Dharmapuri Bribery: ശൈശവ വിവാഹക്കേസ് മറയ്ക്കാൻ കൈക്കൂലി; വനിതാ ഇൻസ്പെക്ടർ പിടിയിൽ
Dharmapuri Bribery Case: കരിമംഗലം തുമ്പലഹള്ളി സ്വദേശിയായ മങ്കമ്മാളിന്റെ പരാതിയിലാണ് ഇൻസ്പെക്ടർക്കെതിരായ നടപടി. മങ്കമ്മാളിൻ്റെ കൈവശം നിന്ന് പണം വാങ്ങുന്നതിനിടെയാണ് വീരമ്മാളിനെ വിജിലൻസ് സംഘം പിടികൂടിയത്. തുടർന്ന് വീരമ്മാളിന്റെ അറസ്‌റ്റ് രേഖപ്പെടുത്തുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.
ചെന്നൈ: കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ പോലീസ് സ്‌റ്റേഷനിലെ ഇൻസ്പെക്ടർ വിജിലൻസിൻ്റെ പിടിയിൽ. പാലക്കോട് വനിതാ പോലീസ് സ്‌റ്റേഷനിലെ ഇൻസ്പെക്ടർ വീരമ്മാളിനെയാണ് കൈക്കൂലി കേസിൽ ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ സംഘം അറസ്റ്റ് ചെയ്‌തത്. കരിമംഗലം തുമ്പലഹള്ളി സ്വദേശിയായ മങ്കമ്മാളിന്റെ പരാതിയിലാണ് ഇൻസ്പെക്ടർക്കെതിരായ നടപടി.
ശൈശവ വിവാഹക്കേസിലാണ് കൈക്കൂലി വാങ്ങിയത്.
മങ്കമ്മാളിന്റെ 16 വയസുള്ള മകൾ മേയ് മാസത്തിൽ സ്വന്തം ഇഷ്‌ടപ്രകാരം അതേ ഗ്രാമത്തിലുള്ള ഒരു യുവാവിനെ വിവാഹം കഴിച്ചിരുന്നു. പെൺകുട്ടി ഗർഭിണിയായതോടെ സമീപമുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ അവർ സാമൂഹികക്ഷേമ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഗർഭധാരണത്തെക്കുറിച്ച് സാമൂഹികക്ഷേമ വകുപ്പാണ് വീരമ്മാളിനെ വിവരം അറിയിച്ചത്.
Also Read: ട്രെയിനിലെ തലയിണയും പുതപ്പും ആരാണ് മോഷ്ടിക്കുന്നത്?
പിന്നീട് വീരമ്മാൾ ഇരുകുടുംബങ്ങളെയും വിളിപ്പിച്ചു. എന്നാൽ ശൈശവ വിവാഹത്തിന് കേസെടുക്കാതിരിക്കണമെങ്കിൽ 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്‌തതായാണ് മങ്കമ്മാളിന്റെ പരാതിയിൽ പറയുന്നത്. കൈക്കൂലി നൽകാൻ തയാറാകാതിരുന്ന മങ്കമ്മാൾ വിജിലൻസ് ഉദ്യോഗസ്ഥനായ ഡിഎസ്‌പി നാഗരാജുവിനെ സമീപിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് വീരമ്മാളിലെ കുടുക്കാൻ പദ്ധതിയിടുന്നത്.
ഇതനുസരിച്ച് മങ്കമ്മാൾ ഇവർക്ക് പണം കൈമാറാൻ പോലീസ് സ്റ്റേഷനിൽ എത്തി. മങ്കമ്മാളിൻ്റെ കൈവശം നിന്ന് പണം വാങ്ങുന്നതിനിടെയാണ് വീരമ്മാളിനെ വിജിലൻസ് സംഘം പിടികൂടിയത്. തുടർന്ന് വീരമ്മാളിന്റെ അറസ്‌റ്റ് രേഖപ്പെടുത്തുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.