Satya Niketan Building Accident : കെട്ടിട ഉടമയും, മകനും ഭാര്യയും അറസ്റ്റിൽ; ഏഴു പേരുടെ മരണത്തിൽ നടപടി
കേസിൽ പിജിയിലെ ജീവനക്കാരെയും, ലേബർ കോൺട്രാക്ടറെയും പോലീസ് തേടുന്നുണ്ട്. അതേസമയം സംഭവത്തിൽ 7 പേരാണ് അപകടത്തിൽ മരിച്ചത്. ആകെ 12 പേരെയാണ് രക്ഷപ്പെടുത്തിയത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മൃതദേഹങ്ങൾ കൈമാറി. ഡൽഹി സർവകലാശാലയുടെ സൗത്ത് കാമ്പസിനടുത്തുള്ള ആൺകുട്ടികൾക്കുള്ള പേയിംഗ് ഗസ്റ്റ് കെട്ടിടമാണ് തകർന്നു വീണത്. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ്റെ അഞ്ച് ഉദ്യോഗസ്ഥരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു

Delhi Satya Niketan Building Accident
ന്യൂഡൽഹി: സത്യനികേതൻ അപകടത്തിൽ കെട്ടിട ഉടമ അടക്കം അറസ്റ്റിൽ. പിജി ഉടമ ഹരിറാം ഗുപ്ത ഇയാളുടെ ഭാര്യ ഊർമ്മിള ഗുപ്ത (75 ), മകൻ മഹേഷ് ഗുപ്ത (52), എന്നിവരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. പരിശോധനയിൽ, കെട്ടിടം ഊർമ്മിള ഗുപ്തയുടെ പേരിലാണെന്ന് കണ്ടെത്തി. ഇവരുടെ ഭർത്താവ് ഹരിറാമും മകൻ മഹേഷുമായിരുന്നു ഇത് കൈകാര്യം ചെയ്യുന്നതും നടത്തുന്നതും. ഹരിറാം മുൻ വ്യോമസേനാ ഉദ്യോഗസ്ഥനുമാണ്. വൈദ്യുതി കണക്ഷനും ഇയാളുടെ പേരിൽ തന്നെയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ മകൻ മഹേഷ് ഒരു ഹാർഡ്‌വെയർ, പെയിൻ്റ് ഷോപ്പ് നടത്തുകയാണ്. അതേസമയം കേസിൽ പിജിയിലെ ജീവനക്കാരെയും, ലേബർ കോൺട്രാക്ടറെയും പോലീസ് തേടുന്നുണ്ട്. അതേസമയം സംഭവത്തിൽ 7 പേരാണ് അപകടത്തിൽ മരിച്ചത്. ആകെ 12 പേരെയാണ് രക്ഷപ്പെടുത്തിയത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മൃതദേഹങ്ങൾ കൈമാറി.
ഹൈക്കോടതി നോട്ടീസ്
തലസ്ഥാനത്തുടനീളമുള്ള ഇത്തരം പിജികളിൽ താമസിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വെവ്വേറെ മറുപടി ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച കേന്ദ്രസർക്കാർ, ഡൽഹി സർക്കാർ, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി), ഡൽഹി സർവകലാശാല (ഡിയു) എന്നിവർക്ക് നോട്ടീസ് അയച്ചിരുന്നു. രാജ്യ തലസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ സംഭവിക്കാൻ പാടില്ലെന്നും, കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഇരട്ടിയാക്കാൻ അധികാരികളോട് നിർദ്ദേശിക്കുകയും ചെയ്തു.
ഡൽഹി സർവകലാശാലയുടെ സൗത്ത് കാമ്പസിനടുത്തുള്ള ആൺകുട്ടികൾക്കുള്ള പേയിംഗ് ഗസ്റ്റ് കെട്ടിടമാണ് തകർന്നു വീണത്. പതിറ്റാണ്ടുകൾ പഴക്കമുള്ള അഞ്ച് നില കെട്ടിടമാണിത്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് കെട്ടിടം തകർന്നുവീണത്. അതേസമയം, സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ഡൽഹി പോലീസ്, ഡൽഹി ഫയർ സർവീസ്, ദേശീയ ദുരന്ത നിവാരണ സേന, ഡൽഹി ദുരന്ത നിവാരണ അതോറിറ്റി എന്നിവയുൾപ്പെടെ ഒന്നിലധികം ഏജൻസികൾ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്
ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു
സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ്റെ അഞ്ച് ഉദ്യോഗസ്ഥരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഡെപ്യൂട്ടി കമ്മീഷണർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, സൂപ്രണ്ടിംഗ് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ, ജൂനിയർ എഞ്ചിനീയർ എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്.