Delhi Metro: വിമാനത്താവളത്തിലേക്കാണോ യാത്ര? ഡൽഹി മെട്രോയുടെ ഈ റൂട്ടിൽ ശ്രദ്ധിക്കണം
Delhi Metro DMRC Advisory : ഡൽഹി എയ്‌റോസിറ്റി മുതൽ ഐജിഐ എയർപോർട്ട് ടെർമിനൽ 3 വരെയുള്ള പ്രത്യേക വിഭാഗത്തിൽ ട്രെയിനുകൾ നിയന്ത്രിത വേഗതയിലാണ് (മണിക്കൂറിൽ 25 കിലോമീറ്റർ വേഗത്തില്‍) ഓടുന്നതെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആര്‍സി) എക്‌സിൽ കുറിച്ചു.

Delhi Metro Advisory
ന്യൂഡല്‍ഹി: പുതിയ ‘ഗോൾഡൻ ലൈനി’ന്റെ തുരങ്ക നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഡൽഹി എയ്‌റോസിറ്റി മുതൽ ഐജിഐ എയർപോർട്ട് ടെർമിനൽ 3 വരെയുള്ള പ്രത്യേക വിഭാഗത്തിൽ ട്രെയിനുകൾ നിയന്ത്രിത വേഗതയിലാണ് (മണിക്കൂറിൽ 25 കിലോമീറ്റർ) ഓടുന്നതെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആര്‍സി) എക്‌സിൽ കുറിച്ചു. എന്നാല്‍ എത്ര നേരത്തേക്ക് ഈ നിയന്ത്രണം നിലനില്‍ക്കുമെന്ന് ഡിഎംആര്‍സി വ്യക്തമാക്കിയിട്ടില്ല. അതേസമയം, സാങ്കേതിക തകരാറിനെ തുടർന്ന് റെഡ് ലൈനിലെ ഷാഹ്ദരയ്ക്കും വെൽക്കം മെട്രോ സ്റ്റേഷനുകൾക്കുമിടയിൽ ട്രെയിൻ സർവീസുകൾ നേരത്തെ വൈകിയിരുന്നു. എന്നാല്‍ മറ്റ് ലൈനുകളിലെ സര്‍വീസുകളെ ബാധിച്ചില്ല. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം റെഡ് ലൈനില്‍ സര്‍വീസുകള്‍ സാധാരണ നിലയിലായി.
ഡിഎംആര്‍സിയുടെ ട്വീറ്റ്:
AIRPORT EXPRESS LINE UPDATE
Trains are running on restricted mode (25 KMPH) in a particular section between Delhi Aerocity to IGI Airport Terminal 3 due to ongoing tunnelling work of the upcoming Golden Line.
— Delhi Metro Rail Corporation (@OfficialDMRC) September 19, 2026
അതിനിടെ, സെപ്റ്റംബർ 17-ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തിയതായും ഏകദേശം 82,44,903 ആളുകൾ അന്ന് മെട്രോയിൽ യാത്ര ചെയ്തതായും ഡിഎംആര്‍സി അറിയിച്ചു.
ഈ നേട്ടത്തെ പ്രശംസിച്ചുകൊണ്ട് ഡിഎംആർസിയിലെ സിഐഎസ്എഫ് യൂണിറ്റ് ഡിഐജി സന്തോഷ് ചാൾക്കെ രംഗത്തെത്തി. നാഷണൽ ക്യാപിറ്റൽ റീജിയണിലുടനീളം തടസ്സമില്ലാത്ത സുരക്ഷ ഉറപ്പാക്കുന്നതിലും യാത്രക്കാരുടെ സുഗമമായ യാത്ര സൗകര്യപ്രദമാക്കുന്നതിലും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സും ഡിഎംആർസിയും തമ്മിലുള്ള സംയുക്ത പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ നാഴികക്കല്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു.
Also Read: Chennai Metro: ചെന്നൈ മെട്രോ രണ്ടാം ഘട്ടം; ഓറഞ്ച് ലൈൻ എന്ന് തുറക്കും?
“ഒരൊറ്റ ദിവസം കൊണ്ട് 82,44,903 യാത്രക്കാരുടെ ബോർഡിംഗ് കൈകാര്യം ചെയ്യുക എന്നത് വെറുമൊരു നാഴികക്കല്ല് മാത്രമല്ല. ദേശീയ തലസ്ഥാന മേഖലയിലുടനീളം തടസ്സമില്ലാത്ത സുരക്ഷയും യാത്രാ സൗകര്യവും നൽകുന്നതിൽ സിഐഎസ്എഫും ഡിഎംആർസിയും കാണിക്കുന്ന സംയുക്ത പ്രതിബദ്ധതയുടെ യഥാർത്ഥ പ്രതിഫലനമാണിത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ ട്രാൻസിറ്റ് സിസ്റ്റങ്ങളിലൊന്നിൽ സുരക്ഷാ മാനദണ്ഡങ്ങൾ തുടർച്ചയായി ഉയർത്തുന്നതിനും യാത്രക്കാരുടെ മൊത്തത്തിലുള്ള യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനുമായി ഞങ്ങളുടെ ഉദ്യോഗസ്ഥർ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നു,” ചാൾക്കെ പറഞ്ഞു.
ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ ജോലി ചെയ്യുന്ന സ്വകാര്യ ഏജൻസി ഡ്രൈവർമാർ വേതന വർധനവും മെഡിക്കൽ, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഈ വളർച്ച ഉണ്ടായിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. റാണി ഖേര, രാജ്ഘട്ട്, നെഹ്റു പ്ലേസ്, ബുരാരി, വസീർപൂർ, ഘുമൻഹേര, സരിത വിഹാർ തുടങ്ങിയ നിരവധി ഡിപ്പോകളിലെ ഡ്രൈവർമാർ പ്രക്ഷോഭത്തിൽ പങ്കുചേർന്നു.
English Summary
Speed restrictions of 25 kmph were imposed between Aerocity and IGI T3 due to Golden Line work. Despite these and other route delays, Delhi Metro achieved a record footfall of 8.2 million passengers on September 17, 2026. This surge was largely driven by an ongoing DTC bus strike across the city.