‍ക്ക് ഫ്രം ഹോം; ഓഫീസ് സമയത്തിലും മാറ്റം
Delhi anti-pollution guidelines: പാര്‍ക്കിങ് നിരക്കുകള്‍ വര്‍ധിപ്പിക്കല്‍, ഓഫീസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തല്‍, 50 ശതമാനം 'വര്‍ക്ക് ഫ്രം ഹോം' തുടങ്ങിയ നടപടികളാണ് പ്രഖ്യാപിച്ചത്. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി, നവംബർ 1 മുതൽ അംഗീകൃത പാർക്കിംഗ് കേന്ദ്രങ്ങളിലെ നിരക്കുകൾ ഇരട്ടിയാക്കും.

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: എല്ലാ വര്‍ഷവും രാജ്യതലസ്ഥാനത്തെ പൊറുതിമുട്ടിക്കുന്ന വായുമലിനീകരണത്തെ ഇത്തവണ ശക്തമായി ചെറുക്കാന്‍ രണ്ടും കല്‍പിച്ച് ഡല്‍ഹി സര്‍ക്കാര്‍. സാധാരണയായി നവംബര്‍ മുതലാണ് ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമാകാറുള്ളത്. ഇത്തവണ വായുമലിനീകരണം രൂക്ഷമാകുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ പ്രഖ്യാപിച്ചു. പാര്‍ക്കിങ് നിരക്കുകള്‍ വര്‍ധിപ്പിക്കല്‍, ഓഫീസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തല്‍, 50 ശതമാനം ‘വര്‍ക്ക് ഫ്രം ഹോം’ തുടങ്ങിയ നടപടികളാണ് പ്രഖ്യാപിച്ചത്. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി, നവംബർ 1 മുതൽ അംഗീകൃത പാർക്കിംഗ് കേന്ദ്രങ്ങളിലെ നിരക്കുകൾ ഇരട്ടിയാക്കും.
ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ (ഡിഎംആര്‍സി) ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള പാർക്കിംഗ് കേന്ദ്രങ്ങൾ ഒഴികെയുള്ള ഇടങ്ങളിൽ നിരക്ക് വര്‍ധനവ് 2027 ഫെബ്രുവരി 28 വരെ പ്രാബല്യത്തിലുണ്ടാകുമെന്ന് വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്തു.
ഓഫീസ് സമയക്രമത്തിൽ മാറ്റം
ഡൽഹി മുനിസിപ്പൽ കോർപ്പറേഷന് (എംസിഡി) കീഴിലുള്ള ഓഫീസുകൾ രാവിലെ 8:30 മുതൽ വൈകുന്നേരം 5:00 വരെയും, ഡൽഹി സർക്കാരിന് കീഴിലുള്ള ഓഫീസുകൾ രാവിലെ 10:00 മുതൽ വൈകുന്നേരം 6:30 വരെയും പ്രവർത്തിക്കും. പുതുക്കിയ സമയക്രമം നവംബർ 1 മുതൽ ഫെബ്രുവരി 28 വരെ പ്രാബല്യത്തിലുണ്ടാകും.
ഈ കാലയളവിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറയ്ക്കാനും സർക്കാർ നിർദ്ദേശം നൽകി. പകുതി ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ ബാക്കി 50 ശതമാനം പേർ ഓഫീസിൽ നേരിട്ടെത്തി ജോലി ചെയ്യും.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും നിയന്ത്രണം
ഡിസംബർ 10 മുതൽ 2027 ജനുവരി 20 വരെ നിർമ്മാണ-പൊളിക്കൽ പ്രവർത്തനങ്ങൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. പൊടിപടലങ്ങള്‍ ഉണ്ടാക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും തുറസായ സ്ഥലങ്ങളിലെ സിവില്‍ നിര്‍മ്മാണങ്ങള്‍ക്കും നവംബര്‍ ഒന്ന് മുതല്‍ ജനുവരി 31 വരെ നിരോധനം ഏര്‍പ്പെടുത്തി.
Also Read: സ്റ്റേ നൽകാൻ വിസമ്മതിച്ച് സുപ്രീം കോടതി; യു.പി.ഐ ഇടപാടുകൾക്ക് ഫീസ് നൽകേണ്ടിവരും
ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ്, ഡൽഹി ഭക്ഷ്യ-വിതരണ മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ശുദ്ധവായു ഉറപ്പാക്കുക എന്നത് ഡൽഹി സർക്കാരിനെ സംബന്ധിച്ചിടത്തോളം വർഷം മുഴുവനും മുൻഗണന നൽകുന്ന കാര്യമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് എക്‌സില്‍ കുറിച്ചു. കർശനമായ നിയമനടപടികൾ, നിരന്തരമായ നിരീക്ഷണം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപിത പ്രവർത്തനങ്ങൾ എന്നിവയിലൂടെ മലിനീകരണം നേരിടാന്‍ ഊര്‍ജ്ജിത നടപടികള്‍ സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
English Summary
The Delhi government has introduced strict measures to combat winter air pollution. Parking charges will double starting November 1 to discourage private vehicle use. Offices must adopt staggered timings and allow 50% of staff to work from home. Construction and demolition activities face temporary complete bans during peak winter months.